പരിശീലനത്തിന് ശേഷം നൽകിയത് തണുത്ത ഭക്ഷണം: പരാതിയുമായി ടീം ഇന്ത്യ
|പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്നും പകരം തണുത്ത സാൻഡ്‌വിച്ചുകൾ വിളമ്പിയെന്നുമാണ് പരാതി.
സിഡ്നി: സിഡ്‌നിയിൽ പരിശീലനത്തിന് ശേഷം വിളമ്പിയ ഭക്ഷണത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ട്. പരിശീലന സെഷനുശേഷം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്നും പകരം തണുത്ത സാൻഡ്‌വിച്ചുകൾ വിളമ്പിയെന്നുമാണ് പരാതി. ഇക്കാര്യം അനൗദ്യോഗികമായിട്ടാണെങ്കിലും ടീം ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിച്ചെന്നാണ് വിവരം.
'ടീം ഇന്ത്യക്ക് നൽകിയ ഭക്ഷണം നല്ലതായിരുന്നില്ല. അവർക്ക് സാൻഡ്‌വിച്ചുകൾ മാത്രമാണ് നൽകിയത്, സിഡ്‌നിയിലെ പരിശീലനത്തിന് ശേഷം നൽകിയ ഭക്ഷണം തണുത്തതായിരുന്നു': ബി.സി.സി.ഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് എ.എന്‍. ഐ റിപ്പോര്‍ട്ട് ചെയ്യുന്നു .വ്യാഴാഴ്ച നെതർലാൻഡ്‌സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം.
പാകിസ്താനെതിരായ മത്സരം ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആവേശം വാനോളം ഉയർന്ന മത്സരത്തിൽ അവസാന പന്തിലായിരുന്നു ഇന്ത്യയുടെ ജയം. വിരാട് കോഹ് ലിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ രക്ഷക്ഗകെത്തിയത്. ഹാർദിക് പാണ്ഡ്യയും കോഹ് ലിക്ക് പിന്തുണ നൽകിയിരുന്നു. വ്യാഴാഴ്ച മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിൽ ഇന്ത്യൻ സമയം രാവിലെ 8.30നാണ് ആദ്യ മത്സരം. ഉച്ചക്ക് 12.30നാണ് ഇന്ത്യയുടെ മത്സരം. വൈകീട്ട് 4.30ന് പാകിസ്താനും സിംബാബ്‌വെയും തമ്മിലാണ് മത്സരം.
ഇതിൽ ടീമുകൾക്കെല്ലാം മത്സരം നിർണായകമാണ്. ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം മഴമൂലം പൂർത്തിയാക്കാനായിരുന്നില്ല. പാകിസ്താൻ ആദ്യ മത്സരം ഇന്ത്യയോട് തോറ്റതിനാൽ അവർക്കും നിർണായകമാണ്. അതേസമയം നെതർലാൻഡിനെ തോൽപിച്ചാൽ ഇന്ത്യ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. അതേസമയം ഗ്രൂപ്പ് ഒന്നിൽ ഇംഗ്ലണ്ടും അയർലാൻഡും തമ്മിലെ മത്സരം പുരോഗമിക്കുകയാണ്. 9.1 ഓവർ പിന്നിടുമ്പോൾ അയർലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലാണ്.