ജഡേജ ചെന്നൈ സൂപ്പർ കിങ്സിന്റെ 'നായകനാകും': റോബിൻ ഉത്തപ്പ
|രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാവുമെന്ന് ഇന്ത്യൻ മുൻ താരം പാർഥീവ് പട്ടേലും പറഞ്ഞു
എംഎസ് ധോനിക്ക് ശേഷം ചെന്നൈ സൂപ്പർ കിങ്സിനെ രവീന്ദ്ര ജഡേജ നയിച്ചേക്കുമെന്ന് ചെന്നൈയുടെ മുൻ താരം റോബിൻ ഉത്തപ്പ. ആദ്യ റിറ്റെൻഷൻ കാർഡ് രവീന്ദ്ര ജഡേജയ്ക്ക് വേണ്ടി സിഎസ്കെ ഉപയോഗിച്ചതിന് പിന്നാലെയാണ് ഉത്തപ്പയുടെ പ്രതികരണം.
16 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് രവീന്ദ്ര ജഡേജയെ ടീമിൽ നിലനിർത്തിയത്. ധോനിയുടെ പ്രതിഫലം 12 കോടി രൂപയും. ജഡേജയെ ഒന്നാമനായി ടീമിൽ നിലനിർത്തിയതിന് പിന്നിലും ധോനിയാണ് എന്നാണ് റോബിൻ ഉത്തപ്പ പറയുന്നത്. എനിക്ക് ഉറപ്പാണ് അതിന് പിന്നിൽ ധോനിയാണെന്ന്. ജഡേജയുടെ മൂല്യം എത്രയാണെന്ന് ധോനിക്ക് നന്നായി അറിയാം. ഭാവിയിൽ ചെന്നൈയെ ജഡേജ നയിച്ചേക്കും എന്നും ഉത്തപ്പ പറഞ്ഞു.
രവീന്ദ്ര ജഡേജ ചെന്നൈയുടെ ക്യാപ്റ്റനാവുമെന്ന് ഇന്ത്യൻ മുൻ താരം പാർഥീവ് പട്ടേലും പറഞ്ഞു. ക്രിക്കറ്റ് താരമെന്ന നിലയിൽ അത്രയും മികച്ചു നിൽക്കുകയാണ് ജഡേജ. എല്ലാ ഫോർമാറ്റിലും ജഡേജ മികവ് കാണിക്കുന്നു. ജഡേജ നായക സ്ഥാനം ഏറ്റെടുക്കുന്നത് കാണാൻ ആഗ്രഹമുണ്ട് എന്നും പാർഥീവ് പട്ടേൽ പറഞ്ഞു.
നാല് കളിക്കാരെയാണ് താര ലേലത്തിന് മുൻപ് ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ നിലനിർത്തിയത്. രവീന്ദ്ര ജഡേജ, ധോനി, ഋതുരാജ് ഗയ്കവാദ് എന്നിവർക്ക് പുറമെ വിദേശ താരമായ മൊയിൻ അലിയേയും ചെന്നൈ നിലനിർത്തി. ഫാഫ് ഡുപ്ലസിസിനെ ചെന്നൈ നിലനിർത്തിയേക്കും എന്ന സൂചനയുണ്ടായിരുന്നു.