Cricket
ഇന്ത്യയുടെത് വമ്പൻ ജയം: ചിത്രത്തിലെ ഇല്ലാതായി ന്യൂസിലാൻഡ്

ന്യൂസിലാന്‍ഡിനെതിരായ വിജയം ആഘോഷിക്കുന്ന ടീം ഇന്ത്യ 

Cricket

ഇന്ത്യയുടെത് വമ്പൻ ജയം: ചിത്രത്തിലെ ഇല്ലാതായി ന്യൂസിലാൻഡ്

Web Desk
|
2 Feb 2023 2:08 AM GMT

കപ്പുമായി മടങ്ങാമെന്ന കിവികളുടെ മോഹം ആദ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ തല്ലിക്കെടുത്തി. പിന്നെ ബൗളർമാർ എറിഞ്ഞിട്ടു

അഹമ്മദാബാദ്: ഇന്ത്യന്‍ സര്‍വാധിപത്യം കണ്ട മത്സരത്തില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസണും ബോള്‍ട്ടും സൗത്തിയും ഇല്ലാതെ കപ്പുമായി മടങ്ങാമെന്ന കിവികളുടെ മോഹം ആദ്യം ഇന്ത്യന്‍ ബാറ്റര്‍മാര്‍ തല്ലിക്കെടുത്തി. പിന്നെ ബൗളർമാർ എറിഞ്ഞിട്ടു. അതോടെ റണ്‍സ് അടിസ്ഥാനത്തില്‍ വന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന നിർണായകമായ മൂന്നാം മത്സരത്തിൽ 168 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2018ൽ അയർലാൻഡിനെതിരെ ഇന്ത്യ തന്നെ നേടിയ റെക്കോർഡാണ് ഇതോടെ വഴിമാറിയത്. 143 റൺസിന്റെ വിജയമാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നത്. അഹമ്മദാബാദില്‍ 235 റൺസ് ലക്ഷ്യം പിന്തുടർന്ന കിവീസ് 66 റൺസിന് പുറത്താകുകയായിരുന്നു.

സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലാണ് കളിയിലെ താരം. വമ്പൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലാൻഡുകാർ അമ്പേ പരാജയപ്പെട്ടു. ഏകദിനത്തില്‍ സെഞ്ച്വറിയും ഇരട്ട സെഞ്ച്വറിയുമായി ഇന്ത്യയുടെ ഓപ്പണിങ് റോള്‍ ഉറപ്പിച്ച ഗില്‍, ടി20യിലും അഴിഞ്ഞാടുകയായിരുന്നു. ശുഭ്മാൻ ഗില്ലിന്റെ കന്നി ടി20 സെഞ്ച്വറിയായിരുന്നു അഹമ്മദാബാദിലേത്. അതും കുട്ടിക്രിക്കറ്റിലെ ഇന്ത്യക്കാരന്റെ ഉയർന്ന സ്കോർ. 126 റൺസുമായി ഗിൽ പുറത്താകാതെ നിന്നപ്പോൾ സ്കോർബോർഡിൽ തെളിഞ്ഞത് 234 റൺസ്.

മറുപടി ബാറ്റിങിൽ കിവീസ് തുടക്കത്തിലെ കീഴടങ്ങി. ഇന്ത്യൻ ബൗളർമാർ ഒന്നിനൊന്ന് മികച്ച് നിന്നു. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാല് വിക്കറ്റുമായി മുന്നിൽ നിന്ന് നയിച്ചു. അർഷ്ദീപും, ഉമ്രാൻ മാലികും, ശിവം മാവിയും രണ്ട് വീതം. 35 റൺസെടുത്ത ഡാരിൽ മിച്ചൽ മാത്രമാണ് കിവീസ് നിരയിൽ പിടിച്ച് നിന്നത്. ലക്ഷ്യത്തിന് 168 റൺസ് അകലെ അതിഥികളുടെ പോരാട്ടം അവസാനിച്ചു. പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം. റാഞ്ചിയില്‍ നടന്ന ആദ്യ ടി20 ന്യൂസിലാന്‍ഡും ലക്‌നൗവിൽ നടന്ന രണ്ടാം ടി20 ന്യൂസിലാൻഡും കൊണ്ടുപോയതോടെയാണ് അഹമ്മദാബാദിന് ഫൈനൽ സ്വഭാവം കൈവന്നത്.

ഇന്ത്യ 200 റൺസിലേറെ ഉയർത്തിയപ്പോൾ ബാറ്റിങ് ട്രാക്കാവുമെന്ന് തോന്നിച്ചെങ്കിലും ന്യൂസിലാൻഡ് പൊടുന്നനെ വീണതോടെ ഇന്ത്യയുടെ വിജയം മനോഹരമായി.

Related Tags :
Similar Posts