Cricket
ഓസീസിനെതിരെ അഫ്ഗാന്റെ മധുര പ്രതികാരം; ട്വന്റി 20 ലോകകപ്പിൽ 21 റൺസ് ജയം
Cricket

ഓസീസിനെതിരെ അഫ്ഗാന്റെ മധുര പ്രതികാരം; ട്വന്റി 20 ലോകകപ്പിൽ 21 റൺസ് ജയം

Sports Desk
|
23 Jun 2024 5:03 AM GMT

അഫ്ഗാനെതിരെ തോൽവി നേരിട്ടതോടെ സെമി ഉറപ്പിക്കാൻ ഓസീസിന് ഇന്ത്യക്കെതിരെ ജയം അനിവാര്യമായി.

സെന്റ്‌വിൻസെന്റ്: ട്വന്റി 20 ലോകപ്പിലെ ജീവൻ മരണപോരാട്ടത്തിൽ ആസ്‌ത്രേലിയെ മലർത്തിയടിച്ച് അഫ്ഗാനിസ്ഥാൻ. ഏകദിന ലോകകപ്പിലേറ്റ തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിത്. നിർണായക സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിനെ 21 റൺസിനാണ് കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 149 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറിൽ 127 റൺസിന് ഓൾഔട്ടായി. ഏകദിന ലോകകപ്പിൽ ഓസീസിനെതിരെ ജയത്തിന് അരികെ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ അത്യുഗ്രൻ ഇന്നിങ്‌സിലൂടെ കങ്കാരുക്കൾ ജയം പിടിച്ചെടുക്കുകയായിരുന്നു. ടി20യിലും സമാനമായി മാക്‌സ്‌വെൽ തകർപ്പൻ പ്രകടനം പുറത്തെടുത്തെങ്കിലും വിജയതീരമടുപ്പിക്കാനായില്ല. 41 പന്തിൽ 59 റൺസുമായി മാക്‌സ്‌വെൽ വീണതോടെ ഓസീസ് പതനം പൂർണമായി. നാല് വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ താരം ഗുലാബ്ദിൻ നയിബ് കളിയിലെ താരമായി.

അഫ്ഗാനിസ്ഥാൻ ജയിച്ചതോടെ ഗ്രൂപ്പ് രണ്ടിൽ സെമി ഫൈനലിസ്റ്റുകളെ കണ്ടെത്തുക അപ്രവചനീയമായി. അവസാന മാച്ചിൽ ബംഗ്ലാദേശിനെ മികച്ച മാർജിനിൽ തോൽപിക്കാനായാൽ അഫ്ഗാന് അവസാന നാലിലേക്കെത്താം. ആസ്‌ത്രേലിയക്കെതിരായ ഇന്ത്യയുടെ അവസാന മത്സരവും നിർണായകമായി. ആദ്യ രണ്ട് മാച്ചും മികച്ച റൺറേറ്റിൽ ജയിച്ചതിനാൽ ഇന്ത്യക്ക് ഭീഷണിയില്ലെങ്കിലും ഓസീസിന് ജയം അനിവാര്യമായി. ടി20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയമാണിത്.

View this post on Instagram

A post shared by ICC (@icc)

അഫ്ഗാൻ ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസിന്റെ തുടക്കം പാളി. ഓപ്പണർ ട്രാവിസ് ഹെഡ്(0) ആദ്യ ഓവറിലും ഡേവിഡ് വാർണർ(3) മൂന്നാം ഓവറിലും മടങ്ങി. ക്യാപ്റ്റൻ മിച്ചൽ മാർഷിനെ(12) നവീൻ ഹൾ ഹഖ് മടക്കിയതോടെ പവർപ്ലെയിൽ 32-3 എന്ന നിലയിൽ വൻ തകർച്ച നേരിട്ടു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയ മാർക്കസ് സ്റ്റോയിനിസിനെ(11)യും വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡിനേയും(2) പുറത്താക്കി നയിബ് അഫ്ഗാന്റെ പ്രതീക്ഷ വർധിപ്പിച്ചു. എന്നാൽ ടൂർണമെന്റിൽ ആദ്യമായി ഫോമിലേക്കുയർന്ന ഗ്ലെൻ മാക്‌സ്‌വെൽ ഒരറ്റത്ത് നിലയുറപ്പിച്ചതോടെ മഞ്ഞപ്പടയുടെ പ്രതീക്ഷകൾക്ക് ചിറകുവെച്ചു. എന്നാൽ 15ാം ഓവറിൽ സ്‌കോർ 106ൽ നിൽക്കെ താരം മടങ്ങിയതോടെ ഓസീസ് പോരാട്ടം അവസാനിച്ചു.

അഫ്ഗാനായി ഗുൽബാദിൻ നൈബ് നാലോവറിൽ 20 റൺസിന് നാലു വിക്കറ്റെടുത്തപ്പോൾ നവീൻ ഉൾ ഹഖ് 20 റൺസിന് മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഓപ്പണർമാരായ റഹ്‌മാനുള്ള ഗുർബാസിൻറെയും (49 പന്തിൽ 60), ഇബ്രാഹിം സർദ്രാന്റേയും (48 പന്തിൽ 51) തകർപ്പൻ അർധ സെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓസീസിനായി പാറ്റ് കമിൻസ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് സ്വന്തമാക്കി.

Similar Posts