Cricket
കോൺവെ... നിങ്ങൾ കൈവിട്ടത് ഒരു ലോകകപ്പാണ്
Cricket

കോൺവെ... നിങ്ങൾ കൈവിട്ടത് ഒരു ലോകകപ്പാണ്

Web Desk
|
9 Nov 2022 1:11 PM GMT

ആദ്യ സെമിഫൈനലിൽ പാകിസ്താൻ 7 വിക്കറ്റിനായിരുന്നു ന്യൂസിലാന്റിനെ തോൽപ്പിച്ചത്

സിഡ്‌നി: ടി 20 ലോകകപ്പിലെ ആദ്യ സെമിയിൽ പാകിസ്താന്റെ വിജയത്തിന് മുഖ്യപങ്കുവഹിച്ചവരാണ് ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്‌വാനും. മോശം ഫോമിലായിരുന്ന ബാബർ മത്സരത്തിൽ അർധസെഞ്ച്വറി നേടിയിരുന്നു. എന്നാൽ, നേരിട്ട ആദ്യ പന്തിൽ തന്നെ ബാബർ പവലിയനിലേക്ക് മടങ്ങുമായിരുന്നു. ട്രെൻഡ് ബോൾട്ടെറിഞ്ഞ പന്ത് ബാബറിന്റെ ബാറ്റിൽ തട്ടി കീപ്പർ കോൺവെയ്ക്ക് നേരെ എത്തിയെങ്കിലും കയ്യിലൊതുക്കാൻ കോൺവെയ്ക്ക് സാധിച്ചില്ല. വീണുകിട്ടിയ അവസരം ഉപയോഗിച്ച് ബാബർ ബാറ്റുവീശിയതോടെ പാകിസ്താൻ അനായാസ വിജയവും നേടി.

ആദ്യ സെമിഫൈനലിൽ പാകിസ്താൻ 7 വിക്കറ്റിനായിരുന്നു ന്യൂസിലാന്റിനെ തോൽപ്പിച്ചത്. ഓപ്പണർമാരായ ക്യാപ്റ്റൻ ബാബർ അസമിന്റെയും റിസ്വാന്റെയും പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. ബാബർ 53 റൺസെടുത്തപ്പോൾ റിസ്വാൻ 57 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് ഹാരിസ് പുറത്തെടുത്ത വെടിക്കെട്ടാണ് പാകിസ്താന്റെ വിജയം അനായാസമാക്കിയത്.

ന്യൂസിലാന്റിനായി ട്രെൻഡ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു. നാളെ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളെ പാകിസ്താൻ ഫൈനലിൽ നേരിടും. അതേസമയം, ആദ്യം ബാറ്റുചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ കിവീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് എടുത്തത്. വൻ തകർച്ചയിലേക്ക് കൂപ്പു കുത്തുകയായിരുന്ന ന്യൂസിലന്റിനെ ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയിൻ വില്യംസണും ചേർന്ന് കരകയറ്റുകയായിരുന്നു. മിച്ചൽ 35 പന്തിൽ 53 റൺസെടുത്ത് പുറത്താവാതെ നിന്നു. വില്യംസൺ 46 റൺസെടുത്തു.

നേരത്തേ ടോസ് നേടിയ ന്യൂസിലന്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ 50 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ന്യൂസിലൻറ് കൂട്ടത്തകർച്ചയിലേക്ക് എന്ന് തോന്നിച്ചിരുന്നു. ഒന്നാം ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹീൻ അഫ്രീദിയാണ് ന്യൂസിലന്റിന് ആദ്യ പ്രഹരമേൽപ്പിച്ചത്.

ആറാം ഓവറിൽ 21 റൺസെടുത്ത ഡെവോൺ കോൺവെയെ ഷദാബ് ഖാൻ റണ്ണൗട്ടാക്കി. എട്ടാം ഓവറിൽ ആറ് റണ്ണെടുത്ത ഗ്ലേൻ ഫിലിപ്‌സിനെ നവാസാണ് കൂടാരം കയറ്റിയത്. പിന്നീടാണ് വില്യംസണും മിച്ചലും ചേർന്ന് രക്ഷാ പ്രവർത്തനം ഏറ്റെടുത്തത്. പാകിസ്താന് വേണ്ടി ഷഹീൻ അഫ്രീദി രണ്ട് വിക്കറ്റ് വീഴ്ത്തി.

Similar Posts