രണ്ടാം ഇന്നിംഗ്‌സിൽ 130ലൊതുങ്ങി വിൻഡീസ്; ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് കൂറ്റൻ വിജയം
|ഇന്നിംഗ്‌സിനും 141 റൺസിനുമാണ് ഇന്ത്യൻ വിജയം
ഡൊമിനിക്ക: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് കൂറ്റൻ വിജയം. ഇന്നിംഗ്‌സിനും 141 റൺസിനുമാണ് ഇന്ത്യൻ വിജയം. മൂന്നാം ദിനം വെസ്റ്റിൻഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 150 റൺസിനെതിരെ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 421 റൺസെടുത്തു ഡിക്ലയർ ചെയ്തു. തുടർന്ന് മറുപടി ബാറ്റിംഗിൽ 130 റൺസെടുക്കാനെ വിൻഡീസിനായുള്ളൂ. ഇതോടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ അനായസമായ ജയം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.
ആദ്യ ഇന്നിംഗ്‌സിലെ മികച്ച ബൗളിംഗ് പ്രകടനം ആർ. അശ്വിൻ ഒരിക്കൽ കൂടി പുറത്തെടുത്തതാണ് മൂന്നാം ദിനം തന്നെ ഇന്ത്യക്ക് വിജയം കൈവരിക്കാനായത്. രണ്ട് ഇന്നിംഗ്‌സുകളിൽ കൂടി 12 വിക്കറ്റുകളാണ് താരം നേടി. ബാറ്റിംഗിൽ അരങ്ങേറ്റക്കാരൻ യശ്വസി ജയ്‌സ്വാളിന്റെയും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സെഞ്ച്വറി പ്രകടനമാണ് വിൻഡീസിനെതിരെ കൂറ്റൻ ലീഡുയർത്താൻ ഇന്ത്യക്ക് കരുത്തേകിയത്. ജയ്‌സ്വാൾ 171 റൺസും രോഹിത് 102 റൺസും ടീമിനായി നേടി. 76 റൺസ് നേടിയ വിരാട് കോഹ്‌ലിയും മത്സരത്തിൽ മികച്ചു നിന്നു. 215 പന്തിലാണ് യശസ്വി ജയ്‌സ്വാളിന്റെ കന്നി സെഞ്ച്വറി വന്നത്. അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടുന്ന 17-ാമത്തെ ഇന്ത്യൻ താരവും മൂന്നാമത്തെ ഓപ്പണറുമാണ് ജയ്‌സ്വാൾ.
മറുവശത്ത് വെസ്റ്റിൻഡീസ് നിരയിൽ ബാറ്റിംഗിൽ ആരും പൊരുതി നോക്കിയതു പോലുമില്ല. രണ്ട് ഇന്നിംഗ്‌സിലും ഒരു ബാറ്റർക്കും അർധ സെഞ്ച്വറി നേടാൻ കഴിഞ്ഞില്ല. സെഞ്ച്വറി നേടിയ യശ്വസി ജയ്‌സ്വാളാണ് മത്സരത്തിലെ താരം. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ഈ മാസം 20-ന് ആരംഭിക്കും.
ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ (103) സെഞ്ച്വറി നേടിയ ശേഷം അലിക് അതാൻസെയുടെ പന്തിൽ ജോഷുവ ഡാ സിൽവ പിടിച്ചാണ് പുറത്തായിരുന്നത്. ടെസ്റ്റിലെ റൺവേട്ടയോടെ രോഹിത് 3500 റൺസെന്ന നാഴികക്കല്ല് പിന്നിട്ടു. ശുഭ്മാൻ ഗിൽ കേവലം ആറു റൺസെടുത്ത് മടങ്ങി. ജോമെൽ വരികാന്റെ പന്തിൽ അതാൻസെയ്ക്കായിരുന്നു ക്യാച്ച്. രവീന്ദ്ര ജഡേജ 37 റൺസെടുത്തു.
ടെസ്റ്റിന്റെ ആദ്യ ദിവസവും ഇന്ത്യൻ മേധാവിത്വമായിരുന്നു. വിൻഡീസിന്റെ ഒന്നാം ഇന്നിങ്‌സ് വിക്കറ്റ് പോകാതെ 30 റൺസ് കൊണ്ടുപോയെങ്കിലും അശ്വിൻ പന്ത് എടുത്തതോടെ കളി മാറി. കൂട്ടിന് രവീന്ദ്ര ജഡേജയും കൂടി എത്തിയതോടെ കീഴടങ്ങാതെ വിൻഡീസിന് രക്ഷയില്ലായിരുന്നു. 47 റൺസെടുത്ത അലിക് അതനാസെയാണ് വിൻഡീസിന്റെ ടോപ് സ്‌കോറർ. മറ്റുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. നായകൻ ക്രെയ്ഗ് ബ്രാത്ത്വെയിറ്റ്(20) ടാഗ്നരൈൻ ചന്ദർപോൾ (12) ജേസൺ ഹോൾഡർ(18) എന്നിവർ വേഗത്തിൽ മടങ്ങി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് വിൻഡീസിന്റെ കഥ കഴിച്ചത്. മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജയും കളം നിറഞ്ഞു. മുഹമ്മദ് സിറാജ്, ശർദുൽ താക്കൂർ, എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Big win for India in the first test match against West Indies