Cricket
വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്ത് കളി കാണാന്‍ ഇരുന്നു; ഇന്ത്യ പാക് ആവേശപ്പോരിനെ കുറിച്ച് ശശി തരൂര്‍
Cricket

'വിമാന ടിക്കറ്റ് കാന്‍സല്‍ ചെയ്ത് കളി കാണാന്‍ ഇരുന്നു'; ഇന്ത്യ പാക് ആവേശപ്പോരിനെ കുറിച്ച് ശശി തരൂര്‍

Web Desk
|
23 Oct 2022 3:30 PM GMT

ടൂർണമെന്‍റിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമെന്ന് ശശി തരൂര്‍

ടി 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ആവേശ ജയം സ്വന്തമാക്കിയതിന് പിറകെ ടീം ഇന്ത്യക്കും വിരാട് കോഹ്ലിക്കും അഭിനന്ദനങ്ങളുമായി രാഷ്ട്രീയ നേതാക്കളും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കളാണ് ടീമിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്.

ഇന്ന് രാവിലെ ഗോവയിൽ നിന്ന് ഷെഡ്യൂൾ ചെയ്ത വിമാനത്തില്‍ യാത്ര തിരിക്കാതിരുന്നത് ഇന്ത്യ-പാക് മത്സരം നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തതിനാലാണെന്നും പകരം രാത്രി 9.55 ന് ടിക്കറ്റ് ബുക്ക് ചെയ്തെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. ഈ ടൂർണമെന്‍റിലെ മികച്ച മത്സരങ്ങളിലൊന്ന് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

''പാക്കിസ്ഥാനെതിരായ ഐതിഹാസിക വിജയത്തിൽ ടീം ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം കാണാൻ മനോഹരമായിരുന്നു. വരും ദിവസങ്ങളിലും ടീമിന്‍റെ വിജയക്കുതിപ്പ് തുടരട്ടെ''- ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറിച്ചു.

വിരാട് കോഹ്‍ലിയുടെ ഗംഭീര പ്രകടനമാണ് പാക്കിസ്താനെതിരെ ഇന്ത്യക്ക് വിജയം സമ്മാനിച്ചതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ നേര്‍ന്ന അദ്ദേഹം ഇന്ത്യ ലോകകപ്പ് നേടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

പാകിസ്താനെതിരെ അവസാന പന്തുവരെ നീണ്ട മത്സരത്തില്‍ ആവേശോജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കളി പതിനെട്ടാം ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍129 റണ്‍സായിരുന്നു. രണ്ടോവറില്‍ ജയിക്കാന്‍ 31 റണ്‍സ്. ഹാരിസ് റഊഫ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ ആദ്യ നാല് പന്തില്‍ ഇന്ത്യ നേടിയത് വെറും മൂന്ന് റണ്‍സ്. സമ്മര്‍ദത്തില്‍ വീണു പോയ ഹര്‍ദിക് പാണ്ഡ്യ ബൗണ്ടറി കണ്ടെത്താന്‍ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഹാരിസ് റഊഫെറിഞ്ഞ അവസാന രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ രണ്ട് പടുകൂറ്റന്‍ സിക്സര്‍ പറത്തി കോഹ്‍ലി ആവേശപ്പോരിന്‍റെ ത്രില്ല് അവസാന ഓവറിലേക്ക് നീട്ടി.

അവസാന ഓവറിലെ ആദ്യ പന്തില്‍ പാണ്ഡ്യ പുറത്തേക്ക്. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും സമ്മര്‍ദം. തൊട്ടടുത്ത പന്തില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ സിംഗിള്‍. മൂന്നാം പന്തില്‍‌ കോഹ്‍ലി രണ്ട് റണ്‍സ് കുറിച്ചു. നാലാം പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗ്ഗിലേക്ക് കോഹ്‍ലിയുടെ മനോഹര സിക്സര്‍. തൊട്ടടുത്ത പന്തില്‍ മൂന്ന് റണ്‍സ്. അഞ്ചാം പന്തില്‍ ദിനേശ് കാര്‍ത്തിക്ക് പുറത്തായെങ്കിലും അവസാന പന്ത് ബൗണ്ടറി കടത്തി അശ്വിന്‍ ഇന്ത്യയെ വിജയതീരമണച്ചു. ഒരു ഘട്ടത്തില്‍ 31 റണ്‍സെടുക്കുന്നതിനിടെ നാല് ബാറ്റര്‍മാരെ നഷ്ടമായ ഇന്ത്യയെ ഹര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചാണ് കോഹ്‍ലി വിജയത്തിലെത്തിച്ചത്.

Similar Posts