ബംഗ്ലാ കടുവകൾ മൂക്കുകുത്തി വീണു; അഫ്ഗാൻ സൂപ്പർ ഫോറിൽ
|ഇബ്രാഹിം സദ്‌റാൻ (42) , നജീബുല്ലാഹ് സദ്‌റാൻ(43) എന്നിവരാണ് അഫ്ഗാനായി തിളങ്ങിയത്
മുൻനിര ബാറ്റർമാർ നിറംമങ്ങിയതോടെ ചെറുസ്‌കോറിലൊതുങ്ങിയ ബംഗ്ലാദേശിനെ തോൽപ്പിച്ച് അഫ്ഗാൻ ഏഷ്യാകപ്പിലെ സൂപ്പർ ഫോറിൽ. ബംഗ്ലാദേശ് ഉയർത്തിയ 128 റൺസ് വിജയ ലക്ഷ്യം അഫ്ഗാൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇബ്രാഹിം സദ്‌റാൻ (42) , നജീബുല്ലാഹ് സദ്‌റാൻ(43) എന്നിവരാണ് അഫ്ഗാനായി തിളങ്ങിയത്. 18.3 ഓവറിൽ 131 റൺസാണ് ടീം നേടിയത്.
ഓപ്പണർമാരായ ഹസ്‌റത്തുല്ലാഹ് സസായി 23ഉം റഹ്‌മാനുല്ല ഗുർബാസ് 11ഉം റൺസ് നേടി പുറത്തായി. ബംഗ്ലാദേശിനായി ബാറ്റിങ്ങിൽ തിളങ്ങിയ മൊസദ്ദിഖ് ഹൊസൈൻ സസായിയെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കിയപ്പോൾ ഗുർബാസിനെ ഷാക്കിബുൽഹസൻ മുഷ്ഫിഖുറഹീമിന്റെ കൈകളിലെത്തിച്ചു. എട്ടു റൺസെടുത്ത ക്യാപ്റ്റൻ മുഹമ്മദ് നബി മുഹമ്മദ് സൈഫുദ്ദീന്റെ പന്തിൽ എൽ.ബി.ഡബ്ല്യുവായി.
ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ അഫ്ഗാനിസ്ഥാന്റെ ബൗളർമാർ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തകർപ്പൻ ഫോമിലായിരുന്നു. ബംഗ്ലാ നിരയിൽ 31 പന്തിൽ 48 റൺസ് നേടിയ മൊസദ്ദഖ് ഹുസൈൻ മാത്രമാണ് പിടിച്ചുനിന്നത്. ഓപ്പണർമാരായ മുഹമ്മദ് നയീം(6), അനാമുൽ ഹഖ്(5) എന്നിവരെ ഒറ്റയക്കത്തിൽ പുറത്താക്കി മുജീബുറഹ്‌മാനാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. വൺഡൗണായെത്തിയ ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ(11) രണ്ടക്കം കടന്നെങ്കിലും മുജീബിന് കീഴടങ്ങി. നയീമിനെയും ഷാക്കിബിനെയും മുജീബ് ബൗൾഡാക്കിയപ്പോൾ അനാമുൽ ഹഖിനെ എൽ.ബി.ഡബ്ല്യുവിൽ കുരുക്കുകയായിരുന്നു.
വിക്കറ്റ് കീപ്പർ ബാറ്ററും ഏഷ്യാകപ്പിലെ റൺവേട്ടക്കാരിലൊരാളുമായ മുഷ്ഫിഖുറഹീം കേവലം ഒരു റൺ നേടി തിരിച്ചു നടന്നു. റാഷിദ് ഖാൻ എൽ.ബി.ഡബ്ല്യുവിൽ വീഴ്ത്തുകയായിരുന്നു. അഫീഫ് ഹുസൈനെ(12)യും അതേപടി റാഷിദ് ഖാൻ തന്നെ പുറത്താക്കി. പിന്നീട് മഹ്‌മൂദുല്ലയും (25) മൊസദ്ദഖ് ഹുസൈനും(48) ചേർന്ന് പടത്തുയർത്തിയ കൂട്ടുകെട്ടാണ് കടുവകളെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. മഹ്‌മൂദുല്ലയെ ഇബ്രാഹിം സർദാന്റെ കയ്യിലെത്തിച്ച് റാഷിദ് ഖാൻ ഈ കൂട്ടുകെട്ട് പൊളിച്ചു. തുടർന്ന് ഹൊസൈന് കൂട്ട് നൽകിയ മെഹ്ദി ഹസനെ(14) ഗുർബാസ് റണ്ണൗട്ടാക്കി. മുഹമ്മദ് സൈഫുദ്ദീൻ പുറത്താകാതെ(0) നിന്നു.
ആകെ 8 തവണയാണ് ഇരു ടീമുകളും ട്വന്റി-20ൽ മുഖാമുഖം വന്നത്. അഞ്ച് തവണ ബംഗ്ലാദേശും 4 തവണ അഫ്ഗാനിസ്ഥാനും ജയിച്ചു.
എട്ട് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാൻ ശ്രീലങ്കയെ തകർത്തുവിട്ടിരുന്നത്. ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയെ ഒരുനിലക്കും നിലയുറപ്പിക്കാൻ അഫ്ഗാനിസ്ഥാൻ അനുവദിച്ചിരുന്നില്ല. 19.4 ഓവറിൽ എല്ലാവരും കൂടാരം കയറി. വെറും അഞ്ച് റൺസ് എടുക്കുന്നതിനിടെ മൂന്ന് ലങ്കൻ ബാറ്റർമാർ കളം വിട്ടിരുന്നു. അവിടം മുതൽ ലങ്ക തകരുകയായി. പത്താമനും ക്രീസ് വിടുമ്പോൾ ലങ്കൻ സ്‌കോർബോർഡിൽ വന്നത് 105 റൺസ് മാത്രം. സ്പിന്നർമാരാണ് ലങ്കയെ തള്ളിയിട്ടത്. ഫാസ്റ്റ് ബൗൾ ഫസലുള്ള ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്പിന്നർമാരായ മുജീബും നബിയുമാണ് ശ്രീലങ്കയെ നടുവൊടിച്ചത്. റാഷിദ് ഖാന് വിക്കറ്റൊന്നും നേടാനായില്ലെങ്കിലും നാല് ഓവറിൽവിട്ടുകൊടുത്തത് വെറും 12 റൺസ് മാത്രം.
മറുപടി ബാറ്റിങിൽ ഓപ്പണർമാരായ ഹസറത്തുള്ള സാസായിയും റഹ്‌മാനുള്ള ഗുർബാസും ടീമിന്റെ വിധിയെഴുതി. 83 റൺസാണ് ഓപ്പണിങ് വിക്കറ്റിൽ തന്നെ എഴുതിച്ചേർത്തത്. ലങ്കയുടെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അഫ്ഗാനിസ്ഥാൻ മറികടക്കുമ്പോൾ പത്ത് ഓവർ ഇനിയും ബാക്കിയുണ്ടായിരുന്നു.
Batting disaster for Bangladesh; Afghanistan's target is 128 runs