Cricket
അണ്ടർ 19 ലോകകപ്പ്: ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ
Cricket

അണ്ടർ 19 ലോകകപ്പ്: ഉഗാണ്ടയെ 326 റൺസിന് തോൽപ്പിച്ച് ഇന്ത്യ

Web Desk
|
23 Jan 2022 3:27 AM GMT

ഉഗാണ്ടയുടെ ആറു ബാറ്റ്‌സ്മാന്മാർക്ക് റൺസൊന്നുമെടുക്കാനായില്ല.

ട്രിനിഡാഡ്: അണ്ടർ 19 ലോകകപ്പിൽ ഉഗാണ്ടയെ തകർത്തു തരിപ്പണമാക്കി ഇന്ത്യൻ ചുണക്കുട്ടികൾ. 326 റൺസിനാണ് ഇന്ത്യയുടെ ജയം. അമ്പത് ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 405 റൺസെടുത്ത ഇന്ത്യയ്‌ക്കെതിരെ 79 റൺസെടുക്കാൻ മാത്രമേ ഉഗാണ്ടയ്ക്കായുള്ളൂ. 19.4 ഓവറിൽ ടീമിന്റെ ഒമ്പതു വിക്കറ്റും നഷ്ടമായി. ഇടതുകൈക്ക് പരിക്കേറ്റതിനാൽ ഒരാൾ ബാറ്റിങ്ങിനിറങ്ങിയില്ല.

രാജ് ബവ, അൻകൃഷ് രഘുവൻഷി എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ബവ 108 പന്തിൽ നിന്ന് 162 റൺസെടുത്തു. രഘുവൻഷി 120 പന്തിൽ നിന്ന് 144 റൺസും. മറ്റു ബാറ്റ്‌സ്മാന്മാർക്കൊന്നും കാര്യമായ സംഭാവനകൾ നൽകാനായില്ല. വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ദിനേഷ് ബാന 22 റൺസെടുത്തു. ഉഗാണ്ടൻ ബൗളർമാരിൽ മിക്കവരും ഒരോവറിൽ എട്ടിന് മുകളിൽ റൺസ് വഴങ്ങി. ക്രിസ്റ്റഫർ കിഗേഡ മൂന്നു വിക്കറ്റു വീഴ്ത്തി.

ഇന്ത്യ മുമ്പിൽ വച്ച കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഉഗാണ്ടക്ക് ഒരു ഘട്ടത്തിൽ പോലും പിടിച്ചു നിൽക്കാനായില്ല. ആറു ബാറ്റ്‌സ്മാന്മാർക്ക് റൺസൊന്നുമെടുക്കാനായില്ല. 34 റൺസെടുത്ത ക്യാപ്റ്റൻ പാസ്‌കൽ മുറുങ്കിയാണ് ടോപ് സ്‌കോറർ. ഇന്ത്യയ്ക്കായി നിഷാന്ത് സന്ധു 4.4 ഓവറിൽ 19 റൺസ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി.

കോവിഡ് മൂലം ക്യാപ്റ്റൻ യഷ് ദൂൽ അടക്കമുള്ള താരങ്ങൾ ഇല്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ 174 റൺസിന് ഇന്ത്യ അയർലാൻഡിനെ കീഴ്‌പ്പെടുത്തിയിരുന്നു. അടുത്ത വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി.

Similar Posts