ബംഗ്ലാദേശിനെതിരായ തോൽവി; ദേ...റാങ്കിങ്ങിലും ഇന്ത്യ താഴേക്ക്
|രണ്ടാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 115 പോയിന്റുള്ള ആസ്ത്രേലിയയാണ് ഒന്നാമത്
സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിന് മുൻപ് റാങ്കിങ്ങിൽ ഒന്നാമതെത്താൻ ടീം ഇന്ത്യക്ക് ഒരു സുവർണാവസരം ഉണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ പരാജയം ആ മോഹത്തിന് പൂട്ടിട്ടു. ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നെങ്കിൽ എളുപ്പത്തില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് കേറാമായിരുന്നു. 116 പോയിന്റായിരുന്നു ഇന്ത്യക്ക് ഒന്നാമതെത്താൻ വേണ്ടിയിരുന്നത്. തോല്‍വിയോടെ രണ്ടാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 115 പോയിന്റുള്ള ആസ്ത്രേലിയയാണ് ഒന്നാമത്. പാകിസ്താൻ രണ്ടാമതും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിന് മുമ്പ് 118 പോയിന്റുണ്ടായിരുന്നു ഓസീസിന്.
115.259 പോയിന്റാണ് ഓസീസിനുള്ളത് പാകിസ്താന് 114.889 പോയിന്റും. ഇന്ത്യക്ക് ഇനി ഏഷ്യാ കപ്പ് ജയിച്ചാലും ഒന്നാം സ്ഥാനത്ത് എത്താനാവില്ല. അതേസമയം, ഓസീസ് ദക്ഷിണാഫ്രിക്കയോട് തോറ്റാൽ പാകിസ്താൻ ഒന്നാമതെത്തും. അഞ്ച് തവണ ഏകദിന ലോകകപ്പ് ജേതാക്കളായ ആസ്ത്രേലിയയുമായുള്ള ഇന്ത്യയുടെ പരമ്പര സെപ്തംപർ 22 നാണ് ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഒസീസിനെ നേരിടാനിരിക്കെ ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം സെപ്തംപർ മുഴുവൻ തുടരും. ഏകദിന ലോകകപ്പിൽ ഒന്നാം റാങ്കുകാരായി ഏത് ടീം എത്തുമെന്നതിൽ ഈ പരമ്പര നിർണായക പങ്ക് വഹിക്കും.
സെഞ്ചുറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലും വാലറ്റത്ത് അക്സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും വലിയ സംഭാവനകൾ നൽകാനാവാഞ്ഞതാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ തോൽവിക്ക് ആക്കംകൂട്ടിയത്. ശുഭ്മാൻ ഗിൽ 133 പന്തിൽ 121 റൺസെടുത്തു. അക്സർ പട്ടേൽ 42 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസ്തഫിസുറഹ്മാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ തൻസീം ഹസനും മെഹ്ദി ഹസനുമാണ് ഇന്ത്യയിൽ നിന്ന് ജയം പിടിച്ചുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 8 വിക്കറ്റിന് 265 റൺസ് നേടിയപ്പോൾ മറുപടിക്കിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 259 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. അഞ്ച് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഇതും തിരിച്ചടിയായി.