കോഹ്ലിയല്ല, രോഹിതുമല്ല; ചാഹലിന്റെ പ്രിയ ഐ.പി.എൽ ക്യാപ്റ്റൻ ധോണിയെ പോലെയുള്ള ഈ താരം...
|2022 ഐ.പി.എൽ ലേലത്തിൽ 6.5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ചാഹലിനെ ടീമിലെടുത്തത്
ഐ.പി.എല്ലിന്റെ തന്റെ പ്രിയ ക്യാപ്റ്റനെ പറഞ്ഞ് ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് ലെഗ് സ്പിന്നറുമായ യുസ്വേന്ദ്ര ചാഹൽ. തന്റെ നിലവിലുള്ള ടീം ക്യാപ്റ്റൻ സഞ്ജു സാംസണെ തന്നെയാണ് താരം ഇഷ്ട നായകനായി ചൂണ്ടിക്കാട്ടുന്നത്. തന്റെ നാല് ഓവറും സ്വതന്ത്രമായി എറിയാൻ സഞ്ജു അവസരം നൽകുന്നതായി അദ്ദേഹം വ്യക്തമാക്കി. ഐ.പി.എല്ലിൽ ഇതിന് മുമ്പ് വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും കീഴിൽ ചാഹൽ കളിച്ചിട്ടുണ്ട്. 2013ലാണ് ചാഹൽ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസായിരുന്നു ടീം. പിന്നീട് വിരാട് കോഹ്ലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും കളിച്ചു.
2022 ഐ.പി.എൽ ലേലത്തിൽ 6.5 കോടിയ്ക്കാണ് രാജസ്ഥാൻ റോയൽസ് ചാഹലിനെ ടീമിലെടുത്തത്. പുതിയ ടീമിനായി ആദ്യ സീസണിൽ തന്നെ 27 വിക്കറ്റുമായി പർപ്പ്ൾ ക്യാപ് നേടി താരം. സഞ്ജുവിന്റെ കീഴിൽ 17 മത്സരങ്ങളിൽ നിന്നായിരുന്നു നേട്ടം. സഞ്ജുവിനെ ഇതിഹാസ നായകൻ എം.എസ് ധോണിയുമായാണ് ചാഹൽ താരതമ്യം ചെയ്യുന്നത്. 'ഐ.പി.എല്ലിൽ സഞ്ജു സാംസണനാണ് എന്റെ ഇഷ്ടതാരം. അക്ഷരാർത്ഥത്തിൽ മഹി ബയ്യയെ പോലെയാണ് അദ്ദേഹത്തെ എനിക്ക് തോന്നാറുള്ളത്. വളരെ ശാന്തനും നിർഭയനുമാണ്. ബൗളറെന്ന നിലയിൽ പത്തു ശതമാനം അല്ലെങ്കിൽ എനിക്കുള്ള വളർച്ച കഴിഞ്ഞ വർഷമാണുണ്ടായത്. അതെല്ലാം സഞ്ജു മുഖേനയുണ്ടായതാണ്. അദ്ദേഹം എന്നോട് പറയും: നിങ്ങൾക്ക് നാല് ഓവറുണ്ട്, വേണ്ട പോലെ ചെയ്യൂ. ഞാൻ നിങ്ങളെ സ്വതന്ത്രമായി വിടുന്നു' ഹ്യൂമൻസ് ഓഫ് ബോംബേക്ക് നൽകിയ അഭിമുഖത്തിൽ ചാഹൽ വ്യക്തമാക്കി. ധോണി, രോഹിത്, കോഹ്ലി എന്നിങ്ങനെ തന്റെ മൂന്നു ക്യാപ്റ്റന്മാരുടെ കീഴിലും ബൗളറെന്ന നിലയിൽ സ്വാതന്ത്ര്യം ലഭിച്ചുവെന്നും ചാഹൽ വ്യക്തമാക്കി.
സഞ്ജുവും ചാഹലും അടുപ്പം കാണിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പലവട്ടം ദൃശ്യമായതാണ്. രാജസ്ഥാൻ റോയൽസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും സഞ്ജുവിന്റെ പേജിലും ഇരുവരും തമ്മിലുള്ള രസകരമായ വീഡിയോകൾ പങ്കുവെക്കാറുണ്ട്.
1991ൽ രാജൻ ബാലകൃഷ്ണന്റെ സംവിധാനത്തിലിറങ്ങിയ മലയാള ചിത്രമായ 'കൺകെട്ടിലെ' 'കീലേരി അച്ചു'വെന്ന കഥാപാത്രമായി ചഹലെത്തുന്ന വീഡിയോ സഞ്ജു പങ്കുവെച്ചിരുന്നു. ചിത്രത്തിൽ വില്ലൻ കഥാപാത്രമായ കീലേരി അച്ചുവിനെ നടൻ മാമുക്കോയയാണ് അവതരിപ്പിച്ചിരുന്നത്. നായകൻ ജയറാമും സുഹൃത്ത് ശ്രീനിവാസനും കഴിയുന്ന പ്രദേശത്ത് വെല്ലുവിളികളുമായി കീലേരി അച്ചുവെത്തുന്നതും ജയറാമിന്റെ കഥാപാത്രം തിരിച്ചു വിരട്ടുമ്പോൾ അച്ചു കീഴടങ്ങി, 'ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടെന്ന് ചോദിക്കുന്നതും' വൈറൽ ട്രോൾ ദൃശ്യങ്ങളാണ്. ഈ രംഗമാണ് ചഹലും സഞ്ജുവും പുനരാവിഷ്കരിച്ചിരിക്കുന്നത്. രാജുവെന്ന കഥാപാത്രമായാണ് ജയറാം സിനിമയിൽ അഭിനയിച്ചത്. സഞ്ജു പോസ്റ്റ് ചെയ്ത വീഡിയോയിൽ ഈ കഥാപാത്രമായാണ് മലയാളി സൂപ്പർ താരമെത്തിയത്.
'കീലേരി ചഹൽ ഇൻ ടൗൺ, ടൈം ടു യുസി ടു ലേൺ സം മലയാളം- യുസ്വേന്ദ്ര ചഹലിന് മലയാളം പഠിക്കാനുള്ള സമയം- എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Indian star and Rajasthan Royals leg-spinner Yuzvendra Chahal on his favorite IPL captain