ബുൾഡോസറുകളെത്തി; ബാറ്റർമാരുടെ ശവപ്പറമ്പായ ന്യൂയോർക് സ്റ്റേഡിയം പൊളിച്ചുമാറ്റും
|ന്യൂയോർക്: നസൗ കൗണ്ടി സ്റ്റേഡിയത്തെ ക്രിക്കറ്റ് പ്രേമികൾ എങ്ങനെയാകും ഓർത്തുവെക്കുക?. ക്രിക്കറ്റ് മത്സരങ്ങൾ ബാറ്റർമാരുടെ മാത്രമാകുന്നുവെന്ന വിമർശനത്തെ അ േമ്പ തകിടം മറിച്ച ഒരു ഗ്രൗണ്ടായാകും നസൗ കൗണ്ടി സ്റ്റേഡിയത്തെ ഓർത്തുവെക്കുക. ട്വൻറി 20 ലോകകപ്പിൽ നിശ്ചയിക്കപ്പെട്ട മത്സരങ്ങൾ അവസാനിച്ചതോടെ സ്റ്റേഡിയം പൊളിക്കാൻ ബുൾഡോസറുകൾ എത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
വെറും 9 ദിവസത്തെ മാത്രം ആയുസ്സുള്ള ഒരു ക്രിക്കറ്റ് സ്റ്റേഡിയം. ജൂൺ 3ന് ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തോടെ അരങ്ങുണർന്ന സ്റ്റേഡിയം ജൂൺ 12ന് ഇന്ത്യയും യു.എസ്.എയും തമ്മിലുള്ള മത്സരത്തോടെ ഓർമകളിലേക്ക് മാറി. ആസ്ട്രേലിയയിലെ അഡലെയ്ഡിൽ നിന്നുമെത്തിച്ച മൈതാനത്തെ ഡ്രോപ്പ് ഇൻ പിച്ചുകൾ വലിയ വിമർശനങ്ങളാണുണ്ടാക്കിയത്.
എട്ടുമത്സരങ്ങളാണ് നസൗ കൗണ്ടി സ്റ്റേഡിയത്തിൽ അരങ്ങേറിയത്. അയർലൻഡിനെതിരെ കാനഡ കുറിച്ച 137 റൺസാണ് ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന സ്കോർ. 113 റൺസെടുത്ത ദക്ഷിണാഫ്രിക്ക ബംഗ്ലദേശിനെ 109 റൺസിൽ പിടിച്ചുകെട്ടി. ട്വൻറി 20 ലോകകപ്പിൽ 20 ഓവർ തികച്ചുകളിച്ച ഒരു മത്സരത്തിൽ ഇത്രയും ചെറിയ സ്കോർ പ്രതിരോധിക്കുന്നത് ഇതാദ്യമായായിരുന്നു. കാനഡക്കെതിരെ അയർലാൻഡ് കുറിച്ച 26 റൺസാണ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിങ് കൂട്ടുകെട്ട്. ഡേവിഡ് മില്ലർ കുറിച്ച 59 റൺസാണ് ഗ്രൗണ്ടിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ. ഇങ്ങനെ കൗതുകം നിറഞ്ഞ ഒട്ടേറെ പ്രത്യേകതകൾ സ്റ്റേഡിയത്തിനുണ്ട്.