ചിലർ ഇപ്പോഴേ ഐപിഎൽ മോഡിൽ, രഞ്ജി കളിക്കാത്ത താരങ്ങൾക്ക് പണി കിട്ടും; മുന്നറിയിപ്പുമായി ബിസിസിഐ
|ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന നിർദേശമാണ് ബിസിസിഐ നൽകിയത്.
മുംബൈ: രഞ്ജി മത്സരങ്ങൾ കളിക്കാതെ ഐപിഎല്ലിനായി തയാറെടുക്കുന്ന താരങ്ങൾക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ദേശീയ ടീമിലില്ലാത്ത താരങ്ങൾ എത്ര സീനിയറായാലും രഞ്ജി ട്രോഫിയിൽ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കണമെന്ന കർശന നിർദേശമാണ് ബിസിസിഐ നൽകിയത്. നേരത്തെ പരിക്കൊന്നുമില്ലാതിരുന്നിട്ടും സ്വന്തം സംസ്ഥാനമായ ജാർഖണ്ഡിന്റെ രഞ്ജി ടീമിൽ കളിക്കാൻ ഇഷാൻ കിഷൻ തയാറായിരുന്നില്ല. പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ നിർദേശം പോലും അവഗണിച്ചായിരുന്നു 25 കാരന്റെ പെരുമാറ്റം. ഇതോടെയാണ് കർശന നിർദേശവുമായി ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയത്. ചിലർ ഇപ്പോഴേ ഐപിഎൽ മോഡിലാണെന്നും ബിസിസിഐ കുറ്റപ്പെടുത്തി.
ഇന്ത്യൻ ടീമിൽ കളിക്കാത്ത പല താരങ്ങളും രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ വിമുഖത കാണിക്കാറുണ്ട്. ഇതിന് പകരം, ഐപിഎല്ലിനായി ഒരുങ്ങുന്നതിനായി മാസങ്ങളായി മാറി നിൽക്കുകയാണ്. ഈ പ്രവണത വർധിച്ചതോടെയാണ് ഫ്രാഞ്ചൈസി ലീഗല്ല, രഞ്ജിയാണ് സെലക്ഷൻ മാനദണ്ഡമെന്ന തരത്തിൽ ബിസിസിഐ പ്രതികരണം നടത്തിയത്. ഐപിഎൽ മുംബൈ ഇന്ത്യൻസ് താരമാണ് കിഷൻ. തീരുമാനം കർശനമായി നടപ്പാക്കിയാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുശേഷം ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ വിശ്രമം എടുത്ത് ടീമിൽ നിന്ന് പുറത്തു പോയ ഇഷാൻ കിഷനുമെല്ലാം രഞ്ജി ട്രോഫിയിൽ കളിക്കേണ്ടിവരും. ദേശീയ ടീമിൽ ഇപ്പോൾ കളിക്കുന്നവർക്കും പരിക്ക് മൂലം കളിക്കാൻ കഴിയാത്തവർക്കും മാത്രമാണ് ഇളവുണ്ടാകുക.
ദക്ഷിണാഫ്രിക്കൻ പരമ്പരക്കിടെ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട ഇഷാൻ കിഷൻ പിന്നീട് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇടക്ക് ദുബൈയിൽ സഹോദരന്റെ ജൻമ ദിന പാർട്ടിയിൽ പ്രത്യക്ഷപ്പെട്ടതും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. നിലവിൽ ഇംഗ്ലണ്ടിനെതിരെ നടന്നു വരുന്ന ടെസ്റ്റ് പരമ്പരക്ക് ശേഷം ഐപിഎലാണ് പ്രധാന ഇവന്റ്. ഐപിഎല്ലിലെ പ്രകടനമായിരിക്കും ജൂണിൽ നടക്കുന്ന ട്വന്റി 20 ലോകകപ്പിന്റെ സെലക്ഷൻ മാനദണ്ഡമെന്നതാണ് സീനിയർ താരങ്ങളെ രഞ്ജിയിൽ നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നതെന്ന ആരോപണവും ശക്തമാണ്.