Cricket
വാലറ്റമല്ല; ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി ബുമ്ര- ഷമി കൂട്ടുകെട്ട്
Cricket

'വാലറ്റമല്ല'; ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി ബുമ്ര- ഷമി കൂട്ടുകെട്ട്

Web Desk
|
17 Aug 2021 2:58 AM GMT

ഋഷഭ് പന്തും പിന്നാലെ ഇഷാന്ത് ശർമയും പുറത്തായതോടെ ഇന്ത്യൻ ആരാധകർ പ്രതീക്ഷ കൈവിട്ട അവസരത്തില്‍ നിന്നും ബുമ്ര – ഷമി സഖ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും തമ്മിലുള്ള കൂട്ടുകെട്ട്. ഋഷഭ് പന്തും പിന്നാലെ ഇഷാന്ത് ശർമയും പുറത്തായതോടെ ഇന്ത്യൻ ആരാധകർ പ്രതീക്ഷ കൈവിട്ട അവസരത്തില്‍ നിന്നും ബുമ്ര – ഷമി സഖ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങി. പിരിയാത്ത ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയത് അർധസെഞ്ചുറി കൂട്ടുകെട്ട്. എട്ടിന് 209 റൺസെന്ന നിലയിൽ പരാജയം തുറിച്ചുനോക്കിയ ഇന്ത്യയെ ഇരുവരും ചേർന്ന് 300ന് തൊട്ടടുത്തെത്തിച്ചു. ഇതിനകം ഇരുവരും ചേർന്ന് ഇംഗ്ലിഷ് ബോളിങ് ആക്രമണം ചെറുത്തുനിന്നത് 20 ഓവറിലധികമാണ്.


ടെസ്റ്റിൽ രണ്ടാമത്തെ മാത്രം അർധസെഞ്ചുറി കണ്ടെത്തിയ ഷമി 70 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 56 റൺസുമായി പുറത്താകാതെ നിന്നു. മോയിൻ അലിക്കെതിരെ തുടർച്ചയായ പന്തുകളിൽ ഫോറും സിക്സും നേടി രാജകീയമായാണ് ഷമി അർധസെഞ്ചുറി കടന്നത്. ബുമ്ര 64 പന്തിൽ മൂന്നു ഫോറുകളോടെ 34 റൺസെടുത്തും പുറത്താകാതെ നിന്നു. ബുമ്രയുടെ ഇതിനു മുൻപുള്ള ഉയർന്ന സ്കോർ 28 റൺസ്! പിരിയാത്ത ഒൻപതാം വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത് 120 പന്തിൽ 89 റൺസ്. എട്ടിന് 298 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്തതോടെയാണ് ഇന്ത്യന്‍ ആരാധകരെ ആവേശം കൊള്ളിച്ച ഈ കൂട്ടുകെട്ടിന് അവസാനമായത്. ഇരുവരും ടെസ്റ്റ് കരിയറിൽ തങ്ങളുടെ ഉയർന്ന വ്യക്തിഗത സ്കോറുകളും കണ്ടെത്തി.

ഇംഗ്ലണ്ട് മണ്ണിൽ ഇന്ത്യയുടെ ഉയർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇവരുടേത്. ഇതിനു മുൻപ് 1982ൽ ഇതേ വേദിയിൽ കപിൽ ദേവും മദൻ ലാലും ചേർന്ന് നേടിയ 66 റൺസിന്റെ റെക്കോർഡാണ് ഷമിയും ബുമ്രയും മറികടന്നത്. മത്സരത്തിനിടെ വിക്കറ്റിനു പിന്നിൽനിന്ന് പ്രകോപിപ്പിക്കാൻ ശ്രമിച്ച വിക്കറ്റ് കീപ്പർ ജോസ് ബട്‍ലറിനെതിരെ ജസ്പ്രീത് ബുമ്ര അതുപോലെ തിരിച്ചടിച്ചതോടെ അംപയർക്ക് ഇടപെടേണ്ടി വന്നിരുന്നു. ആദ്യം ബുമ്രയും പിന്നീട് ഷമിയും ഇംഗ്ലിഷ് താരങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് അംപയർ ഇടപെട്ടത്.

ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ഇനി മൂന്നു ടെസ്റ്റുകളാണ് പരമ്പരയില്‍ ശേഷിക്കുന്നത്.


Similar Posts