'മാത്യു വെയ്ഡ്...; ഷഹീൻ അഫ്രീദിയെ കളിയാക്കി ബംഗ്ലാദേശ് ആരാധകർ
|ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവെയാണ് ഷഹീനെ, മാത്യൂവെയ്ഡ് എന്ന് വിളിച്ച് പരിഹസിച്ചത്. കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനലിൽ ഷഹീൻ അഫ്രീദിയെ അതിർത്തി കടത്തി മാത്യുവെയ്ഡ് ആസ്ട്രേലിയക്ക് വിജയം സമ്മാനിച്ചിരുന്നു.
പാകിസ്താൻ- ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ പാകിസ്താൻ പേസര്‍ ഷഹീൻ അഫ്രീദിയെ പരിഹസിച്ച് ബംഗ്ലാദേശ് ആരാധകർ. ബൗണ്ടറി ലൈനിനരികിൽ ഫീൽഡ് ചെയ്യവെയാണ് ഷഹീനെ, മാത്യൂവെയ്ഡ് എന്ന് വിളിച്ച് പരിഹസിച്ചത്. കഴിഞ്ഞ ടി20 ലോകകപ്പിലെ സെമിഫൈനലിൽ ഷഹീൻ അഫ്രീദിയെ അതിർത്തി കടത്തി മാത്യുവെയ്ഡ് ആസ്ട്രേലിയക്ക് വിജയം സമ്മാനിച്ചിരുന്നു.
ഇക്കാര്യം ഉന്നമിട്ടായിരുന്നു ബംഗ്ലാദേശ് ആരാധകരുടെ പരിഹാസം. അന്ന് ഷഹീൻ അഫ്രീദിയുടെ ഓവറിൽ മൂന്ന് സിക്സറുകളാണ് മാത്യു വെയ്ഡ് കണ്ടെത്തിയത്. പാകിസ്താന്റെ തോൽവി ഉറപ്പിച്ച സിക്സറുകളായിരുന്നു ആ മൂന്നും.
അതേസമയം ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഷഹീൻ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ ഇന്നിങ്സിൽ 27 ഓവർ എറിഞ്ഞെങ്കിലും രണ്ട് വിക്കറ്റ് മാത്രമെ വീഴ്ത്താനായുള്ളൂ. എന്നാൽ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഷഹീൻ ഫോമിലേക്ക് ഉയരുന്നതിന്റെ സൂചനകൾ നൽകിക്കഴിഞ്ഞു. ആറ് ഓവർ എറിഞ്ഞ ഷഹീൻ നാല് മെയ്ഡൻ ഓവറുകളടക്കമാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പരിഹസിച്ച ബംഗ്ലാദേശ് ആരാധകര്‍ക്കുള്ള ഷഹീന് അഫ്രീദിയുടെ മറുപടി എന്ന നിലയിലാണ് പാക് ക്രിക്കറ്റ് ആരാധകര്‍ ഇതിനെ കാണുന്നത്.
മികച്ച നിലയിൽ നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ കുഴപ്പിച്ചതും ഷഹീൻ അഫ്രീദിയുടെ ഈ ബൗളിങായിരുന്നു. അതേസമയം മത്സരത്തിന്റെ മൂന്നാം ദിനം കളി നിർത്തുമ്പോൾ ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തിൽ 39 എന്ന നിലയിലാണ്. ബംഗ്ലാദേശിന് 83 റൺസിന്റെ ലീഡ് മാത്രമാണ് ഉളളത്. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്സ് 330ന് അവസാനിച്ചിരുന്നു. പാകിസ്താന്റെ ആദ്യ ഇന്നിങ്സ് 286നും അവസാനിച്ചു.