ശ്രേയസും പുറത്ത്; ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ബാറ്റിങ് തകർച്ച
|ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറിയുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്
ധാക്ക: ബംഗ്ലാദേശുമായുള്ള ഏകദിന പോരാട്ടത്തിൽ 271 സ്‌കോർ ലക്ഷ്യമിട്ട് മറുപടി ബാറ്റിനിറങ്ങിയ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ശ്രേയസ് അയ്യരുടെയും അക്‌സർ പട്ടേലിന്റെയും ബാറ്റിങ് ഇന്ത്യയെ കരകയറ്റുമെന്ന് പ്രതീക്ഷിച്ചെങ്കിലും മെഹ്ദി ഹസൻ ശ്രേയസിനെ (82) കൂടാരം കയറ്റി. അക്സറിനെയും (56) വീഴ്ത്തി ബംഗ്ലാ കടുവകൾ കളി തിരിച്ചുപിടിക്കുകയാണ്.113 റൺസാണ് ഈ കൂട്ടുകെട്ടിൽ പിറന്നത്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ190 എന്ന നിലയിലാണ്.
മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ നിരയ്ക്ക് തുടക്കത്തിൽ തന്നെ പിഴച്ചിരുന്നു. സൂപ്പർ താരം വിരാട് കോഹ്ലി അഞ്ച് റൺസും ശിഖർ ധവാൻ എട്ടിനും പുറത്തായി വാഷിങ് ടൺ സുന്ദർ 11 കെ.എൽ രാഹുൽ 14 റൺസെടുത്തും കൂടാരം കയറി. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ശ്രേയസും അക്‌സറും ക്രീസിൽ നിലയുറപ്പിച്ചതോടെയാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചെത്തിയത്.
ആദ്യ ഏകദിനത്തിൽ കരുത്തന്മാരടങ്ങിയ ഇന്ത്യൻ സംഘത്തെ അവസാന വിക്കറ്റിൽ തകർത്ത മെഹിദി ഇത്തവണ സെഞ്ച്വറിയുമായാണ് ബംഗ്ലാദേശിന്റെ രക്ഷകനായത്. രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ മെഹിദിയുടെ സെഞ്ച്വറി(100*)യുടെ കരുത്തിൽ 271 എന്ന വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിൽ ഉയർത്തിയത്.
നേരത്തെ, ടോസ് നേടിയ ബംഗ്ലാദേശ് നായകൻ ലിട്ടൺ ദാസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ഇരട്ടവിക്കറ്റുകളുമായി ആതിഥേയരെ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഞെട്ടിച്ചു. രണ്ടാം ഓവറിൽ തന്നെ ഓപണർ അനാമുൽ ഹഖിനെ(11) വിക്കറ്റിനു മുന്നിൽ കുരുക്കിയായിരുന്നു തുടക്കം. പത്താം ഓവറിൽ സിറാജ് എറിഞ്ഞ രണ്ടാം പന്ത് ബംഗ്ലാ നായകൻ ലിട്ടൻ ദാസിന്റെ(ഏഴ്) മിഡിൽ സ്റ്റംപും പിഴുതാണ് കടന്നുപോയത്.
ആറു വിക്കറ്റ് നഷ്ടത്തിൽ 153 റൺസ്രണ്ടാം വിക്കറ്റിൽ ഷകീബുൽ ഹസനൊപ്പം ചേർന്ന് നജ്മുൽ ഹുസൈൻ ഷാന്തോ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. 151 കി.മീറ്റർ വേഗത്തിലുള്ള ഉമ്രാന്റെ തീതുപ്പുന്ന പന്തിൽ ഷാന്തോയുടെ ഓഫ്സ്റ്റംപിളകി. 35 പന്തിൽ 21 റൺസുമായാണ് താരം മടങ്ങിയത്.പിന്നാലെ ഷകീബിനെയും(എട്ട്) മുഷ്ഫിഖുറഹീമിനെയും(12) അഫീഫ് ഹുസൈനെ(പൂജ്യം)യും മടക്കിയയച്ച് വാഷിങ്ടൺ സുന്ദറിന്റെ ആക്രമണം. ആറിന് 69 എന്ന നിലയ്ക്ക് കൂട്ടത്തകർച്ച മുന്നിൽകണ്ട് ബംഗ്ലാദേശ്. എന്നാൽ, അവിടെനിന്നായിരുന്നു മെഹിദി ഹസന്റെ അസാമാന്യമായ ഇന്നിങ്‌സ്. ഒരു വശത്ത് മുൻ നായകൻ മഹ്മൂദുല്ലയെ കൂട്ടുപിടിച്ചായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം. 83 പന്തിലാണ് മെഹിദി എട്ട് ഫോറും നാല് സിക്‌സറും അടിച്ച് സെഞ്ച്വറി തികച്ചത്. മഹ്മൂദുല്ല 96 പന്തിൽ എഴ് ഫോർ സഹിതം 77 റൺസുമെടുത്ത് ഉറച്ച പിന്തുണ നൽകി.
അവസാന ഓവറുകളിൽ മെഹിദിലും നസൂം അഹ്മദും നടത്തിയ ടി20 ശൈലിയിലുള്ള ആക്രമണമാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 11 പന്തിൽ രണ്ട് ബൗണ്ടറിയും ഒരു സിക്‌സും അടിച്ച് 18 റൺസെടുത്ത നസൂം മെഹിദിക്കൊപ്പം പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ വാഷിങ്ടൺ സുന്ദർ മൂന്നു വിക്കറ്റെടുത്തപ്പോൾ സിറാജിനും ഉമ്രാൻ മാലികിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു.