വിരാട് കോഹ്‌ലിയുടെ ഈ റെക്കോർഡ് മറികടന്ന് പാക് ക്യാപ്റ്റൻ
|അഞ്ച് വിക്കറ്റിന് അഫ്ഗാനിസ്താനെ തോൽപ്പിച്ച ഇന്നലത്തെ മത്സരത്തിൽ 45 പന്തിൽ 51 റൺസാണ് ബാബർ അസം എടുത്തത്.
പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് ടൂർണമെന്റിൽ ഉടനീളം കാഴ്ചവെക്കുന്നത്. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ അദ്ദേഹം തന്റെ പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കി. ടി 20 ക്രിക്കറ്റിൽ വേഗത്തിൽ ആയിരം റൺസ് തികക്കുന്ന ക്യാപ്റ്റനെന്ന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ റെക്കോർഡ് ഇന്നലെ നടന്ന മത്സരത്തിൽ അദ്ദേഹം മറികടന്നു.
അഞ്ച് വിക്കറ്റിന് അഫ്ഗാനിസ്താനെ തോൽപ്പിച്ച ഇന്നലത്തെ മത്സരത്തിൽ 45 പന്തിൽ 51 റൺസാണ് ബാബർ അസം എടുത്തത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഈ നേട്ടം കൈവരിക്കാൻ 30 മത്സരങ്ങൾ വേണ്ടി വന്നപ്പോൾ 26 മത്സരങ്ങളിൽ നിന്നാണ് ബാബർ ആയിരം റൺസ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് ( 31 മത്സരങ്ങൾ ), ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ( 32 മത്സരങ്ങൾ ), ന്യൂസിലാൻഡിന്റെ കൈൻ വില്യംസൺ (36 മത്സരങ്ങൾ ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള മറ്റ് താരങ്ങൾ.
ഈ ടി.20 ലോകകപ്പിൽ പാകിസ്താന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണ് ഇന്നലെ ദുബൈയിൽ അഫ്ഗാനിസ്താനെതിരെ നേടിയത്.