'ഐപിഎല്ലില്‍ ഒത്തുകളിയോ'?; ദീപക് ഹൂഡയ്ക്ക് എതിരെ ബിസിസിഐയുടെ അന്വേഷണം
|ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്
പഞ്ചാബ് കിങ്സ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡ ഒത്തുകളി വിവാദത്തില്‍. താരത്തിന് എതിരെ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തും. രാജസ്ഥാനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ മുന്‍പ് ദീപക് ഹൂഡ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച തന്റെ ഫോട്ടോയും ക്യാപ്ഷനുമാണ് താരത്തെ കുടുക്കിയത്. ഹിയര്‍ വി ഗോ എന്നാണ് ദീപക് ഹൂഡ, ടീം ഹെല്‍മറ്റും തലയില്‍ വെച്ചുള്ള തന്റെ ഫോട്ടോയില്‍ കുറിച്ചത്.
Here we go💪@PunjabKingsIPL #PBKSvRR #IPL2021 #SADDAPUNJAB pic.twitter.com/UfujNTU9QG
— Deepak Hooda (@HoodaOnFire) September 21, 2021
ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് താന്‍ ടീമില്‍ ഉണ്ടെന്ന സൂചനയാണ് ഈ പോസ്റ്റിലൂടെ ദീപക് ഹൂഡ നല്‍കിയത് എന്ന വിമര്‍ശനമാണ് ഉയരുന്നത്. ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങള്‍ താരം ലംഘിച്ചോ എന്നാണ് പരിശോധിക്കുക.
പ്ലേയിങ് ഇലവനെ കുറിച്ച് മത്സരത്തിന് മുന്‍പ് ഒരു സൂചനയും പുറത്ത് വിടരുത് എന്നതാണ് ചട്ടം. സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി ഇടപഴകുന്നതിന് കളിക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ ദിവസം രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ അവസാന ഓവറിലെ അഞ്ചാം പന്തിലായിരുന്നു ഹൂഡ പുറത്തായത്. രണ്ട് ബോളുകള്‍ നേരിട്ട ഹൂഡ പൂജ്യനായിട്ടായിരുന്നു പവനിയനിലേക്ക് മടങ്ങിയത്.