അർധസെഞ്ച്വറി നേടിയ രാഹുൽ പുറത്ത്; ഇന്ത്യ മികച്ച നിലയിൽ
|ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു
അഡ്ലെയ്ഡ്: വിമർശകരുടെ വായ അടപ്പിച്ച് കെ.എൽ രാഹുലിന്റെ വെടിക്കെട്ട് പ്രകടനം. 32 പന്തിൽ 52 റൺസാണ് രാഹുൽ നേടിയത്. അർധസെഞ്ച്വറി നേടിയതിന് പിന്നാലെ ഷക്കീബ് അൽഹസന്റെ പന്തിൽ രാഹുൽ പുറത്തായി.തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ഹസൻ മഹ്മൂദിന്റെ പന്തിൽ യാസിർ അലി പിടിച്ചാണ് രോഹിത് പുറത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും കെ.എൽ രാഹുലും തകർപ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്കോർ ഉയർന്നു.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നത്. ദീപക്ക് ഹൂഡയക്ക് പകരം അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി. ബംഗ്ലാദേശും ഒരു മാറ്റവുമായിട്ടാണ് ഇന്ത്യയെ നേരിടുന്നത്. സൗമ്യ സർക്കാരിന് പകരം ഷൊരിഫുൽ ഇസ്ലാം ടീമിൽ ഇടംപിടിച്ചു.
ബംഗ്ലാദേശിനൊപ്പം മഴയും ഇന്ത്യയ്ക്ക് ഭീഷണിയാകുന്നുണ്ട്. ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പെയ്തത്. മഴ പെയ്യാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിവരം. ബംഗ്ലാദേശിനെതിരെയും സിംബാബ്വേയ്ക്കുമെതിരായ മത്സരങ്ങൾ ഇന്ത്യക്ക് നിർണായകമാണ്.
മഴ മത്സരം തടസ്സപ്പെടുത്തിയാലും ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടിയാകും. മഴയെ തുടർന്ന് മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യക്കും ബംഗ്ലാദേശിനും ഓരോ പോയിന്റ് വീതം ലഭിക്കും. അങ്ങനെ വന്നാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതമാവും. നിലവിൽ ഗ്രൂപ്പിൽ മൂന്നു മൽസരങ്ങളിൽ നിന്നും രണ്ടു ജയവും ഒരു തോൽവിയുടമക്കം നാലു പോയിന്റോടെ ഇന്ത്യ രണ്ടാംസ്ഥാനത്താണ്.
അഞ്ചു പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. ഇന്ത്യയുടെ അതേ പോയിന്റോടെ ബംഗ്ലാദേശ് ഗ്രൂപ്പിൽ മൂന്നാംസ്ഥാനത്തുമുണ്ട്. രണ്ട് കളി ജയിച്ച ബംഗ്ലാദേശ് റൺ നിരക്കിലാണ് ഇന്ത്യക്കുപിന്നിലായത്.
ടീം:
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കാർത്തിക്ക്, അക്ഷർ പട്ടേൽ, ഹർദിക് പാണ്ഡ്യ, ആർ.അശ്വിൻ, അർഷദീപ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി
ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ, ഷൊരിഫുൽ ഇസ്ലാം, ലിറ്റൻ ദാസ്, ഷക്കീബ് അൽ ഹസൻ (ക്യാപ്റ്റൻ), അഫീഫ് ഹുസൈൻ, മുസദേക്ക് ഹുസൈൻ, നുറൂൽ ഹസൻ, യാസിർ അലി, മുസ്തഫിസുർ റഹ്മാൻ, ഹസൻ മഹ്മൂദ്, ടസ്കിൻ അഹ്മദ്.