Cricket
പ്രകോപനം തീർത്ത് ബംഗ്ലാദേശ് താരം; ടൈംഡ്ഔട്ട്  മറുപടിയുമായി ശ്രീലങ്കൻ താരങ്ങൾ
Cricket

പ്രകോപനം തീർത്ത് ബംഗ്ലാദേശ് താരം; 'ടൈംഡ്ഔട്ട്' മറുപടിയുമായി ശ്രീലങ്കൻ താരങ്ങൾ

Web Desk
|
11 March 2024 6:12 AM GMT

ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴായിരുന്നു ഇത്തരത്തിൽ പ്രതികരിച്ചത്.

ധാക്ക: ക്രിക്കറ്റ് ചരിത്രത്തിലെ വിവാദമായ 'ടൈംഡ് ഔട്ട്' വീണ്ടും ഓർമിപ്പിച്ച് ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം. കഴിഞ്ഞ ഏകദിന ലോകകപ്പിനിടെയാണ് ശ്രീലങ്കൻ ബാറ്റർ എയ്ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടിലൂടെ പുറത്തായത്. ഇരുടീമുകളും പരമ്പരയിൽ ഏറ്റുമുട്ടിയപ്പോളാണ് വിവാദ സംഭവങ്ങളുടെ അലയൊലികൾ വീണ്ടുമെത്തിയത്. ബംഗ്ലാദേശിനെതിരെ അവരുടെ നാട്ടിൽ ട്വന്റി 20 പരമ്പര സ്വന്തമാക്കിയ ശേഷം ശ്രീലങ്കൻ ടീം അംഗങ്ങൾ ഒന്നിച്ച് ടൈംഡ്ഔട്ട് സെലിബ്രേഷനാണ് നടത്തിയത്.

ട്രോഫിയുമായി ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴായിരുന്നു ഇത്തരത്തിൽ പ്രതികരിച്ചത്. മത്സരത്തിനിടെ വിക്കറ്റ് ലഭിച്ചപ്പോൾ ബംഗ്ലാ ബൗളർ ഷരീഫുൽ ഇസ്ലാമാണ് ടൈംഡ് ഔട്ട് ആഘോഷം നടത്തി ആദ്യം പ്രകോപനം തീർത്തത്. ഇതോടെ മറുപടിയുമായി ലങ്കൻ താരങ്ങൾ എത്തുകയായിരുന്നു. 2-1 മാർജിനിലാണ് ടീം പരമ്പര സ്വന്തമാക്കിയത്.

കഴിഞ്ഞ വർഷം നവംബർ ഏഴിന് ഡൽഹി അരുൺ ജെയിറ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെയാണ് വിവാദ പുറത്താകലുണ്ടായത്. ഹെൽമറ്റ് പൊട്ടിയതിനാൽ മാത്യൂസ് ക്രീസിലെത്താൻ വൈകുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ടൈംഡ് ഔട്ട് ആവശ്യപ്പെടുകയായിരുന്നു. അമ്പയർ ഔട്ട് വിധിച്ചതോടെ ഒരുപന്തുബോലും നേരിടാതെ നിരാശനായി മാത്യൂസ് മടങ്ങി. ഇതോടെ ഇരുടീമുകളും തമ്മിൽ മത്സരത്തിത്തിനിടെ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. മത്സരശേഷം പരസ്പരം ഹസ്തദാനം നൽകാതെയാണ് ഇരുടീമുകളും മടങ്ങിയത്. എന്നാൽ ഈ സംഭവങ്ങൾ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷവും വിവാദം കെട്ടടങ്ങിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് വീണ്ടുമെത്തിയ ടൈംഡ് ഔട്ട് ആഘോഷം.

Similar Posts