''ലോക ക്രിക്കറ്റില്‍ ഇന്ത്യ പവർ ഹൗസ് തന്നെയാണ്, എന്ന് കരുതി...''; അഫ്രീദിക്ക് ബി.സി.സി.സി ഐ പ്രസിഡന്റിന്റെ മറുപടി
|ഇന്ത്യക്ക് അനുകൂലമായ തീരുമാനങ്ങളാണ് ടൂർണമെന്റില്‍ ഉടനീളം അംപയർമാർ എടുക്കുന്നതെന്ന് ഷാഹിദ് അഫ്രീദി അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു
ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ വിജയത്തിന് ശേഷം ഐ.സി.സിക്കെതിരെ ആരോപണവുമായി പാക് താരങ്ങളും മാധ്യമപ്രവർത്തകരും രംഗത്തെത്തിയിരുന്നു. ഇന്ത്യക്ക് അനുകൂലമായ തീരുമാനങ്ങളാണ് ടൂർണമെന്റില്‍ ഉടനീളം അംപയർമാർ എടുക്കുന്നതെന്നാണ് പാക് മുൻ നായകൻ ഷാഹിദ് അഫ്രീദി അടക്കമുള്ളവർ കുറ്റപ്പെടുത്തിയത്.
ഇടയ്ക്ക് മഴ തടസ്സപ്പെടുത്തിയ കളി വേഗത്തിൽ പുനരാരംഭിച്ചത് ഇന്ത്യയുടെ സമ്മർദത്തിന്റെ ഫലമാണ് എന്നായിരുന്നു അഫ്രീദിയുടെ ആരോപണം. 'അന്നുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ, ഇടവേളയ്ക്ക് ശേഷം വേഗത്തിൽ കളി പുനരാംരംഭിച്ചു. ഐസിസി, ഇന്ത്യ കളിക്കുന്നു, അതു മൂലമുള്ള സമ്മർദം... ഇങ്ങനെ ഒരുപാട് ഘടകങ്ങൾ അതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ ലിറ്റന്റെ ബാറ്റിങ് വിസ്മയകരമായിരുന്നു. അദ്ദേഹം പോസിറ്റീവ് ക്രിക്കറ്റാണ് കളിച്ചത്. ആറോവറിന് ശേഷം, അടുത്ത രണ്ട് മൂന്നു ഓവറിൽ വിക്കറ്റു വീണാലും ബംഗ്ലാദേശ് ജയിക്കുമെന്നാണ് നമ്മൾ കരുതിയത്. എല്ലാറ്റിനുമപ്പുറം, ബംഗ്ലാദേശ് കാണിച്ച പോരാട്ട വീര്യം അപാരമായിരുന്നു' - മത്സരവുമായി ബന്ധപ്പെട്ട് സമ ചാനല്‍ നടത്തിയ ചര്‍ച്ചയില്‍ അഫ്രീദി പറഞ്ഞു. ഇപ്പോള്‍ അഫ്രീദിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നി.
''ഈ ആരോപണങ്ങൾ ഒരിക്കലും ശരിയല്ല. ഐ.സി.സി ഞങ്ങൾക്ക് അനുകൂലമായാണ് തീരുമാനം എടുക്കുന്നത് എന്ന് പറഞ്ഞാൽ ഒരിക്കലും യോജിക്കാനാവില്ല. എല്ലാവരും ഒരു പോലെയാണ് പരിഗണിക്കപ്പെടുന്നത്. മറ്റു ടീമുകളിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾക്ക് എന്താണ് ലഭിക്കുന്നത്.ക്രിക്കറ്റിൽ ഇന്ത്യ ഒരു പവർ ഹൗസ് തന്നെയാണ്.. പക്ഷെ മറ്റുള്ളവർക്ക് കിട്ടുന്ന അതേ പരിഗണന മാത്രമേ ഞങ്ങൾക്കും കിട്ടുന്നുള്ളൂ''- ബിന്നി പറഞ്ഞു.
ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അഞ്ചു റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടരുന്നതിനിടെ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ ഏഴു ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 66 എന്ന നിലയിലായിരുന്നു. മഴ മാറിയതോടെ ലക്ഷ്യം 16 ഓവറിൽ 151 റൺസ് ആക്കി പുതുക്കി. എന്നാൽ നിശ്ചിത ഓവറിൽ 145 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.