ആവേശ് ഖാനെ അടിച്ചുപറത്തി ഹോങ്കോങ്; ഷമിയെവിടെയെന്ന് ആരാധകർ
|നാലോവറിൽ 53 റൺസാണ് ആവേശ് ഖാന്‍ വിട്ടുനൽകിയത്.
ദുബൈ: ക്രിക്കറ്റിലെ കുഞ്ഞന്മാരായ ഹോങ്കോങ്ങിനെതിരെ പൊതിരെ തല്ലുവാങ്ങി ഇന്ത്യൻ പേസർ ആവേശ് ഖാൻ. ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തില്‍ നാലോവറിൽ 53 റൺസാണ് താരം വിട്ടുനൽകിയത്. ഇകോണമി റേറ്റ് 13.25. ആവേശ് എറിഞ്ഞ 24 പന്തിൽ അഞ്ചു ഫോറും ആറ് സിക്‌സറുമാണ് ഹോങ്കോങ് ബാറ്റർമാർ അടിച്ചു കൂട്ടിയത്. ഏഴു പന്തു മാത്രമേ ബൗളർക്ക് ഡോട്ട് ആക്കാനായുള്ളൂ.
ഇന്ത്യൻ പേസർമാരിൽ അർഷദീപ് സിങ് നാലോവറിൽ 44 റൺസും ഭുവനേശ്വർ കുമാർ മൂന്ന് ഓവറിൽ 15 റൺസും വഴങ്ങി. സ്പിന്നർ ചഹലാണ് ബൗളർമാരിൽ മികച്ചു നിന്നത്. നാലോവർ എറിഞ്ഞ ചഹൽ വിക്കറ്റൊന്നും നേടിയില്ലെങ്കിലും 18 റൺസ് മാത്രമാണ് വിട്ടു നൽകിയത്. 4.50 ആണ് ഇകോണമി റേറ്റ്. മുൻ ക്യാപ്റ്റൻ വിരാട് കോലിയും ഹോങ്കോങ്ങിനെതിരെ ബൗൾ ചെയ്തു. ഒരോവർ എറിഞ്ഞ താരം ആറു റൺസാണ് വിട്ടുകൊടുത്തത്.
പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിൽ പുറത്തെടുത്ത ഭേദപ്പെട്ട പ്രകടനത്തിന് ശേഷമാണ് ആവേശ് ഖാൻ ഹോങ്കോങ്ങിനെതിരെ അടി വാങ്ങിയത്. പാകസ്താനെതിരെ രണ്ട് ഓവറിൽ 19 റൺസാണ് താരം വഴങ്ങിയത്.
ബൗളർമാർ അടി വാങ്ങിക്കൂട്ടിയതോടെ സെലക്ഷൻ കമ്മിറ്റിയെ പഴിച്ച് ആരാധകർ രംഗത്തെത്തി. മുഹമ്മദ് ഷമിയെ എന്തു കൊണ്ടാണ് ടീമിലെടുക്കാതിരുന്നത് എന്നാണ് ആരാധരുടെ പ്രധാന ചോദ്യം. ക്രിക്കറ്റ് അനാലിസ്റ്റ് ആകാശ് ചോപ്ര അടക്കമുള്ളവർ ഈ ചോദ്യം ഉന്നയിച്ചു. ആസ്ത്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഷമി തീർച്ചയായും ടീമിൽ ഉണ്ടാകണമെന്ന് മുൻ താരം മദൻ ലാൽ അടക്കമുള്ളവർ അഭിപ്രായപ്പെട്ടു.
'ഷമി നിർബന്ധമായും ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകണം. ബുംറ കഴിഞ്ഞാൽ നമ്മുടെ ഏറ്റവും മികച്ച ബൗളറാണ് അദ്ദേഹം. വിക്കറ്റെടുക്കുന്ന ബൗളറാണ് വേണ്ടത്. റൺസ് തടയുന്നവർ വേണ്ട. ബാറ്റർമാർക്ക് ഈ ഫോർമാറ്റിൽ കൂടുതൽ റൺസ് നേടാൻ കഴിയും. റൺസിന്റെ ഒഴുക്ക് തടയണമെങ്കിൽ വിക്കറ്റുകൾ വീഴണം. ഷമിയെ തെരഞ്ഞെടുക്കാതിരുന്നാല്‍ ഇന്ത്യൻ സെലക്ടർമാർ വലിയ അബദ്ധമാകും ചെയ്യുക.' - മദൻലാൽ പറഞ്ഞു.
ഹോങ്കോങ്ങിനെ 40 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഹോങ്കോങ്ങിന് മുന്നിൽ ഇന്ത്യ 193 റൺസിൻറെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് നേടാനേ ഹോങ്കോങ്ങിന് കഴിഞ്ഞുള്ളൂ. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോർ ഉറപ്പിച്ചു. നേരത്തെ ആദ്യ മത്സരത്തിൽ പാകിസ്താനെ ഇന്ത്യ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചിരുന്നു.