Cricket
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: ബംഗ്ലാദേശ് പഴയത് പോലെ ആയി, തോറ്റമ്പി
Cricket

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല: ബംഗ്ലാദേശ് പഴയത് പോലെ ആയി, തോറ്റമ്പി

Web Desk
|
5 April 2022 2:38 AM GMT

രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ മടക്കി 273 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 53 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

സെഞ്ചൂറിയൻ: ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയിൽ വെച്ച് ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ വമ്പുമായി ആദ്യ ടെസ്റ്റിനിറങ്ങിയ ബംഗ്ലാദേശ് തോറ്റമ്പി. 220 റൺസിന്റെ വമ്പൻ ജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയെ എളുപ്പത്തിൽ മടക്കി 273 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 53 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഏഴ് വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജാണ് ബംഗ്ലാദേശിന് കറക്കിവീഴ്ത്തിയത്. മൂന്ന് വിക്കറ്റെടുത്ത സിമോൻ ഹാർമർ പിന്തുണ കൊടുത്തു. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയ്ക്കായി എറിഞ്ഞത് രണ്ട് ബൗളർ മാത്രം. അതും 19 ഓവർ അതിനുള്ളിൽ എല്ലാ ബംഗ്ലാദേശ് ബാറ്റർമാരും പവലിയനിലെത്തി. രണ്ട് ബാറ്റർക്ക് മാത്രമെ രണ്ടക്കം കാണാനായുള്ളൂ. അഞ്ച് പേർക്ക് അക്കൗണ്ട് പോലും തുറക്കാനായില്ല. 26 റൺസ് നേടിയ നജ്മുൽ ഹുസൈൻ സാന്റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. സ്‌കോർബോർഡ് ചുരുക്കത്തിൽ: ദക്ഷിണാഫ്രിക്ക: 367, 204. ബംഗ്ലാദേശ്: 298, 53.

ദക്ഷിണാഫ്രിക്കയുടെ കയ്യിലായിരുന്ന കളി, രണ്ടാം ഇന്നിങ്‌സിലാണ് തിരിഞ്ഞത്. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 204 റൺസിന് പുറത്തായതോടെയാണ് മത്സരത്തിൽ ബംഗ്ലാദേശിനും ജയിക്കാം എന്ന സ്ഥിതി വന്നത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 367 റൺസ്. 93 റൺസ് നേടിയ ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. നായകൻ എൽഗർ 67 റൺസ് നേടി. ബംഗ്ലാദേശിനായി ഖലീൽ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങിൽ ബംഗ്ലാദേശ് 298 റൺസിന് എല്ലാവരും പുറത്തായി. 137 റൺസ് നേടി മഹ്‌മൂദുൽ ഹസനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ. ബാക്കിയുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല.

നാല് വിക്കറ്റ് വീഴ്ത്തിയ ഹാർമറാണ് ബംഗ്ലാദേശിനെ തളർത്തിയത്. 69 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പിഴച്ചു. 204 റൺസിന് എല്ലാവരും പുറത്ത്. 116ന് രണ്ട് എന്ന ശക്തമായ നിലയിൽ നിന്നാണ് 204ന് എല്ലാവരും പുറത്തായത്. നായകൻ എൽഗർ 64 റൺസ് നേടി. മൂന്ന് വീതം വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസനും ഇബാദത്ത് ഹുസൈനും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ മുറുക്കിയത്. ഇതോടെ ബംഗ്ലാദേശിന് 273 റൺസ് വിജയലക്ഷ്യമായി. എന്നാൽ രണ്ടാം ഇന്നിങ്‌സിലും ബംഗ്ലാദേശിന് കാര്യങ്ങൾ എളുപ്പമായില്ല.

Summary-South Africa Thrash Bangladesh By 220 Runs

Related Tags :
Similar Posts