'റൂട്ട്' യുഗം അവസാനിച്ചു; ബെന്‍ സ്റ്റോക്സ് ഇനി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം നായകന്
|ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ 81–ാമത്തെ ക്യാപ്റ്റനാണ് സ്റ്റോക്സ്.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ഓള്‍റൌണ്ടര്‍ ബെന്‍ സ്റ്റോക്സിനെ പ്രഖ്യാപിച്ചു. അഞ്ച് വർഷം ഇംഗ്ലണ്ടിനെ നയിച്ച ജോ റൂട്ട് ക്യാപ്റ്റന്‍സി രാജിവെച്ച പശ്ചാത്തലത്തിലാണ് ബെന്‍ സ്റ്റോക്സിനെ തേടി ക്യാപ്റ്റന്‍ ക്യാപ് എത്തുന്നത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ 81–ാമത്തെ ക്യാപ്റ്റനാണ് സ്റ്റോക്സ്.
ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പർ ഓൾറൗണ്ടറാണ് ബെന്‍ സ്റ്റോക്സ്. ഐ.സി.സിയുടെ ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള താരം കൂടിയാണ് സ്റ്റോക്സ്. തുടര്‍ച്ചയായി പരാജയം നേരിട്ടുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ നയിക്കുക എന്ന വലിയ വെല്ലുവിളിയാണ് സ്റ്റോക്സിനെ കാത്തിരിക്കുന്നത്.
2013ൽ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച സ്റ്റോക്സിനെ 2017ൽ ഇംഗ്ലണ്ടിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. 79 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 5061 റൺസും 174 വിക്കറ്റുമാണ് താരം നേടിയിട്ടുള്ളത്. നായക സ്ഥാനം ഏറ്റെടുക്കാൻ താൽപര്യമില്ലെന്നു നേരത്തെ പ്രതികരിച്ചിരുന്നെങ്കിലും ജോ റൂട്ടിന്റെ രാജിക്കു പിന്നാലെ സ്റ്റോക്സ് തീരുമാനം മാറ്റുകയായിരുന്നു.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ അഭിമാനിക്കുന്നെന്ന് പറഞ്ഞ സ്റ്റോക്സ്, റൂട്ട് ഇംഗ്ലണ്ട് ക്രിക്കറ്റിനു നൽകിയ എല്ലാ സംഭാവനകൾക്കും നന്ദി പറയുന്നതായും അറിയിച്ചു. ക്യാപ്റ്റൻസിയിൽ തനിക്ക് പിന്തുണയുമായി റൂട്ട് ഒപ്പമുണ്ടാകുമെന്നാണ് വിശ്വാസമെന്നും സ്റ്റോക്സ് പ്രതികരിച്ചു.
അതേസമയം ഇംഗ്ലണ്ടിനെ ഏറ്റവുമധികം ടെസ്റ്റുകളില്‍ നയിച്ച നായകനായ റൂട്ട് സമീപകാലത്തെ ടീമിന്റെ മോശം പ്രകടനത്തില്‍ അതൃപതി പ്രകടിപ്പിച്ചാണ് രാജിവെക്കുന്നത്. 64 ടെസ്റ്റുകളിൽ ഇംഗ്ലണ്ടിനെ നയിച്ച റൂട്ടിന്റെ നായകത്വത്തില്‍ 27 മത്സരങ്ങള്‍ ടീം ജയിച്ചു, 26 മത്സരങ്ങളില്‍ തോല്‍വിയായിരുന്നു ഫലം. ഇംഗ്ലണ്ടിനായി ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നേടിത്തന്ന നായകന് കൂടിയാണ് ജോ റൂട്ട്.
എന്നാല്‍ അവസാനമായി കളിച്ച 17 ടെസ്റ്റുകളിൽ ഒരേയൊരു വിജയം മാത്രമാണ് റൂട്ടിന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് നേടിയത്. ഏറ്റവും ഒടുവിൽ കളിച്ച അഞ്ച് പരമ്പരകളിൽ ഒരു വിജയം പോലും നേടാൻ കഴിയാത്ത ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് (2021–23) പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണ്.
Ben Stokes succeeds Joe Root as England's Test captain