'ചെന്നൈ കരുതണം, റാഷിദ് ഖാനാണ് ഗുജറാത്തിന്റെ തുറുപ്പ്ചീട്ട്': മുന്നറിയിപ്പുമായി വീരേന്ദർ സെവാഗ്
|ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഇന്ന് ചെന്നൈയെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
ചെന്നൈ: ഗുജറാത്ത് ടൈറ്റൻസിന്റെ തുറുപ്പ്ചീട്ടാണ് റാഷിദ് ഖാനെന്നും ചെപ്പോക്കിൽ നാശംവിതക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഈ സീസൺ ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഇന്ന് ചെന്നൈയെ നേരിടാനൊരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
സെവാഗിന്റെ വാക്കുകള്‍ ഇങ്ങനെ: ''ഗുജറാത്ത് ടൈറ്റൻസിന്റെ തുറുപ്പ് ചീട്ടാണ് റാഷിദ് ഖാൻ. ടീമിന് വിക്കറ്റുകൾ വേണമെങ്കിൽ അവർ റാഷിദിനെ കൊണ്ടുവരും. റാഷിദിനെ ഹാർദിക് ഉപയോഗിക്കുന്ന രീതി എടുത്തുപറയേണ്ടതാണ്. കൂട്ടൂകെട്ടുകൾ പൊളിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് റാഷിദ്. പ്രകടനം കൊണ്ട് ഈ സീസണിലെ മികച്ച ബൗളറായി റാഷിദ് ഖാൻ മാറി''.
സമീപനം കൊണ്ട് ഇരു ടീമുകളും തുല്യരാണ്. സീസണിൽ ഇരു ടീമുകളും നേരത്തെ ഏറ്റുമുട്ടിയപ്പോൾ ഗുജറാത്തിനായിരുന്നു വിജയം. അതേസമയം സ്ഥിരിതയോടെ മികച്ച പ്രകടനം പുറത്തെടുക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റൻസ്.
പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത്. ചെന്നൈയാകട്ടെ ഒട്ടും പിന്നിലല്ല. എതിരാളികളെ ഭയപ്പെടുത്താൻ പാകത്തിലുള്ള കളിക്കാരെല്ലാം ചെന്നൈയിൽ ധാരാളം. വൈകീട്ട് 7.30നാണ് മത്സരം. ചെപ്പോക്കിലെ പിച്ചിൽ ടോസ് നേടുന്നവർ ആദ്യം ബാറ്റ് ചെയ്യാനാണ് സാധ്യത. രണ്ടാമത് ബാറ്റ് ചെയ്യുന്നവർക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ചെപ്പോക്കിലെ വിജയ സാധ്യതയില്‍ ടോസിന് നിര്‍ണായക പങ്കുണ്ട്.