ചേതേശ്വർ പുജാര 'ഗർജിക്കുന്നു', ആരും കാണുന്നില്ലേ? വേണം ഇന്ത്യൻ ടീമിലൊരിടം
|ഏഷ്യാകപ്പും ഏകദിന ലോകകപ്പും മുന്നിൽ നിൽക്കെ തന്നെക്കൊണ്ടും പറ്റും എന്ന് തെളിയിക്കുകയാണ് പുജാര
ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യൻ ടീമിൽ നിന്ന് തന്നെ പുറത്തായിക്കഴിഞ്ഞു ഇന്ത്യയുടെ 'വിശ്വസ്ത ബാറ്റർ' എന്ന പേരുള്ള ചേതേശ്വർ പുജാര. ഫോം തെളിയിച്ച് ഇന്ത്യൻ ടീമിലേക്ക് കയറിപ്പറ്റാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ താരം. അതിന് പുജാര തെരഞ്ഞെടുത്തത് ഇംഗ്ലണ്ടും. അവിടെ നിന്നും പുജാരക്കും ഇന്ത്യൻ ക്രിക്കറ്റിനും സന്തോഷമുള്ള കാര്യങ്ങളാണ് വരുന്നത്.
ലിസ്റ്റ് എയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് തന്റെ രണ്ടാം സെഞ്ച്വറിയാണ് സസെക്‌സിന് വേണ്ടി പുജാര നേടിയത്. സൊമർസെറ്റിനെതിരായ അവസാന മത്സരത്തിൽ 319 എന്ന സ്‌കോറിന് മുന്നിൽ പതറാതെയാണ് പുജാര സെഞ്ച്വറി പൂർത്തിയാക്കിയത്. 113 പന്തുകളിൽ നിന്ന് 117 റൺസാണ് താരം അടിച്ചെടുത്തത്. പതിനൊന്ന് പന്തുകൾ ബാക്കിനിൽക്കെ സസെക്‌സ് വിജയത്തിൽ എത്തി. ഡർബിഷൈനെതിരെയുള്ള മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും താരം കുറിച്ചിരുന്നു.
ഏകദിന- ഏഷ്യാകപ്പ് മുന്നിൽ നിൽക്കെ തന്നെക്കൊണ്ടും പറ്റും എന്ന് തെളിയിക്കുകയാണ് പുജാര. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ദയനീയ പ്രകടനത്തെ തുടർന്നാണ് പുജാരയെ ഇന്ത്യ കൈവിട്ടത്. ശേഷം നടന്ന വിൻഡീസ് പരമ്പരക്ക് താരത്തെ പരിഗണിച്ചതുമില്ല. അതേസമയം കഴിഞ്ഞ രണ്ട് കൗണ്ടി സീസണുകളിൽ സസെക്‌സിനായി മികച്ച പ്രകടനമാണ് പുജാര പുറത്തെടുക്കുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ മാത്രമല്ല വൈറ്റ്‌ബോൾ ക്രിക്കറ്റിലും പുജാര 'പുലി'യാണ്.
ലിസ്റ്റ് എ മത്സരങ്ങളിൽ 121 മത്സരങ്ങളിൽ നിന്നായി 58.48 ആണ് താരത്തിന്റെ ആവറേജ്. ഏകദിന ഫോർമാറ്റിൽ പതിനാറാമത്തെ സെഞ്ച്വറിയായിരുന്നു താരത്തിന്റേത്. പതിനൊന്ന് ബൗണ്ടറികളാണ് പുജാര നേടിയത്. അതേസമയം തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും സ്‌കോർ ചെയ്യുന്നത് തുടരുകയാണെങ്കിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനാകുമെന്നും പുജാര മത്സര ശേഷം പറഞ്ഞു. എന്നാൽ യുവതാരങ്ങളായ യശ്വസി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ എന്നിവരുടെ ഫോം തഴഞ്ഞ് പുജാരയെ ഏകദിന ടീമിലേക്ക് പരിഗണിക്കാൻ സാധ്യത കുറവാണ്.