'ആ തീരുമാനം വലിയ മാറ്റങ്ങൾക്ക് കാരണമാകും'; ഉമ്രാൻ മാലിക് അടക്കമുള്ള താരങ്ങളെ കുറിച്ച് ഇയാൻ ബിഷപ്പ്
|ബിസിസിഐ തീരുമാനത്തെ പുകഴ്ത്തി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ് രംഗത്തെത്തി
ന്യൂഡൽഹി: ബിസിസിഐ പ്രഖ്യാപിച്ച വാർഷിക കരാറിൽ എ,ബി,സി കാറ്റഗറിക്ക് പുറമെ ഫാസ്റ്റ് ബൗളിങ് വിഭാഗത്തിൽ അഞ്ച് താരങ്ങളെ കൂടി ഉൾപ്പെടുത്തി. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് തെളിയിച്ച യുവ താരങ്ങളായ ആകാഷ്ദീപ്, വിജയകുമാർ വൈശാഖ്, ഉമ്രാൻ മാലിക്, യാഷ് ദയാൽ, വിദ്വത്ത് കവെരപ്പ തുടങ്ങിവരെയാണ് ക്രിക്കറ്റ് ബോർഡ് പ്രത്യേകമായി പരിഗണിച്ചത്.
ഇന്ത്യയുടെ പ്രധാന ബൗളർമാരായ ജസ്പ്രീത് ബുംറ എ പ്ലസ് കാറ്റഗറിയിലും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർ എ കാറ്റഗറിയിലും ഉൾപ്പെട്ടിട്ടുണ്ട്. സി കാറ്റഗറിയിൽ മുകേഷ് കുമാർ, ഷർദുൽ ഠാക്കൂർ, പ്രസീത് കൃഷ്ണ, അർഷ്ദീപ് സിങ്, ആവേഷ് ഖാൻ എന്നീ ബൗളർമാരുമുണ്ട്. ഇതിന് പുറമെയാണ് ഫാസ്റ്റ് ബൗളർമാർക്ക് മാത്രം കരാർ നൽകാനുള്ള നൂതനമായ നീക്കം. ഇതുവഴി മികച്ചൊരു ബൗളിങ് യൂണിറ്റിനെ പടുത്തുയർത്തുകയാണ് ടീം ലക്ഷ്യമിടുന്നത്. വരുന്ന ട്വന്റി 20 ലോകകപ്പ് അടക്കം ലക്ഷ്യമിട്ടുള്ള ഈ തീരുമാനം വലിയ തോതിൽ അംഗീകരിക്കപ്പെടുകയും ചെയ്തു.
Very innovative move by India to give out fast-bowling contracts. I am a big fan of that, especially to see Umran Malik’s name in that list. Any team that wants to be globally competitive must procure and develop quality fast-bowlers.
— Ian Raphael Bishop (@irbishi) February 28, 2024
ബിസിസിഐ തീരുമാനത്തെ പുകഴ്ത്തി മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ ഇയാൻ ബിഷപ്പ് രംഗത്തെത്തി. 'ഞാൻ അതിന്റെ വലിയ ആരാധകനാണ്, പ്രത്യേകിച്ച് ആ ലിസ്റ്റിൽ ഉമ്രാൻ മാലിക്കിന്റെ പേര് കാണാൻ കഴിഞ്ഞതിൽ. ഭാവിയിൽ മികച്ച പ്രകടനം നടത്താൻ ഈ തീരുമാനം കാരണമാക്കുമെന്നും മുൻ വിൻഡീസ് പേസർ പറഞ്ഞു. ഐപിഎല്ലിലടക്കം വിവിധ ഫ്രാഞ്ചൈസിക്കായി കളിക്കുന്ന ഈ യുവ പേസർമാർ തങ്ങളുടെ പ്ലാനിലുണ്ടെന്ന് തെളിയിക്കുന്നത് കൂടിയാണ് നടപടി.
നേരത്തെ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങളിൽ കളിക്കാൻ വിമുഖത കാണിക്കുന്ന ഇന്ത്യൻ താരങ്ങൾക്കെതിരെ ബിസിസിഐ നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറാണെങ്കിലും അവരവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇതെല്ലാം അവഗണിച്ചാണ് ഇഷനും അയ്യരും പോയത്. ഇതോടെയാണ് കരാറിൽ നിന്ന് ഇരുവരും പുറത്തായത്.