Cricket
പറക്കും സാംസൺ; നിർണായക ബൗണ്ടറി തടഞ്ഞിട്ട സഞ്ജുവിന് അഭിനന്ദന പ്രവാഹം
Cricket

'പറക്കും സാംസൺ'; നിർണായക ബൗണ്ടറി തടഞ്ഞിട്ട സഞ്ജുവിന് അഭിനന്ദന പ്രവാഹം

Sports Desk
|
23 July 2022 6:11 AM GMT

അവസാനത്തേതിന് തൊട്ടുമുമ്പുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റൺസ് വേണ്ടിയിരുന്ന ഓവറിൽ 11 റൺസാണ് വിൻഡീസിന് കണ്ടെത്താനായത്

പോർട്ട് ഓഫ് സ്‌പെയിൻ: വെറും മൂന്നു റൺസിന് വിൻഡീസിന് വിജയം നഷ്ടമായ ഇന്ത്യക്കെതിരെയുള്ള ആദ്യ ഏകദിനത്തിൽ നിർണായക ബൗണ്ടറി തടഞ്ഞിട്ട മലയാളി താരം സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ ബൗണ്ടറിയെന്ന് ഉറപ്പിച്ച വൈഡ് ബോൾ സഞ്ജു അസാമാന്യ ഡൈവിങിലൂടെ തടുത്തിടുകയായിരുന്നു. അവസാനത്തേതിന് തൊട്ടുമുമ്പുള്ള പന്തിലായിരുന്നു ഈ അതുല്യ പ്രകടനം. അതോടെ 15 റൺസ് വേണ്ടിയിരുന്ന ഓവറിൽ 11 റൺസാണ് വിൻഡീസിന് കണ്ടെത്താനായത്. ഇതോടെ ഇന്ത്യ മുന്നോട്ട് വെച്ച 308 റൺസ് മറികടക്കുന്നത് വരെയെത്തിയ വീൻഡീസിന് പക്ഷേ അവരുടെ റെക്കോർഡ് ചേസിങ് വിജയിപ്പിക്കാനായില്ല. ആറു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണ് അവർ നേടിയത്.



ആകാശ് ചോപ്രയടക്കമുള്ളവർ ട്വിറ്ററിൽ ഈ പ്രകടനം എടുത്ത് പറഞ്ഞിട്ടുണ്ട്. നൂറുശതമാനം ബൗണ്ടറിയെന്നുറപ്പിച്ച ഈ പന്ത് സഞ്ജു തടഞ്ഞിട്ടിരുന്നില്ലെങ്കിൽ മത്സരം വിൻഡീസിന്റെതാകുമായിരുന്നുവെന്നാണ് ആകാശ് ചോപ്ര വിലയിരുത്തിയത്.



ആദ്യ മത്സരത്തിൽ വിജയിച്ചതോടെ ഏകദിന പരമ്പരയിലെ ഇന്ത്യ മുന്നിലാണ്. ക്യാപ്റ്റൻ ശിഖർ ധവാനാണ് കളിയിലെ താരം. ധവാന്റെ നേതൃത്വത്തിൽ ഇന്ത്യൻ ബാറ്റർമാർ പടുത്തുയർത്തിയ 308 റൺസ് വിജയലക്ഷ്യം മറികടക്കുമെന്ന തരത്തിലായിരുന്നു വിൻഡീസ് മുന്നേറ്റം. വാലറ്റത്ത് റൊമാരിയോ ഷെപ്പേർഡും(39) അകീൽ ഹൊസെയ്നും(32) പുറത്താകാതെ നിന്നെങ്കിലും ലക്ഷ്യം മറികടക്കാനായില്ല. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാന ഓവറിൽ 11 റൺസാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിന് നേടാനായത്. ഇതോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 305 റൺസാണ് ടീമിന് നേടാനായത്. ഓപ്പണർ കെയ്ൽ മായേർസ് (75), ഷർമർ ബ്രൂക്സ്(46), ബ്രാൻഡൻ കിങ്(54), നിക്കോളസ് പൂരൻ (25) എന്നിവർ വീൻഡീസിനായി പോരാടി. ഇന്ത്യക്കായി മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, യുസ്വേന്ദ്ര ചഹൽ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.



നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുൻനിര ബാറ്റർമാർ തകർത്തടിച്ചപ്പോൾ മികച്ച സ്‌കോർ നേടാനായിരുന്നു. നിശ്ചിത 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 307 റൺസാണെടുത്തിരുന്നത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത വിൻഡീസ് നായകൻ പിഴച്ചുവെന്ന് തോന്നിപ്പിക്കും വിധമായിരുന്നു ഇന്ത്യയുടെ ഓപ്പണിങ് ജോഡിയുടെ പ്രകടനം. ക്യാപ്റ്റൻ ശിഖർ ധവാനും ശുഭ്മാൻ ഗില്ലും ചേർന്ന് ആദ്യ വിക്കറ്റിൽ സെഞ്ച്വറി പാർട്ണർഷിപ്പ് പടുത്തുയർത്തി. 119 റൺസാണ് ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. വെറും 14 ഓവറിൽ ടീം സ്‌കോർ 100 കടന്നു. ധവാനേക്കാളും എതിർനിരയിൽ അപകടം വിതച്ചത് ഗില്ലായിരുന്നു. 36 പന്തുകളിൽ നിന്ന് ഗിൽ അർധസെഞ്ച്വറി കണ്ടെത്തി. തൊട്ടുപിന്നാലെ ധവാൻ 53 പന്തുകളിൽ നിന്ന് അർധശതകം കുറിച്ചു. 18-ാം ഓവറിൽ ഗിൽ റണ്ണൌട്ടായതോടെയാണ് ഓപ്പണിങ് കൂട്ടുകെട്ട് പിരിയുന്നത്. 64 റൺസെടുത്ത ഗില്ലിനെ വിൻഡീസ് നായകൻ നിക്കോളാസ് പൂരൻ റണ്ണൌട്ടാക്കുകയായിരുന്നു.



പിന്നീടെത്തിയ ശ്രേയസിനെ കൂട്ടുപിടിച്ച ധവാൻ സ്‌കോർ ചലിപ്പിച്ചു. ഇരുവരും നന്നായി ബാറ്റുവീശിയതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചു. 31.3 ഓവറിൽ ടീം സ്‌കോർ 200 കടന്നു. പക്ഷേ സെഞ്ച്വറിക്കരികെ ധവാനെ നിർഭാഗ്യം പിടികൂടി. ടീം സ്‌കോർ 213ൽ നിൽക്കെയാണ് ധവാൻറെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. 99 പന്തുകളിൽ നിന്ന് 10 ഫോറുകളും മൂന്ന് സിക്‌സറുകളുമായി 97 റൺസെടുത്ത ധവാന് മൂന്ന് റൺസകലെ തന്റെ കരിയറിലെ 18ാം സെഞ്ച്വറിയാണ് നഷ്ടമായത്. ഗുഡകേഷ് മോട്ടിയാണ് ധവാനെ പുറത്താക്കിയത്.



സൂര്യകുമാറിനൊപ്പം ടീം സ്‌കോർ ഉയർത്താൻ ശ്രമിച്ച അയ്യർ പക്ഷേ അർധസെഞ്ച്വറി നേടിയതിന് പിന്നാലെ പുറത്തായി. 57 പന്തുകളിൽ നിന്ന് അഞ്ച് ഫോറും രണ്ട് സിക്‌സറുമുൾപ്പെടെ 54 റൺസെടുത്ത ശ്രേയസിനെ ഗുഡകേഷ് മോട്ടിയുടെ പന്തിൽ നിക്കോളാസ് പൂരൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. പിന്നീടൊത്തുചേർന്ന മലയാളിതാരം സഞ്ജു സാംസണും സൂര്യകുമാർ യാദവിനും അധികം പിടിച്ചുനിൽക്കാനായില്ല. 13 റൺസെടുത്ത സൂര്യകുമാറിനെ അകീൽ ഹൊസെയ്ൻ ബൗൾഡാക്കിയപ്പോൾ 12 റൺസെടുത്ത സഞ്ജുവിനെ റൊമാരിയോ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നീട് ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് അവസാന ഓവറുകളിൽ സ്‌കോർ ഉയർത്തി. ടീം സ്‌കോർ മൂന്നൂറിനരികെ ഇരുവരും വീണു. ഹൂഡ 32 പന്തിൽ 27 റൺസ് നേടിയപ്പോൾ അക്സർ പട്ടേൽ 21 പന്തിൽ 21 റൺസെടുത്ത് പുറത്തായി. വിൻഡീസിനായി അൽസാരി ജോസഫും ഗുഡകേഷ് മോട്ടിയും രണ്ട് വീതം വിക്കറ്റുവീഴ്ത്തി.


Similar Posts