Cricket
ചെന്നൈ ഈസ് ബാക്ക്; ഹൈദരാബാദിനെതിരെ 13 റൺസ് ജയം
Cricket

'ചെന്നൈ ഈസ് ബാക്ക്'; ഹൈദരാബാദിനെതിരെ 13 റൺസ് ജയം

Web Desk
|
1 May 2022 5:48 PM GMT

ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ

മുംബൈ: ഹൈദരാബാദിനെ 13 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്‌സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ചെന്നൈ ഉയർത്തിയ 203 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണർമാരായ അഭിഷേക് ശർമയും കെയ്ൻ വില്യംസണും ഹൈദരാബാദിന് മികച്ച തുടക്കമായിരുന്നു നൽകിയത്. എന്നാൽ സ്‌കോർ 58 എത്തിനിൽക്കെ അഭിഷേക് പുറത്തായി. പിന്നീടെത്തിയ രാഹുൽ ത്രിപാഠി പൂജ്യനായി മടങ്ങിയതോടെ ടീമിന്റെ താളം തെറ്റി. ക്യാപ്റ്റൻ വില്യംസൺ പതുക്കെ സ്‌കോർ ഉയർത്തിയെങ്കിലും ഇടയ്ക്കിടെ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി.

അവസാന ഓവറുകളിൽ നിക്കോളാസ് പൂരാൻ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. ചെന്നൈയ്ക്ക് വേണ്ടി മുകേഷ് ചൗധരി നാലും മിച്ചൽ സാന്റനർ, പ്രിട്ടോറിയസ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

അതേസമയം, ആദ്യം ബാറ്റുചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തിരുന്നു. റിതുരാജ് ഗെയ്ക്വാദിന്റെയും ഡിവോൺ കോൺവേയുടേയും വെടിക്കെട്ട് പ്രകടനമാണ് ചെന്നൈയ്ക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. ഗെയ്ക്വാദ് സെഞ്ച്വറിക്ക് ഒരു റൺസ് അകലെ വീണെങ്കിലും ടീമിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചായിരുന്നു ഗെയ്ക്വാദിന്റെ മടക്കം. 57 പന്തിൽ 6 സിക്സറും 6 ഫോറും ഉൾപ്പടെയായിരുന്നു ഗെയ്ക് വാദിന്റെ ഇന്നിങ്സ്.

ഓപ്പണർ ഡിവോൺ കോൺവേ 55 പന്തിൽ 85 റൺസെടുത്തു. 4 സിക്സറും 8 ഫോറും ഉൾപ്പടെയുമായിരുന്നു കോൺവേയുടെ ഇന്നിങ്സ്. ഗെയ്ക് വാദ് പുറത്തായതിന് പിന്നാലെ ക്യാപ്റ്റൻ ധോണി ക്രീസിലെത്തിയെങ്കിലും 8 റൺസെടുത്ത് മടങ്ങി. ഹൈദരാബാദിനായി നടരാജൻ രണ്ട് വിക്കറ്റെടുത്തു.

Similar Posts