പ്രകടനത്തിൽ കോഹ്‌ലിക്കും മുകളിൽ; കരുതിയിരിക്കണം ബാബർ അസമിനെ
|'ചരിത്രം ചരിത്രമാണ്. ഈ കളിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും' എന്ന് ബാബർ പറയുമ്പോൾ അതിൽ ചില കാര്യങ്ങളുണ്ട്
ദുബൈ: ഇന്ത്യയ്‌ക്കെതിരെയുള്ള ടി20 പോരാട്ടങ്ങൾ പാകിസ്താന് അത്ര സുഖകരമായ ഓർമയല്ല. മുഖാമുഖം വന്ന എട്ടു പോരാട്ടങ്ങളിൽ ഏഴിലും ജയിച്ചത് ഇന്ത്യ. വിജയനിരക്ക് 87%. അതുമാത്രമല്ല, കഴിഞ്ഞ നാല് ടി20കളിലും ജയം ഇന്ത്യയ്‌ക്കൊപ്പമാണ്. എന്നാൽ അതു ചരിത്രമല്ലേ എന്ന് പറയുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം.
'ഇത് ലോകകപ്പാണ്. കളിയെ ലളിതമായി എടുക്കാനാകില്ല. ചരിത്രം ചരിത്രമാണ്. ഈ കളിയിൽ ഞങ്ങൾ ഇന്ത്യയെ തോൽപ്പിക്കും' എന്ന് ബാബർ പറയുമ്പോൾ അതിൽ ചില വസ്തുതകളുമുണ്ട്.
ബാബറെ കരുതിയിരിക്കണം
ഒരു ടീമെന്ന നിലയിൽ പ്രതിഭാ ധാരാളിത്തം കൊണ്ട് സമ്പന്നമാണ് ഇന്ത്യ. എന്നാൽ ബാബർ അസം എന്ന ക്യാപ്റ്റനാണ് പാകിസ്താന്റെ തുറുപ്പുചീട്ട്. ടി20യിലെ ലോക രണ്ടാം നമ്പർ ബാറ്റ്‌സ്മാനാണ് ബാബർ. യുഎഇയിൽ കളിച്ച വിശാലമായ അനുഭവ സമ്പത്തും താരത്തിന് സ്വന്തം. ദുബൈ സ്റ്റേഡിയത്തിലെ ഒരു കളി പോലും ബാബർ തോറ്റിട്ടുമില്ല!
2019ന് ശേഷം 35 ടി20 കളികളിൽ നിന്ന് 1173 റൺസാണ് പാക് ക്യാപ്റ്റൻ അടിച്ചുകൂട്ടിയിട്ടുള്ളത്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ എന്നു കരുതപ്പെടുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കും മുകളിലാണ് ഇക്കാര്യത്തിൽ ബാബർ. കോഹ്‌ലി 25 കളികളിൽ നിന്ന് 992 റൺസാണ് നേടിയത്. ബാബറിന്റെ പേരിൽ ഒരു സെഞ്ച്വറിയും 11 അർധ സെഞ്ച്വറിയുമുണ്ട്. കോഹ്‌ലിക്ക് ഒമ്പത് അർധ സെഞ്ച്വറികള്‍.
ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നേതൃത്വം നൽകുന്ന പേസ് ഡിപ്പാർട്‌മെന്റ് ബാബറിനെ തുടക്കത്തിൽ തന്നെ പുറത്താക്കിയാൽ കളിയിൽ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ മേൽക്കൈ നേടാം. എന്നാൽ അതത്ര എളുപ്പമല്ലെന്നാണ് കണക്കുകള്‍.
ബാബറിന് പുറമേ, പരിചയ സമ്പന്നരായ മുഹമ്മദ് ഹഫീസും മുഹമ്മദ് റിസ്‌വാനും പാക് നിരയിലുണ്ട്. ഇടങ്കയ്യൻ പേസർ ഷഹീൻ അഫ്രീദിയെയും മീഡിയം പേസർ ഹസൻ അലിയെയും കരുതിയിരിക്കണം. ഷഹീൻ അഫ്രീദിയും രോഹിത് ശർമ്മയും തമ്മിലുള്ള പോരും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ശരാശരിയിലും താഴെയുള്ള ഫീഡിൽഡിങ്ങാണ് പാകിസ്താന്റെ ശാപം. മികച്ച സ്പിന്നർമാരുമില്ല.
സന്തുലിതം ഇന്ത്യ
ടി20 ലോകകപ്പിൽ ഇന്ത്യയെപ്പോലെ സന്തുലിതമായ ടീമില്ല. ക്യാപ്റ്റൻ വിരാട് കോലിയും ഹിറ്റർ രോഹിത് ശർമ്മയും നേതൃത്വം നൽകുന്ന ബാറ്റിങ് നിര. കെഎൽ രാഹുലും റിഷഭ് പന്തുമെല്ലാം മികച്ച ഫോമിലാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡെത്ത് ബൗളറായ ജസ്പ്രീത് ബുംറ പേസ് ഡിപ്പാർട്‌മെന്റിനെ നയിക്കുന്നു. മിസ്റ്ററി സ്പിന്നറായ വരുൺ ചക്രവർത്തി ഇന്നത്തെ ടീമിൽ ഇടംപിടിക്കും.
ഇതിനു പുറമേ, ടീമിന് തന്ത്രങ്ങളോതാൻ രവി ശാസ്ത്രിക്കു പുറമേ, പോരാട്ടങ്ങൾ ഏറെക്കണ്ട മഹേന്ദ്ര സിങ് ധോണിയും ടീമിനൊപ്പമുണ്ട്. ഹാർദിക് പട്ടേലിന് ആറാം ബൗളറായി പന്തെറിയാനാകില്ലെങ്കിൽ അത് തിരിച്ചടിയുണ്ടാക്കിയേക്കും. മികച്ച ഫിനിഷർ കൂടിയായ ഹാർദികിനെ കളിപ്പിക്കുമെന്നാണ് കോഹ്‌ലി വ്യക്തമാക്കിയിട്ടുള്ളത്.
പാകിസ്തിനെതിരെ ഇന്ത്യൻ നായകന്റെ മികച്ച ഫോമിലും ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്. ടി20യിൽ പാകിസ്താനെതിരെ 84.66 ആണ് കോഹ്‌ലിയുടെ സ്‌ട്രൈക്ക് റേറ്റ്. ആറ് ഇന്നിങ്‌സുകളിൽ നിന്ന് 254 റൺസാണ് താരം അടിച്ചുകൂട്ടിയിട്ടുള്ളത്.
ഇന്ത്യ സാധ്യതാ ഇലവൻ: കെഎൽ രാഹുൽ, രോഹിത് ശർമ്മ, വിരാട് കോലി, സൂര്യകുമാർ യാദവ്/ഇഷാൻ കിഷൻ, റിഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശ്രാദ്ധുൽ ഠാക്കൂർ, ഭുവനേശ്വർ കുമാർ/മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി/ആർ ചഹാർ/ആർ അശ്വിൻ, ജസ്പ്രീത് ബുംറ.
പാകിസ്താൻ സാധ്യതാ ഇലവൻ: ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഫഖർ സമാൻ, ഹൈദർ അലി, മുഹമ്മദ് ഹഫീസ്, ഷുഹൈബ് മാലിക്, ആസിഫ് അലി, ഷദാബ് ഖാൻ, ഇമാദ് വാസിം, ഹസൻ അലി, ഷഹീൻ അഫ്രീദി, ഹാരിസ് റഊഫ്.