Cricket
അങ്ങനെ അതും സംഭവിച്ചു: വിൻഡീസിനെതിരായ പരമ്പര ഇന്ത്യ കൈവിട്ടപ്പോൾ...
Cricket

'അങ്ങനെ അതും സംഭവിച്ചു: വിൻഡീസിനെതിരായ പരമ്പര ഇന്ത്യ കൈവിട്ടപ്പോൾ...

Web Desk
|
14 Aug 2023 1:17 PM GMT

വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് - ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ടി20 പരമ്പര കൈവിട്ടത്

ഫ്ളോറിഡ: വെസ്റ്റ്ഇന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കൈവിട്ടതോടെ ഇന്ത്യക്ക് ഏതാനും മോശം റെക്കോര്‍ഡുകള്‍. കഴിഞ്ഞ 25 മാസത്തിനിടെ ഒരു ടി20 പരമ്പരയില്‍ ഇന്ത്യ തോല്‍ക്കുന്നു എന്നതാണ് ആദ്യത്തെ നാണക്കേട്. ഇന്ത്യയെ നയിച്ച ഹാര്‍ദിക്ക് പാണ്ഡ്യയുടെ പേരിലായി ഇങ്ങനെയൊരു നാണക്കേട്. 2021 ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യ ഇതിന് മുമ്പ് ഒരു ടി20 പരമ്പര കൈവിട്ടിരുന്നത്.

വിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-2നാണ് കൈവിട്ടത്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഇന്ത്യ, പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ച് ശക്തമായി തിരിച്ചുവന്നിരുന്നു. ഇതോടെ അവസാനം മത്സരം ആവേശമായി. തുടര്‍ച്ചയായ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്കായിരുന്നു അഞ്ചാം മത്സരത്തില്‍ മുന്‍തൂക്കം.

എന്നാല്‍ ബാറ്റര്‍മാര്‍ കളി മറന്നതോടെ ഇന്ത്യ പരമ്പര കൈവിട്ടു. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് - ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ടി20 പരമ്പര കൈവിട്ടത്. അതേസമയം കഴിഞ്ഞ 17 വര്‍ഷത്തിനിടെ വിന്‍ഡീസിനോട് ഇന്ത്യ ഒരു ഉഭയകക്ഷി പരമ്പര തോല്‍ക്കുന്നതും ഇതാദ്യമാണ്. 2006-ല്‍ രാഹുല്‍ ദ്രാവിഡിന്റെ കീഴില്‍ ഏകദിന പരമ്പര 1-4ന് തോറ്റതായിരുന്നു ഇതിന് മുമ്പത്തെ പരമ്പര തോല്‍വി. ദ്രാവിഡിന് ശേഷം 17 വര്‍ഷം കഴിഞ്ഞ് ആ നാണക്കേട് ഹാര്‍ദിക്കിന്റെ തലയിലായി. അന്ന് ക്യാപ്റ്റനായുണ്ടായിരുന്ന ദ്രാവിഡ് ഇന്ന് കോച്ചായി ടീമിനൊപ്പമുണ്ടെന്നത് മറ്റൊരു കൗതുകം.

ഒരു ട്വന്റി 20 പരമ്പരയിലും ഇന്ത്യ മൂന്ന് മത്സരങ്ങള്‍ തോറ്റിട്ടില്ല. വിന്‍ഡീസിനെതിരായ പരമ്പര തോല്‍വിയോടെ ആ നാണക്കേടുമായി. അഞ്ചാം ടി20യിൽ എട്ട് വിക്കറ്റിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 166 എന്ന വിജയലക്ഷ്യം വിൻഡീസ് വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് മറികടന്നത്. വിൻഡീസിനായി ബ്രാണ്ടൻ കിങ്(85) നിക്കോളസ് പുരാൻ(47) എന്നിവർ തിളങ്ങി. 61 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ഇന്ത്യക്കായി തിളങ്ങിയിരുന്നത്. എന്നാൽ ബാറ്റിങ് ട്രാക്കായതിനാൽ ഇന്ത്യ ഉയർത്തിയ സ്‌കോർ പോരായിരുന്നു.

Similar Posts