മാറ്റമില്ലാതെ ചെന്നൈ; വിജയവഴിയിൽ ഹൈദരാബാദ്
|ചെന്നൈയ്ക്കായി മുകേഷ് ചൗധരിയും ഡ്വെയ്ൻ ബ്രാവോയും ഒരു വിക്കറ്റ് വീതം നേടി
മുംബൈ: ചെന്നൈയെ 8 വിക്കറ്റിന് തോൽപ്പിച്ച് സീസണിലെ ആദ്യ വിജയം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ്. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 8 വിക്കറ്റും 14 ബോളും ബാക്കിയാക്കിയാണ് ഹൈദരാബാദ് മറികടന്നത്. ഓപ്പണർ അഭിഷേക് ശർമയുടെ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഹൈദരാബാദ് അനായാസം സ്‌കോർ മറികടന്നത്. ക്യാപ്റ്റൻ കെയിൻ വില്യംസൺ 32 റൺസ് നേടിയപ്പോൾ രാഹുൽ ത്രിപാഠി 39 റൺസെടുത്തു. ചെന്നൈയ്ക്കായി മുകേഷ് ചൗധരിയും ഡ്വെയ്ൻ ബ്രാവോയും ഒരു വിക്കറ്റ് വീതം നേടി.
അതേസമയം, ആദ്യ ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലായിരുന്നു 154 റൺസ് എടുത്തിരുന്നത്. തുടക്കം മുതൽ തകർന്നായിരുന്നു ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കം. സ്‌കോർ 25 ൽ എത്തി നിൽക്കെ അവർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.15 റൺസെടുത്ത റോബിൻ ഉത്തപ്പയെ വാഷിങ്ടൺ സുന്ദർ പവലിയനിലേക്ക് മടക്കി അയക്കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ മോയിൽ അലി നിലയുറപ്പിച്ച് നിന്നെങ്കിലും അതിനിടെ ഓപ്പണർ ഗെയ്ക്വാദിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമായി.
പിന്നീടെത്തിയ അമ്പാടി റായിഡുവിനേയും ചേർത്ത് മോയിൻ അലി സ്‌കോർ ഉയർത്തിയെങ്കിലും റൺറേറ്റ് വേണ്ട രീതിയിൽ ഉയർത്താൻ സാധിച്ചില്ല. സ്‌കോർ 98 എത്തി നിൽക്കെ റായിഡു പുറത്തായി. പിന്നീടെത്തിയ ദുബേയ്ക്കും ധോനിക്കും സ്‌കോർ ബോർഡിലേക്ക് വേണ്ടത്ര സംഭാവന ചെയ്യാൻ സാധിച്ചില്ല. ക്യാപ്റ്റൻ ജഡേജ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും സ്‌കോർ 154 എത്തിക്കാനേ സാധിച്ചുള്ളൂ.
ഹൈദരാബാദിനായി വാഷിങ്ടൺ സുന്ദറും നടരാജനും രണ്ട് വിക്കറ്റ് നേടിയപ്പോൾ ഭുവനേശ്വർ കുമാറും മാർക്കോ ജാൻസനും ഓരോ വിക്കറ്റ് നേടി. 48 റൺസ് എടുത്ത മോയിൻ അലിയാണ് ചെന്നൈ നിരയിലെ ടോപ്സ്‌കോറർ.
കളിച്ച നാല് മത്സരങ്ങളിലും തോൽവി രുചിച്ച ചെന്നൈ പോയിന്റ് പട്ടികയിൽ 9ാം സ്ഥാനത്താണ്. ജയത്തോടെ രണ്ട് പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് കയറി.