Cricket
അഞ്ച് മത്സരം, 368 റൺസ്: ഇത് തനി എബിഡി, പണം വാരി എറിയാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ
Cricket

അഞ്ച് മത്സരം, 368 റൺസ്: ഇത് തനി എബിഡി, പണം വാരി എറിയാൻ ഐപിഎൽ ഫ്രാഞ്ചൈസികൾ

Web Desk
|
2 Feb 2022 5:45 AM GMT

അണ്ടർ 19 ലോകകപ്പിൽ ടോപ് സ്‌കോറർ കൂടിയായ ബ്രെവിസ് അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 368 റൺസാണ് നേടിയത്. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില.

ഐ.പി.എൽ മെഗാലേലത്തിനുള്ള ചുരുക്കപട്ടിക പുറത്തുവിട്ടപ്പോൾ ശ്രദ്ധേയമായത് ദക്ഷിണാഫ്രിക്കയുടെ അണ്ടർ 19 താരം ഡെവാൾഡ് ബ്രെവിസ്. അണ്ടർ 19 ലോകകപ്പിൽ ടോപ് സ്‌കോറർ കൂടിയായ ബ്രെവിസ് അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ 368 റൺസാണ് നേടിയത്. 90ന് മുകളിലാണ് ബാറ്റിങ് ശരാശരി. 20 ലക്ഷമാണ് താരത്തിന്റെ അടിസ്ഥാന വില.

ബാറ്റിങിൽ എബി ഡിവില്ലിയേഴ്‌സിനെ ഓർമിപ്പിക്കുന്ന പ്രകടനമാണ് ബ്രെവിസിന്റേത്. എബിഡിയുടെ ലൂപ്പ് ഷോട്ട്, സ്‌കൂപ്പ്, സ്വിച്ച് ഹിറ്റ്, റിവേഴ്‌സ് സ്വീപ്പ് എന്നിവയെല്ലാം കാണുമ്പോൾ ഡിവില്ലിയേഴ്‌സാണോ ബാറ്റ് ചെയ്യുന്നതെന്ന് തോന്നിപ്പോകും. അതിനാൽ തന്നെ ബ്രെവിസിനായി ലേലം പൊടിപൊടിക്കുമെന്ന് ഉറപ്പാണ്. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ 65 റണ്‍സെടുത്ത ഇന്നിങ്‌സാണ് ബ്രെവിസിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമാക്കിയത്. ഷോട്ടുകള്‍ കളിക്കുന്നതിലും ശരീരഭാഷയിലുമെല്ലാം ഡിവില്ലിയേഴ്സിനെ ഓര്‍മിപ്പിക്കുകയാണ് ബ്രെവിസ്. 'ബേബി എ ബി' എന്നാണ് ബ്രെവിസ് ഇപ്പോള്‍ അറിയപ്പെടുന്നത് തന്നെ.

അതേസമയം ഡിവില്ലിയേഴ്സ് നിറഞ്ഞാടിയ ബംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സ് തന്നെ ബ്രെവിസിനെ സ്വന്തമാക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം നോക്കുന്നത്. എന്നാല്‍ കഴിഞ്ഞ സീസണോടെ ഡിവില്ലിയേഴ്സ് ഐപിഎല്‍ മതിയാക്കിയിരുന്നു. തന്റെ കടുത്ത ആരാധകന്‍ കൂടിയായ ബ്രെവിസിന് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ക്രിക്കറ്റ് പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതും ഡിവില്ലിയേഴ്‌സാണ് എന്നതാണ് മറ്റൊരു കൗതുകം. ഡിവില്ലിയേഴ്‌സിന്റെ ജേഴ്‌സി നമ്പറായിരുന്ന 17 തന്നെയാണ് ബ്രെവിസും ഉപയോഗിക്കുന്നത്. ലെഗ് സ്പിന്നര്‍ കൂടിയാ ബ്രെവിസ് ലോകകപ്പില്‍ ആറു വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക പുറത്തുവിട്ടപ്പോള്‍ 590 താരങ്ങളാണ് ഇടംപിടിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തിയതികളിലാണ് ലേലം നടക്കുക. 590 കളിക്കാരില്‍ 228 പേര്‍ കാപ്പ്ഡ് കളിക്കാരും 355 പേര്‍ അണ്‍കാപ്പ്ഡ് കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളായ ടീമുകളില്‍ നിന്ന് ഏഴ് പേരും ലേലപട്ടികയില്‍ ഇടംപിടിച്ചു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്.


Similar Posts