'വേണ്ടിയിരുന്നില്ല'; രോഹിത് അല്ല ഇനി കാർത്തിക്ക്, മോശം റെക്കോർഡ്
|ഇടങ്കയ്യൻ പേസർ യാഷ് ദയാലാണ് ഗുജറാത്തിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തികിനെ പുറത്താക്കിയത്
ബംഗളൂരു: ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ഡക്ക് ആകുന്ന ബാറ്ററായി ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് താരം ദിനേശ് കാർത്തിക്. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയുടെ പേരിലായിരുന്നു ഇങ്ങനെയൊരു മോശം റെക്കോർഡ്. അതാണിപ്പോൾ ദിനേശ് കാർത്തിക് സ്വന്തം പേരിലാക്കിയത്.
ഇടങ്കയ്യൻ പേസർ യാഷ് ദയാലാണ് ഗുജറാത്തിനെതിരായ മത്സരത്തില്‍ ദിനേശ് കാര്‍ത്തികിനെ പുറത്താക്കിയത്. ഇതോടെ 17ാം തവണയാണ് കാര്‍ത്തിക് പൂജ്യത്തിന് പുറത്താകുന്നത്. 16 തവണ പുറത്തായ രോഹിത് ശര്‍മ്മയുടെ പേരിലായിരുന്നു ഇങ്ങനെയൊരു നാണക്കേട്. 15 ഡക്ക് വീതമുള്ള മൻദീപ് സിംഗ്, സുനിൽ നരെയ്ൻ എന്നിവരാണ് പട്ടികയിൽ തൊട്ടുപിന്നാലെയുള്ളത്.
അതേസമയം കാർത്തികിന് ഈ സീസൺ സമ്മാനിക്കുന്നത് അത്ര സുഖമുള്ള ഓർമയല്ല. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ടീമിൽ കയറിപ്പറ്റിയ കാർത്തികിന് ആ ഫോം പിന്നീടങ്ങോട്ട് തുടരാനായിരുന്നില്ല. മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തിൽ നേടിയത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ്. മറുപടി ബാറ്റിങിൽ ഗുജറാത്ത് 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. ഗുജറാത്തിനായി ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. 52 പന്തിൽ നിന്നായിരുന്നു ഗില്ലിന്റെ സെഞ്ച്വറി. 35 പന്തിൽ 53 റൺസെടുന്ന വിജയ് ശങ്കറും കരുത്ത്കാട്ടി.
ഐ.പി.എൽ 16ാം സീസണിന്റെ പ്ലേ ഓഫ് ലൈനപ്പായി. അവസാന ലീഗ് മത്സരത്തിൽ ബാംഗ്ലൂർ പരാജയപ്പെട്ടതോടെയാണ് മുംബൈ അവസാന നാലിൽ ഇടം പിടിച്ചത്. ആദ്യ ക്വാളിഫയറിൽ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് രണ്ടാം സ്ഥാനക്കാരായ ചെന്നൈയെ നേരിടും. എലിമിനേറ്ററിൽ മുംബൈയാണ് ലക്‌നൗവിന്റെ എതിരാളികൾ. ആദ്യ ക്വാളിഫെയറിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനൽ യോഗ്യത നേടും. പരാജയപ്പെടുന്ന ടീമിന് ഫൈനൽ കളിക്കാൻ ഒരവസരം കൂടിയുണ്ട്. 24ന് നടക്കുന്ന എലിമിനേറ്ററിലെ വിജയികളെ 26ന് രണ്ടാം ക്വാളിഫയറിൽ നേരിടാം. ഇതിൽ വിജയിക്കുന്നവർ ഫൈനലിന് യോഗ്യത നേടും. മേയ് 29നാണ് ആവേശകരമായ ഫൈനൽ.