തിരുമ്പി വന്തിട്ടേന്ന് സൊല്ല് ..; ചെന്നൈക്ക് ആദ്യ ജയം
|ചെന്നൈയുടെ വിജയം 23 റണ്‍സിന്
തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പർ കിങ്‌സിന്‍റെ ഗംഭീര തീരിച്ചു വരവ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെ 23 റൺസിനാണ് ചെന്നൈ തകർത്തത്. ചെന്നൈ ഉയർത്തിയ 216 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 189 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് പിഴുത സ്പിന്നര്‍ മഹേഷ് തീക്ഷ്ണയാണ് ബാഗ്ലൂരിനെ കറക്കി വീഴ്ത്തിയത്. ക്യാപ്റ്റന്‍ രവീന്ദര്‍ ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാംഗ്ലൂരിനായി 41 റൺസെടുത്ത ഷഹബാസ് അഹമ്മദും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കും പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ദിനേശ് കാര്‍ത്തിക്ക് 14 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത് പുറത്തായി.
നേരത്തെ റോബിൻ ഉത്തപ്പയും ശിവം ദുബെയും നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പർകിങ്‌സിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ സ്കോര്‍ 200 കടന്നത്.
ടോസ് നേടിയ ബാംഗ്ലൂർ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂരിനെ ആവേശത്തിലാക്കും വിധമായിരുന്നു ബൗളർമാർ എറിഞ്ഞു തുടങ്ങിയത്. ചെന്നൈ ഓപ്പണർമാരെ ബൗളർമാർ പരീക്ഷിച്ചപ്പോൾ തുടക്കത്തില്‍ സ്‌കോറിങ് വേഗത കുറഞ്ഞു. ടീം സ്‌കോർ 19ൽ നിൽക്കെ മോശം ഫോമിലുള്ള ഗെയ്ക്‌വാദ് പുറത്തായി. ബാംഗ്ലൂരിനായി ആദ്യ മത്സരം കളിക്കുന്ന ഹേസൽവുഡാണ് ഗെയിക്‌വാദിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയത്.
മൂന്ന് ഫോർ പായിച്ച് ഗെയ്ക്‌വാദ് ഫോമിലേക്കെന്ന സൂചന നൽകുന്നതിനിടെയായിരുന്നു ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. 17 റൺസായിരുന്നു ഗെയ്ക്‌വാദിന്‍റെ സമ്പാദ്യം. വൺ ഡൗണായി എത്തിയ മുഈന്‍ അലി പുറത്തായതിന് ശേഷമാണ് ചെന്നൈയുടെ രക്ഷക്കെത്തിയ മഹാകൂട്ടുകെട്ട് പിറന്നത്. തുടക്കത്തിൽ ശ്രദ്ധയോടെ കളിച്ച ഉത്തപ്പ പിന്നീട് ടോപ് ഗിയറിലാവുകയായിരുന്നു.
ശിവം ദുബെ തുടക്കം മുതലേ അക്രമണ മൂഡിലാണ് ബാറ്റ് വീശിയത്. അതോടെ മെല്ലെയായ ചെന്നൈ സ്‌കോർ റോക്കറ്റ് പോലെ കുതിച്ചു. അതിനിടെ വ്യക്തിഗത സ്‌കോർ 81ൽ നിൽക്കെ സിറാജിന്‍റെ പന്തിൽ ഉത്തപ്പ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെങ്കിലും പന്ത് നോബോളായി. 50 പന്തിൽ നിന്ന് 88 റൺസാണ് ഉത്തപ്പ നേടിയത്. ഒമ്പത് സിക്‌സറുകളും നാല് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ ഇന്നിങ്‌സ്. 36ന് രണ്ട് എന്ന നിലയിൽ ചേർന്ന സഖ്യത്തെ പിളർത്തിയത് ഹസരങ്കയാണ്. ഉത്തപ്പ കളം വിടുമ്പോൾ ടീം സ്‌കോർ 201. പിറന്നത് 165 റൺസിന്‍റെ വന്‍ കൂട്ടുകെട്ട്. പിന്നാലെ എത്തിയ രവീന്ദ്ര ജഡേജ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
45 പന്തിൽ നിന്ന് 94 റൺസാണ് ശിവം ദുബെ നേടിയത്. എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ദുബെയുടെ ഇന്നിങ്‌സ്. ഇന്നിങ്‌സിന്റെ അവസാന പന്തിലാണ് ദുബെ പുറത്തായത്.