Cricket
Team test
Cricket

ടെസ്റ്റിനിറങ്ങുന്നവരുടെ പ്രതിഫലത്തിൽ വൻവർധന: പുതിയ പദ്ധതിയുമായി ബി.സി.സി.ഐ

Web Desk
|
10 March 2024 12:27 PM GMT

ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.

മുംബൈ: ഇന്ത്യയ്‌ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പുരുഷ താരങ്ങളുടെ പ്രതിഫലത്തുകയില്‍ വന്‍വര്‍ധനവ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തിന് പിന്നാലെയായിരുന്നു ബി.സി.സി.ഐയുടെ പ്രഖ്യാപനം.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വലിയ താത്പര്യത്തോടെ കളിച്ച് മികവ് പുലര്‍ത്തുന്ന താരങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയാണ് ലക്ഷ്യം.

വര്‍ഷത്തില്‍ കളിക്കുന്ന ടെസ്റ്റുകള്‍ക്ക് അനുസൃതമായി മാച്ച് ഫീക്ക് പുറമെ അധിക പ്രതിഫലം നല്‍കുന്ന പദ്ധതിയ്‌ക്ക് "ടെസ്റ്റ് ക്രിക്കറ്റ് ഇൻസെന്‍റീവ് സ്‌കീം എന്നാണ് ബിസിസിഐ പേരിട്ടിരിക്കുന്നത്. നിലവില്‍ ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്കും കളിക്കാര്‍ക്ക് 15 ലക്ഷം രൂപയാണ് ബിസിസിഐ മാച്ച് ഫീ നൽകുന്നത്. പുതിയ പദ്ധതി പ്രകാരം ഇന്ത്യയ്ക്കായി ഒരു സീസണിൽ അന്‍പതോ അതില്‍ അധികമോ ശതമാനം ടെസ്റ്റ് കളിക്കുന്നവര്‍ക്കാണ് ഇതിന്‍റെ ആനുകൂല്യം ലഭിക്കുക. ഇതുപ്രകാരം 45 ലക്ഷം രൂപ വരെ താരങ്ങള്‍ക്ക് സ്വന്തമാക്കാം.

ഒരു സീസണിൽ ഏഴോ അതില്‍ അധികമോ (75 ശതമാനത്തിലധികം ടെസ്റ്റുകൾ) മത്സരങ്ങള്‍ കളിക്കുന്ന ഒരു താരത്തിന് ഒരു ടെസ്റ്റിന് 45 ലക്ഷം രൂപ വീതമാണ് അധികമായി ലഭിക്കുക. ഇനി കളിക്കാന്‍ കഴിയാതിരാന്നാലും താരങ്ങള്‍ക്ക് നിരാശരാവേണ്ടി വരില്ല. സ്‌ക്വാഡിലുള്‍പ്പെടുന്നവര്‍ക്ക് 22.5 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും ലഭിക്കുക. സീസണില്‍ അഞ്ച് അല്ലെങ്കില്‍ ആറ് (50 ശതമാനത്തിന് മുകളില്‍ മത്സരങ്ങള്‍) കളിക്കുന്ന ഒരു കളിക്കാരന് 30 ലക്ഷം രൂപയാണ് ഓരോ മത്സരത്തിനും അധികം കിട്ടുക.

ഐ.പി.എല്‍ അടക്കമുള്ള ഫ്രാഞ്ചൈസി മത്സരങ്ങള്‍ക്ക് താരങ്ങള്‍ പ്രാധാന്യം നല്‍കുകയും ആഭ്യന്തര മത്സരങ്ങള്‍ പലരും ഒഴിവാക്കുകയും ചെയ്യുന്നതിനെ തുടര്‍ന്നാണ് ബി.സി.സി.ഐയുടെ പുതിയ മാറ്റം.

Related Tags :
Similar Posts