Cricket
കാളീപൂജ; ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട്-പാകിസ്താന്‍  തമ്മിലെ മത്സരത്തിലും മാറ്റമുണ്ടായേക്കും
Cricket

കാളീപൂജ; ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട്-പാകിസ്താന്‍ തമ്മിലെ മത്സരത്തിലും മാറ്റമുണ്ടായേക്കും

Web Desk
|
6 Aug 2023 7:37 AM GMT

നവംബര്‍ 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഇംഗ്ലണ്ട്- പാകിസ്താന്‍ മത്സരത്തിന്‍റെ തിയതി മാറ്റണമെന്നാണ് ആവശ്യം.

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് പുറമെ മറ്റൊരു മത്സരത്തിലും സുരക്ഷാ പ്രശ്നം. നവംബര്‍ 12ന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഇംഗ്ലണ്ട്- പാകിസ്താന്‍ മത്സരത്തിന്‍റെ തിയതി മാറ്റണമെന്നാണ് ആവശ്യം.

കാളീപൂജയുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്നാണ് തീയതി മാറ്റുന്നത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഇക്കാര്യം ബി.സി.സി.ഐയോട് ആവശ്യപ്പെട്ടു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

എന്നാല്‍ അന്ന് കാളീപൂജ നടക്കുന്നതിനാല്‍ മത്സരത്തിന് സുരക്ഷാഭീഷണിയുണ്ടായേക്കുമെന്നും അതിനാല്‍ മത്സരം മറ്റൊരു ദിവസത്തേക്ക് മാറ്റിവെയ്ക്കണമെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐ. മുഖാന്തരം ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്.

കാളി പൂജയുടെ തിയതിയായതിനാല്‍ നഗരത്തിലെ വലിയ തിരക്കിനിടെ മത്സരത്തിന് സുരക്ഷയൊരുക്കുക വെല്ലുവിളിയാണ് എന്ന് കൊല്‍ക്കത്ത പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണിത്. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കൊല്‍ക്കത്ത സിറ്റി പൊലീസുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ സുരക്ഷാ പ്രശ്‌നം ചര്‍ച്ചയായി എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്ഇന്‍ഫോയുടെ റിപ്പോര്‍ട്ട്.

പാകിസ്താന്‍ ഒരു ഭാഗത്ത് വരുന്ന മത്സരമായതിനാല്‍ കളിക്ക് വലിയ ആരാധകരുടെ തിരക്ക് ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടാകും. ഇതിനാല്‍ മത്സരത്തിന്‍റെ തിയതി മാറ്റണം ആവശ്യപ്പെട്ട് ബിസിസിഐ സെക്രട്ടറി ജയ് ഷായ്‌ക്ക് സിഎബി അധിക‍ൃതര്‍ കത്തെഴുതുകയായിരുന്നു. ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉത്സവമാണ് കാളീപൂജ. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ഒക്‌ടോബര്‍ 15ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന്‍റെ തിയതി മാറ്റുന്നത്.

Similar Posts