Cricket
Pakistans miserable performance in ODI World Cup: Babar Azam steps down as captain
Cricket

ലോകകപ്പിൽ പാകിസ്താന്റെ ദയനീയ പ്രകടനം: ബാബർ അസം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു

Sports Desk
|
15 Nov 2023 2:48 PM GMT

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമുള്ള നായകസ്ഥാനം ഒഴിഞ്ഞു

ഏകദിന ലോകകപ്പിൽനിന്ന് പാകിസ്താൻ പുറത്തായതിനെ തുടർന്ന് ബാബർ അസം ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞു. സ്ഥാനമൊഴിയുന്ന കാര്യം ബാബർ തന്നെയാണ് എക്‌സ് അക്കൗണ്ടിലൂടെ അറിയിച്ചത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമുള്ള നായകസ്ഥാനം ഒഴിയുന്നതായും തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതാണെങ്കിലും ഇതാണ് യഥാർത്ഥ സമയമെന്നും ട്വീറ്റിൽ പറഞ്ഞു. എന്നാൽ മൂന്നു ഫോർമാറ്റിലും താരമായി പാകിസ്തന് വേണ്ടി കളിക്കുമെന്നും പുതിയ നായകന് പരിപൂർണ പിന്തുണ നൽകുമെന്നും ബാബർ വ്യക്തമാക്കി. ഈ ഉത്തരവാദിത്തം നൽകിയ പിസിബിക്ക് നന്ദി പറയുന്നുവെന്നും ട്വീറ്റ് ചെയ്തു.

2019ലാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് തന്നെ നായകനായി തിരഞ്ഞെടുത്തതെന്നും കഴിഞ്ഞ നാലു വർഷം കളത്തിൽ നിരവധി ഉയർച്ച താഴ്ച്ചകൾ അനുഭവിച്ചെന്നും ബാബർ എക്‌സിൽ കുറിച്ചു. എല്ലായിപ്പോഴും ക്രിക്കറ്റ് ലോകത്ത് പാകിസ്താന്റെ പേരും പെരുമയും കാത്തുസൂക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം എഴുതി. വൈറ്റ് ബോൾ ക്രിക്കറ്റിൽ പാക് ടീം ഒന്നാം സ്ഥാനത്തെത്തിയത് താരങ്ങളുടെയും കോച്ചുമാരുടെയും മാനേജ്‌മെൻറിന്റെയും സംയുക്ത പരിശ്രമത്തിന്റെ ഫലമായിരുന്നുവെന്നും വ്യക്തമാക്കി.

ലോകകപ്പിൽ പാകിസ്താന്റെ ദയനീയ പ്രകടനത്തെ തുടർന്ന് താരത്തിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. വിശ്വകിരീടത്തിൽ മുത്തമിടാനാണ് ഇന്ത്യയിലേക്ക് വരുന്നതെന്നാണ് ലോകകപ്പിന് തൊട്ട് മുമ്പ് പാക് നായകൻ ബാബർ അസം പറഞ്ഞിരുന്നത്. എന്നാൽ ലോകകപ്പിൽ ബാബർ അസമിന്റെ കണക്കു കൂട്ടലുകളെല്ലാം തകർന്നടിഞ്ഞു. തോൽവികളോടെ തുടങ്ങിയ പാകിസ്താൻ അഫ്ഗാനിസ്ഥാന് മുന്നിൽ വരെ നിലംപരിശായി.

അവസാനത്തേതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിൽ ബംഗ്ലാദേശിനോടും കിവീസിനോടും നേടിയ വിജയങ്ങൾ പാകിസ്താന് ഒരൽപമെങ്കിലും സാധ്യതകൾ അവശേഷിപ്പിച്ചിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോടും പരാജയപ്പെട്ട് പാക് പട മടക്കടിക്കറ്റെടുത്തു. ലോകകപ്പ് പോയിൻറ് പട്ടികയിൽ എട്ട് പോയിൻറുമായി അഞ്ചാം സ്ഥാനത്താണ് പാകിസ്താൻ. ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് വിജയവും അഞ്ച് തോൽവിയുമാണ് ടീമിന്റെ സമ്പാദ്യം. ഒമ്പത് കളികളിൽ നിന്ന് 320 റൺസാണ് ലോകകപ്പിൽ ബാബറിന്റെ സമ്പാദ്യം. നാല് അർധ സെഞ്ച്വറികളാണ് പാക് ക്യാപ്റ്റന്റെ ബാറ്റിൽ നിന്ന് പിറവിയെടുത്തത്.

മോശം പ്രകടനത്തിന് പിറകേ ടീമിലെ മുഴുവൻ വിദേശ പരിശീലകരേയും പിരിച്ചുവിടാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഒരുങ്ങിയതായും വാർത്തയുണ്ടായിരുന്നു. പാകിസ്താനിലെ പ്രമുഖ ചാനലായ സമാ ടി.വിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. മുഖ്യ പരിശീലകൻ ഗ്രാന്റ് ബ്രാഡ് ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ, ബാറ്റിങ് കോച്ച് ആൻഡ്ര്യൂ പുട്ടിക്ക് എന്നിവരെ ടീം ഉടൻ തന്നെ പിരിച്ചു വിട്ടേക്കും. മുൻ പാക് നായകൻ യൂനിസ് ഖാനുമായി പി.സി.ബി തലവൻ സാക അഷ്‌റഫ് ഉടൻ ഒരു അടിയന്തര യോഗം ചേരുമെന്നും തീരുമാനം അറിയിക്കുമെന്നും സാക ടി.വി റിപ്പോർട്ട് ചെയ്തിരുന്നു. നേരത്തേ ബോളിങ് കോച്ച് മോർണി മോർക്കൽ സ്ഥാനം രാജിവക്കുന്നതായി അറിയിച്ചിരുന്നു. ഈ ഒഴിവിലേക്ക് മുൻ പാക് ബോളർ ഉമർ ഗുൽ എത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Pakistan's miserable performance in ODI World Cup: Babar Azam steps down as captain

Similar Posts