ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, കോഹ്ലി തിരിച്ചെത്തി
|പരിക്ക് മൂലം ചികിത്സയിലുള്ള ജസ്പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും പേര് പരിഗണിച്ചിട്ടില്ല
ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ടീമിനെ നയിക്കുക. പരിക്കിന്റെ പിടിയിലായിരുന്ന വൈസ് ക്യാപ്റ്റൻ കെ.എൽ രാഹുൽ ടീമിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസൺ ടീമനൊപ്പമില്ല. വിൻഡീസിനെതിരായ പരമ്പരയിലും സിംബാബെയ്ക്കെതിരായ പരമ്പരയിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ടീമിൽ തിരിച്ചെത്തിയെന്നതാണ് മറ്റൊരു പ്രത്യേകത. ഫോമിലല്ലാത്ത കോഹ്ലി ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തി തിരിച്ചെത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 2019 നവംബർ 23 നാണ് കോഹ്ലി അവസാനമായി സെഞ്ച്വറി നേടിയത്. മൂന്ന് വർഷം പിന്നിട്ടിട്ടും താരത്തിന് ഒരു സെഞ്ച്വറി നേടാനാകാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ ( വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, ചഹൽ, ബിഷ്നോയി, ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ.
പരിക്ക് മൂലം ചികിത്സയിലുള്ള ജസ്പ്രീത് ബുമ്രയുടെയും ഹർഷൽ പട്ടേലിന്റെയും പേര് പരിഗണിച്ചിട്ടില്ല. ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, ദീപക് ചഹർ എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.