ചെന്നൈയെ രക്ഷിക്കാൻ ചാഹറും ഇല്ല: ഈ സീസൺ നഷ്ടമാകുമെന്ന് റിപ്പോർട്ട്
|തുടര്‍തോല്‍വികളില്‍ പതറുന്ന ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് ദീപക് ചാഹറിന്റെ പരിക്ക്.
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന താരങ്ങളിലൊരാളായ ദീപക് ചാഹറിന് ഈ സീസണ്‍ നഷ്ടമാകും. തുടര്‍തോല്‍വികളില്‍ പതറുന്ന ചെന്നൈക്ക് കനത്ത തിരിച്ചടിയാണ് ദീപക് ചാഹറിന്റെ പരിക്ക്.
ഏപ്രിൽ രണ്ടാംവാരം മുതൽ സിഎസ്‌കെയ്‌ക്കായി ചാഹർ കളിക്കുമെന്നായിരുന്നു നേരത്തെ കരുതിയിരുന്നത്. എന്നാല്‍ താരത്തിന് വീണ്ടും പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ചെന്നൈ 14 കോടിക്ക് സ്വന്തമാക്കിയിരുന്ന ചാഹര്‍.
ഫാസ്റ്റ്ബൗളിങ് ഓൾറൗണ്ടറിന്‍റെ അസാന്നിധ്യത്തിൽ ടൂർണമെന്‍റ് തുടങ്ങിയ ചെന്നൈയ്ക്ക് ആദ്യ നാല് മത്സരങ്ങളിലും ജയിക്കാനായിരുന്നില്ല. വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്‍റി 2-0 പരമ്പരയ്ക്കിടെ പരിക്കേറ്റ ചാഹർ ഒരുമാസത്തിലേറെയായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. പുറംവേദന അനുഭവപ്പെട്ട ചാഹര്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇതുവരെ ഈ സീസണില്‍ ചാഹറിന് കളിക്കാനായിട്ടില്ല.
ഇക്കുറി സിഎസ്‌കെയുടെ പല തോല്‍വിക്കും കാരണമായത് മികച്ച പേസ് ബൗളറുടെ അഭാവമാണ്. ചാഹര്‍ തിരിച്ചെത്തുന്നതോടെ ടീം വിജയവഴിയിലേക്കും എത്തുമെന്നായിരുന്നു ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.പേശിവലിനെ തുടര്‍ന്ന് വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കിടയിലാണ് ചാഹര്‍ ചികിത്സ തേടുന്നത്. പിന്നീട് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയും നഷ്ടമായി.ചാഹറിന്റെ വരവ് ഇല്ലാതായതോടെ സിഎസ്‌കെ മറ്റൊരു കളിക്കാരനെ പകരക്കാരനാക്കിയേക്കും.
നാലു കളികളിലും നാലിലും തോറ്റ സിഎസ്‌കെ കരുത്തരായ ആര്‍സിബിയെ ചൊവ്വാഴ്ച നേരിടാനിറങ്ങുകയാണ്. രവീന്ദ്ര ജഡേജ സ്ഥാനം ഏറ്റെടുത്തശേഷം ആദ്യ ജയം നേടാമെന്ന പ്രതീക്ഷയിലാണ് സിഎസ്‌കെ.
Summary- Back injury puts further question mark over Deepak Chahar's IPL return