ബാബർ അസമിന്റെ വാർഷിക ശമ്പളം സഞ്ജുവിന് കിട്ടുന്നതിന്റെയും പകുതി
|ബാബര്‍ അസം നേടുന്നതിനെക്കാള്‍ 12 മടങ്ങ് കൂടുതലാണ് കോഹ്‌ലിയുടെ വാർഷിക ശമ്പളം!
മുംബൈ: 2023ലെ പുരുഷ ക്രിക്കറ്റ് താരങ്ങൾക്കുള്ള പുതുക്കിയ കരാര്‍ അടുത്തിടെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ നായകന്‍ വിരാട് കോഹ്‌ലി ഏറ്റവും മികച്ച 'എ പ്ലസ്' വിഭാഗത്തിൽ തന്നെ സ്ഥാനം നിലനിര്‍ത്തി. പ്രതിവർഷം 7 കോടിയാണ് കോഹ്‌ലിയുടെ ശമ്പളം. അതായത് പാക് നായകന്‍ ബാബര്‍ അസം നേടുന്നതിനെക്കാള്‍ 12 മടങ്ങ് കൂടുതലാണ് കോഹ്‌ലിയുടെ വാർഷിക ശമ്പളം!
സമകാലിക ക്രിക്കറ്റില്‍ മികച്ച ബാറ്റര്‍മാരായാണ് ഇരുവരെയും വിലയിരുത്തപ്പെടുന്നത്. എന്നിട്ടും ശമ്പളത്തോത് നോക്കുകയാണെങ്കില്‍ ബാബറിന് നന്നെ കുറവ്. അടുത്തിടെ 2022/23 വര്‍ഷത്തേക്കുള്ള കരാര്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും(പി.സി.ബി) പുറത്തുവിട്ടിരുന്നു. കരാര്‍ പ്രകാരം പ്രതിമാസം 1.25 മില്യണ്‍ പാകിസ്ഥാൻ രൂപയാണ് ബാബറിന് ലഭിക്കുക. ഇത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുകയാണെങ്കില്‍ വര്‍ഷത്തില്‍ നാല്‍പത്തിമൂന്ന് ലക്ഷത്തി അമ്പതിനായിരം രൂപ(43,50,000)യാണ്. അതായത് പുതിയ കരാർ പ്രകാരം കോഹ്‌ലി ഉണ്ടാക്കുന്നതിനേക്കാൾ 12 മടങ്ങ് കുറവാണിത്. ദേശീയ മാധ്യമങ്ങളൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
മറ്റൊരു കൗതുകം ബി.സി.സി.ഐയടെ കരാറില്‍ 'സി' കാറ്റഗറിയിലുള്ള താരങ്ങള്‍ വാങ്ങുന്നതിനെക്കാളും വളരെ കുറവാണ് പി.സി.ബിയുടെ കരാറില്‍ ഉന്നത സ്ഥാനത്തുള്ള പാകിസ്താന്‍ കളിക്കാര്‍ വാങ്ങുന്നത്. ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്.ഭരത് എന്നിവരാണ് 'സി' കാറ്റഗറിയിലെ ഇന്ത്യന്‍ കളിക്കാര്‍. ഒരു കോടിയാണ് ഇവരുടെ ശമ്പളം. അതേസമയം മുഹമ്മദ് റിസ്‌വാൻ, ഷഹീൻ ഷാ അഫ്രീദി, ഇമാം ഉൾ ഹഖ്, ഹസൻ അലി എന്നിവരാണ് ബാബര്‍ അസമിനെക്കൂടാതെ പാകിസ്താന്‍ ക്രിക്കറ്റിലെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന താരങ്ങള്‍.
രവീന്ദ്ര ജഡേജ, വിരാട് കോഹ്‌ലി, ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരാണ് മുൻനിര വിഭാഗത്തിലുള്ളത്. ഗ്രേഡ് 'എ' വിഭാഗത്തിലുള്ള ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവർക്ക് അഞ്ച് കോടിയോളം ലഭിക്കും. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും ഉറപ്പായും അവസരം ലഭിക്കുന്നവരെയാണ് 'എ പ്ലസ്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'എ' വിഭാഗത്തിൽ ടെസ്റ്റിലും ഏകദിനത്തിനും ഉറപ്പുള്ളവരും. ലിമിറ്റഡ് ഓവർ ക്രിക്കറ്റിനായി പരിഗണിക്കപ്പെടുന്നവരെയാണ് 'ബി' കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.