Cricket
Allegation that Rishabh Pants out umpiring was wrong; Devillers did not hit the bat
Cricket

ഋഷഭ് പന്തിന്റെ ഔട്ട് അമ്പയറിങിലെ പിഴവെന്ന് ആരോപണം; ബാറ്റിൽ തട്ടിയില്ലെന്ന് ഡിവില്ലേഴ്‌സ്

Sports Desk
|
3 Nov 2024 12:30 PM GMT

57 പന്തിൽ 64 റൺസുമായി മികച്ചരീതിയിൽ ബാറ്റ് ചെയ്യുന്നതിനിടെയാണ് പന്ത് പുറത്തായത്.

മുംബൈ: ന്യൂസിലാൻഡിനെതിരായ മുംബൈ ടെസ്റ്റിൽ ഇന്ത്യൻ തോൽവിയിൽ നിർണായകമായത് ഋഷഭ് പന്തിന്റെ വിക്കറ്റായിരുന്നു. മികച്ചരീതിയിൽ ബാറ്റുവീശുന്നതിനിടെയാണ് 106 റൺസിൽ നിൽക്കെ ഏഴാമനായി പന്ത് പുറത്തായത്. ഇതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും നഷ്ടമായി. എന്നാൽ ഇപ്പോൾ പന്തിന്റെ പുറത്താകൽ അമ്പയറിങിലെ പിഴവാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലേഴ്‌സ്.

അജാസ് പട്ടേലിന്റെ പന്ത് പ്രതിരോധിച്ച ഇന്ത്യൻ താരത്തിന്റെ പാഡിൽ തട്ടി ഉയർന്ന പന്ത് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ കൈയിലൊതുക്കുകയായിരുന്നു. എന്നാൽ പാഡിലാണ് തട്ടിയതെന്ന് കരുതി കിവീസ് ഫീൽഡർമാർ ആത്മവിശ്വാസമില്ലാതെയാണ് അപ്പീൽ ചെയ്തിരുന്നത്. അമ്പയർ റിച്ചാർഡ് ഇല്ലിംഗ്വർത്ത് അപ്പീൽ നിരസിക്കുകയും ചെയ്തു. എന്നാൽ ബൗളർ അജാസ് പട്ടേലിന്റെ നിർബന്ധത്തെ തുടർന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലഥാം റിവ്യൂ നൽകി. റിവ്യൂയിൽ പന്ത് ഋഷഭ് പന്തിന്റെ ബാറ്റിലുരസിയെന്നാണ് സ്‌നിക്കോ മീറ്ററിൽ കാണിച്ചത്. ഇതോടെ തീരുമാനത്തിലെ അതൃപ്തി പന്ത് അമ്പയറോട് പരസ്യമാക്കുകയും ചെയ്തു. ബാറ്റിന് സമീപത്തുകൂടി ബോൾ കടന്നു പോകുന്ന സമയത്ത് തന്നെ ബാറ്റ് പാഡിലും തട്ടിയിരുന്നു. ഈ ശബ്ദമാകാം സ്‌നിക്കോ മീറ്ററിൽ കാണിച്ചതെന്ന് എ.ബി ഡിവില്ലേഴ്‌സ് എക്‌സിൽ കുറിച്ചു.

പന്ത് ബാറ്റിനെ കടന്നു പോകുന്ന സമയത്ത് തന്നെ ബാറ്റ്‌സ്മാന്റെ കൈയിലെ ബാറ്റ് പാഡിൽ തട്ടിയിരുന്നുവെന്നും ഇങ്ങനെ സംഭവിച്ചാലും സ്‌നിക്കോ മീറ്ററിൽ അത് കാണിക്കുമെന്നും ഇവിടെ ഋഷഭിന്റെ ബാറ്റിൽ തന്നെയാണ് പന്ത് കൊണ്ടത് എന്ന് എങ്ങനെ ഉറപ്പിക്കുമെന്നും ഡിവില്ലിയേഴ്‌സ് ചോദിച്ചു. എന്തായാലും നിർണായക സമയത്ത് പന്തിന്റെ ഈ പുറത്താകലിന് ഇന്ത്യ വലിയവിലയാണ് നൽകിയത്. 57 പന്തിൽ 64 റൺസുമായി തുടർച്ചയായി രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ച്വറി നേടിയാണ് താരം മടങ്ങിയത്. പന്തിന് പിന്നാലെ ആർ അശ്വിനും ആകാശ്ദീപും വാഷിങ്ടൺ സുന്ദറും മടങ്ങിയതോടെ സ്വന്തംമണ്ണിൽ വൈറ്റ്‌വാഷ് എന്ന നാണക്കേടിലേക്കും കൂപ്പുകുത്തി

Similar Posts