മക്കല്ലം ഇനി ഇംഗ്ലണ്ടിന്റെ ക്രീസില്‍; ടെസ്റ്റ് ടീം കോച്ചായി ചുമതലയേറ്റു
|മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റര്‍ ബ്രണ്ടന്‍ മക്കല്ലം ഇംഗ്ലണ്ടിന്റെ പുതിയ ടെസ്റ്റ് ടീം പരിശീലകനായി ചുമതലയേറ്റു. നാല് വര്‍ഷത്തേക്കാണ് കരാര്‍. നിലവില്‍ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനാണ് മക്കല്ലം. ഈ സീസണിലെ കൊല്‍ക്കത്തയുടെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ കൊല്‍ക്കത്തയുടെ പരിശീലക സ്ഥാനം മക്കല്ലം ഒഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നീക്കം.
ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ പരിശീലകനായിരുന്ന ക്രിസ് സില്‍വര്‍വുഡ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പരിശീലകനായി മക്കല്ലത്തെ തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യമായാണ് ഒരു ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റ് കോച്ചായി മക്കല്ലം ചുമതലയേല്‍ക്കുന്നത്. ഈ ഐ.പി.എൽ സീസണ് അവസാനിക്കുന്നതോടെ കൊൽക്കത്തയുടെ പരിശീലക സ്ഥാനത്ത് നിന്ന് മക്കല്ലം ഒദ്യോഗികമായി ഒഴിയും. ന്യൂസിലൻഡിനായി 101 ടെസ്റ്റുകൾ കളിച്ച മക്കല്ലം 38.64 ശരാശരിയിൽ 6453 റൺസ് നേടിയിട്ടുണ്ട്. ഒരു ന്യൂസിലൻഡ് താരത്തിന്റെ ഏക ട്രിപ്പിൾ സെഞ്ചുറിയും ബ്രണ്ടന്‍ മക്കല്ലത്തിന്റെ പേരിലാണ്.
2020ലാണ് കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനായി മക്കല്ലം എത്തുന്നത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയെ ഫൈനലിലെത്തിക്കാന്‍ മക്കല്ലത്തിനായിരുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തന്നെ ഉടമസ്ഥതതയിലുള്ള കരീബിയന്‍ പ്രീമിയര്‍ ലീഗ് ടീമായ ട്രിബാന്‍ഗോ നൈറ്റ് റൈഡേഴ്സിന്റെയും പരിശീലക വേഷത്തില്‍ മക്കല്ലം എത്തിയിരുന്നു.