കണക്കുകൾ കള്ളം പറയില്ല; കരിയറിലെ ഏറ്റവും മോശം അവസ്ഥയിൽ രഹാനെയും പൂജാരയും
|തുടർച്ചയായ മത്സരങ്ങളിലെ പരാജയങ്ങൾ ഈ രണ്ടു താരങ്ങളുടെ ഗതകാലസ്മരണകളെ പോലും നാണംകെടുത്തുന്നതാണ്.
' ഒരു കാലത്ത് ഈ ക്രിക്കറ്റ് ലോകത്തെ ഏത് ലോകോത്തര ബാറ്റ്‌സ്മാൻമാരും അവർക്കൊന്നുമല്ലായിരുന്നു'- ചേതേശ്വർ പൂജാരയുടെയും അജിങ്ക്യ രഹാനെയുടെയും നിലവിലെ അവസ്ഥയെക്കുറിച്ച് ഇങ്ങനെ പറയേണ്ടി വരും. തുടർച്ചയായ മത്സരങ്ങളിലെ പരാജയങ്ങൾ ഈ രണ്ടു താരങ്ങളുടെ ഗതകാലസ്മരണകളെ പോലും നാണംകെടുത്തുന്നതാണ്.
രഹാനെയും പൂജാരയുടെയും കരിയറിലെ വസന്തകാലം അവസാനിച്ചു എന്ന രീതിയിലുള്ള അവസ്ഥയിലൂടെയാണ് ഇരുവരും കടന്നുപോകുന്നത്. നിലവിലെ പരമ്പരയിലെ മോശം പ്രകടനം ഇരുവരുടെ ടീമിലെ സ്ഥാനം പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറ്റി. രഹാനെയ്ക്ക് കഴിഞ്ഞ മത്സരത്തിലെ 48, 20 റൺസുകളുടെ ചെറിയ ബലമുണ്ടെങ്കിലും പൂജാരയ്ക്ക് അതുമില്ല- ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ പൂജ്യത്തിന് പുറത്തായ പൂജാരയ്ക്ക് രണ്ടാം ഇന്നിങ്‌സിൽ നേടാനായത് 16 റൺസ് മാത്രമാണ്.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ പൂജാരയ്ക്ക് നേടാനായത് മൂന്ന് റൺസാണെങ്കിൽ രഹാനെ നേരിട്ട ആദ്യ പന്തിൽ തന്നെ തിരികെ കൂടാരം കയറി.
2019 മുതൽ ടെസ്റ്റിൽ ഇരുവരുടെയും പ്രകടനം താഴേക്കാണ്. 2019 ൽ പൂജാരയുടെ ബാറ്റിങ് ശരാശരി 49.48 ആയിരുന്നു- ഇപ്പോളത് 44.05യായി കുറഞ്ഞു. രഹാനെയുടേത് 43.74 ആയിരുന്നത് 38.90 ആയി കുറഞ്ഞു.
ഇനി കഴിഞ്ഞ രണ്ടു വർഷത്തെ മാത്രം കാര്യമെടുത്താൽ 19 ടെസ്റ്റുകളിൽ നിന്നുള്ള 35 ഇന്നിങ്‌സുകളിൽ നിന്നായി പൂജാരയുടെ ശരാശരി 25.52 മാത്രമാണ്. രഹാനെയാണെങ്കിൽ 18 ടെസ്റ്റിലെ 32 ഇന്നിങ്‌സുകളിൽ നിന്ന് 24.22 മാത്രമാണ് ശരാശരി.
2019 ഫെബ്രുവരി മുതൽ ഇതുവരെ പൂജാരയുടെ ടെസ്റ്റ് ശരാശരി 26.86 ആണ്. ഓസ്‌ട്രേലിയൻ ബോളറും വാലറ്റത്തെ ബാറ്റ്‌സ്മാൻ മാത്രമായ മിച്ചൽ സ്റ്റാർക്കിന്റെ ഇതേകാലയളവിലെ ആവറേജ് പോലും ആ കണക്കിനേക്കാൾ അധികമാണ്- 30.54.
അതേസമയം രണ്ടാം ഇന്നിങ്‌സിലെങ്കിലും ഇരുവർക്കും ഫോം കണ്ടെത്താനായില്ലെങ്കിൽ നിലനിൽപ്പ് ബുദ്ധിമുട്ടിലാകുമെന്ന് പറയുകയാണ് മുൻതാരം ദിനേശ് കാർത്തിക്. പ്രത്യേകിച്ചും അവസരം കാത്ത് പ്രതിഭകൾ പുറത്ത് നിൽക്കുന്ന സമയം. 'പൂജാരയും രഹാനെയും ഫോം വീണ്ടെടുത്തില്ലെങ്കിൽ ദ്രാവിഡിന് കടുത്ത തീരുമാനമെടുക്കേണ്ടി വരും'- കാർത്തിക് പറഞ്ഞു. മോശം ഫോം തുടരുകയാണെങ്കിൽ ഇരുവരും പുറത്ത്‌പോകേണ്ടി വരുമെന്ന് മുൻ ഇന്ത്യൻ സെലക്ടറായ സരൺദീപ് സിങും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി പുജാരയുടെ ബാറ്റ് വേണ്ടത്രെ ചലിക്കുന്നില്ലെന്ന വിമർശം ശക്തമാകുന്നതിനിടെയായിരുന്നു പ്രതികരണം.
'ഇന്ത്യയുടെ ബാറ്റിങ് ഡിപ്പാർട്‌മെന്റിൽ ആശങ്കയുണ്ട്. കെ.എൽ രാഹുൽ മികവ് പുറത്തെടുക്കുന്നുണ്ട്. എന്നാൽ അദ്ദേഹത്തെ പൂർണ്ണമായും ആശ്രയിക്കാൻ പറ്റില്ല, പക്ഷേ ഇവിടെ പൂജാരയെക്കുറിച്ചാണ് പറയേണ്ടത്, കാരണം അദ്ദേഹം റൺസ് കണ്ടെത്തേണ്ടിയിരിക്കുന്നു. ശ്രേയസ് അയ്യരെ പോലെയുള്ള ഒരു സെഞ്ചൂറിയൻ ടീമിൽ കാത്തിരിക്കുകയാണ്. നിങ്ങൾ ഒരു സീനിയർ കളിക്കാരനാണ്, മോശം ഫോം ഇനിയും തുടർന്നാൽ വിശ്രമിക്കേണ്ടി വരുമെന്നായിരുന്നു സരൺദീപ് സിങിന്റെ പ്രതികരണം.