Cricket
Jasprit Bumrah- Indian Cricket

ജസ്പ്രീത് ബുംറ

Cricket

ഐ.പി.എല്ലിനും ബുംറ ഇല്ലെന്ന് റിപ്പോർട്ട്: സസ്‌പെൻസ് തുടരുന്നു

Web Desk
|
21 Feb 2023 4:09 PM GMT

ബുംറ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ റിപ്പോർട്ട്.

മുംബൈ: ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചുള്ള സസ്പെൻസ് തുടരുന്നു. ബുംറ പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോർട്ട്. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുക ഐ.പി.എല്ലിലൂടെയായിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നടുവേദനയെത്തുടർന്ന് 2022 സെപ്തംബർ മുതൽ അന്താരാഷ്‌ട്ര തലത്തിൽ കളിക്കാനാകാത്ത ബുംറ, ടി20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്ക, ന്യൂസിലൻഡ് എന്നിവയ്‌ക്കെതിരായ പരമ്പരകൾ എന്നിവയും നഷ്‌ടമായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് ടീമിലേക്കും താരത്തെ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും നടന്നില്ല. പിന്നാലെയാണ് ഐ.പി.എല്‍ വാര്‍ത്തകള്‍ സജീവമായത്. ദേശീയ ടീമിലേക്ക് മടങ്ങിയെത്താതെ ഐപിഎല്ലാണ് ബുംറ ലക്ഷ്യമിടുന്നതെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് ആസ്‌ട്രേലിയയ്‌ക്കെതിരായ മത്സരങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാതിരുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഫിറ്റ്നസ് വീണ്ടെടുക്കാത്തതാണ് പ്രശ്നം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി അക്കാദമിയില്‍ ബുംറ ചില പരിശീലന മത്സരങ്ങളിൽ പങ്കെടുത്തിരുന്നുവെങ്കിലും ഇപ്പോഴും ക്ലിയറൻസിനായി കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബുംറയുടെ കാര്യം ബി.സി.സി.ഐ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

ജൂലൈയിൽ ലണ്ടനിൽ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും വർഷാവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അനിവാര്യമാണ്. അതാണ് ബി.സി.സി.ഐയുടെ 'പ്രത്യേക നിരീക്ഷണത്തിന്' പിന്നില്‍. മുംബൈ ഇന്ത്യന്‍സിനും ബുംറയുടെ പരിക്ക് ക്ഷീണമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ഐ.പി.എല്‍ സ്വപ്നങ്ങളില്‍ ബുംറ അനിവാര്യ ഘടകമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം മെച്ചപ്പെടുത്താനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നത്.

Related Tags :
Similar Posts