വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് കൊണ്ടുപോയില്ല; സെഞ്ച്വറിയടിച്ച് പൂജാരയുടെ പ്രതികാരം
|സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിനും ഗവാസ്ക്കറുമടങ്ങുന്ന റെക്കോർഡ് പട്ടികയിൽ ഇടംനേടി
ആസ്ത്രേലിയക്കെതിരെ നടന്ന ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെട്ടപ്പോൾ നടപടി നേരിട്ടവരിലൊരാളാണ് വെറ്ററൻ ബാറ്റർ ചേതേശ്വർ പൂജാര. വെസ്റ്റ് ഇൻഡീസ് പര്യടനത്തിലേക്കുള്ള ഇന്ത്യൻ ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല. യശ്വസി ജയ്സ്വാളും ഋതുരാജ് ഗെയ്ക്ക്വാദുമാണ് പൂജാരയ്ക്കും സൂര്യകുമാർ യാദവിനും പകരം ടീമിലെത്തിയത്. എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനിറങ്ങിയ പൂജാര സെഞ്ച്വറി നേടി തന്നെ അവഗണിച്ചവരോട് പ്രതികാരം ചെയ്തിരിക്കുകയാണ് ഇപ്പോൾ. ദുലീപ് ട്രോഫിയിൽ സെൻട്രൽ സോണിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ വെസ്റ്റ് സോണിനായി താരം സെഞ്ച്വറി നേടിയിരിക്കുകയാണ്. 13 ബൗണ്ടറികൾ അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. 278 പന്തിൽ 133 റൺസാണ് പൂജാര നേടിയത്. ഇതോടെ വെസ്റ്റ് സോൺ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 291 റൺസാണ് ടീം നേടിയത്. 383 റൺസാണ് ടീമിന്റെ ലീഡ്.
ദുലീപ് ട്രോഫിയിലെ പ്രകടനത്തോടെ 60 ഫസ്റ്റ് ക്ലാസ് സെഞ്ച്വറി നേടി ഇതിഹാസ താരം വിജയ് ഹസാരെയോടൊപ്പമെത്തിയിരിക്കുകയാണ് പൂജാര. 81 സെഞ്ച്വറികൾ നേടിയ സുനിൽ ഗവാസ്ക്കറും സച്ചിൻ ടെണ്ടുൽക്കറുമാണ് ഈ പട്ടികയിൽ ഒന്നാമതുള്ളത്. 68 സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഹെഡ് കോച്ച് രാഹുൽ ദ്രാവിഡാണ് രണ്ടാമത്.
പുജാരയെ വിൻഡീസ് പര്യടനത്തിൽ നിന്ന് മാറ്റി നിർത്തിയതിൽ സുനിൽ ഗവാസ്ക്കർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ രണ്ട് ഇന്നിങ്സിലുമായി 14, 27 എന്നിങ്ങനെയായിരുന്നു പൂജാരയുടെ സമ്പാദ്യം.
ദുലീപ് ട്രോഫിക്ക് ശേഷം ചാമ്പ്യൻഷിപ്പിന്റെ ഡിവിഷൻ രണ്ടിൽ സസെക്സുമായുള്ള കൗണ്ടി മത്സരം പൂർത്തിയാക്കാൻ പൂജാര ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഏപ്രിലിൽ ഡർഹാമിനെതിരെ സെഞ്ച്വറി നേടിയായിരുന്നു പൂജാര തന്റെ കൗണ്ടി സീസൺ ആരംഭിച്ചിരുന്നത്. തുടർന്ന് ഗ്ലൗസെസ്റ്റർഷെയറിനെതിരെയും വോർസെസ്റ്റർഷെയറിനെതിരെയും സെഞ്ച്വറി നേടി. കളിച്ച ആറ് മത്സരങ്ങളിൽ സസെക്സ് ക്യാപ്റ്റനായിരുന്ന പൂജാര അവിടെ 68.12 ശരാശരിയിൽ 545 റൺസും സ്വന്തമാക്കി. ഇംഗ്ലണ്ടിൽ തന്നെ നടക്കുന്ന 50 ഓവർ ആഭ്യന്തര മത്സരമായ റോയൽ ലണ്ടൻ കപ്പിലും അദ്ദേഹം പങ്കെടുക്കും.
Cheteshwar Pujara scored a century for West Zone in Duleep Trophy