'മാതാവ് വെന്റിലേറ്ററിലായിരുന്നു, വേദന കടിച്ചമർത്തിയാണ് ബാബർ കളിച്ചത്'; പിതാവിന്‍റെ വെളിപ്പെടുത്തൽ
|തുടർച്ചയായ മൂന്നു ജയവുമായി സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചിരിക്കുകയാണ് പാകിസ്താൻ
കറാച്ചി: ടി 20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താനെ ജയത്തിലേക്ക് നയിക്കുമ്പോൾ ബാബർ അസമിന്റെ മാതാവ് വെന്റിലേറ്ററിലായിരുന്നു എന്ന് വെളിപ്പെടുത്തൽ. പിതാവ് അസം സിദ്ദീഖി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയ്‌ക്കെതിരെ പുറത്താകാതെ 68 റൺസ് നേടിയ നായകന്‍ പാക് വിജയത്തിന്റെ നെടുന്തൂണായിരുന്നു.
ലോകകപ്പിലെ ആദ്യ മൂന്നു മത്സരവും ബാബർ കളിച്ചത് അതീവ വേദനയോടെയാണ് എന്നാണ് ഇൻസ്റ്റ്ഗ്രാം കുറിപ്പിൽ അസം സിദ്ദീഖി പറയുന്നത്. 'ഈ സമയത്ത് രാജ്യം സത്യമറിയണം. മൂന്നു കളിയിലും ജയിച്ച നിങ്ങൾക്ക് അഭിനന്ദനങ്ങൾ. എന്നാല്‍ ഞങ്ങളുടെ കുടുംബം വലിയ പരീക്ഷണത്തിലായിരുന്നു. ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരത്തിന്റെ അന്ന് ബാബറുടെ ഉമ്മ വെന്റിലേറ്ററിലായിരുന്നു.' - ഇൻസ്റ്റഗ്രാമിൽ സിദ്ദീഖി കുറിച്ചു.
'മൂന്നു മത്സരവും ദുഃഖം ഉള്ളിലൊതുക്കിയാണ് ബാബർ കളിച്ചത്. ഞാൻ കളി കാണാൻ വരണമെന്ന് കരുതിയതല്ല. ബാബറിന് കരുത്തു കിട്ടാനാണ് ഞാനിവിടെ വന്നത്. ദൈവാനുഗ്രത്താൽ അവൻ ഫോമിലാണ്. ദേശീയ ഹീറോകളെ കാരണം കൂടാതെ വിമർശിക്കരുത് എന്നതു കൊണ്ടാണ് ഞാനിക്കാര്യങ്ങള്‍ പറയുന്നത്' - സിദ്ദീഖി കൂട്ടിച്ചേർത്തു.
തുടർച്ചയായ മൂന്നു ജയവുമായി സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചിരിക്കുകയാണ് പാകിസ്താൻ. ചൊവ്വാഴ്ച നമീബിയക്കെതിരെയാണ് പാകിസ്താന്റെ അടുത്ത മത്സരം.
കോലിയുടെ റെക്കോർഡ് മറികടന്ന് അസം
കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ടി 20 ലോകകപ്പിൽ ബാബർ അസം കാഴ്ചവെക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തോടെ അദ്ദേഹം പുതിയൊരു നേട്ടം കൂടി കരസ്ഥമാക്കി. ടി 20 ക്രിക്കറ്റിൽ വേഗത്തിൽ ആയിരം റൺസ് തികക്കുന്ന ക്യാപ്റ്റനെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റെക്കോർഡാണ് ബാബർ മറികടന്നത്.
കോഹ്ലിക്ക് ഈ നേട്ടം കൈവരിക്കാൻ 30 മത്സരങ്ങൾ വേണ്ടി വന്നപ്പോൾ 26 മത്സരങ്ങളിൽ നിന്നാണ് ബാബർ ആയിരം റൺസ് തികച്ചത്. ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് (31 മത്സരങ്ങൾ), ആസ്‌ട്രേലിയയുടെ ആരോൺ ഫിഞ്ച് ( 32 മത്സരങ്ങൾ), ന്യൂസിലാൻഡിന്റെ കൈൻ വില്യംസൺ (36 മത്സരങ്ങൾ) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഉള്ള മറ്റ് താരങ്ങൾ.