'അവസാന അഞ്ച് ഓവറിൽ ധോണിയോളം കൂൾ'; ഡി.കെയെ പുകഴ്ത്തി ഫാഫ് ഡു പ്ലെസിസ്
|കൊൽക്കത്തക്കെതിരെ ജയിക്കാൻ അവസാന ഓവറിൽ ഏഴു റൺസ് വേണ്ടിയിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന കാർത്തിക് ആദ്യ രണ്ടു പന്തുകളിലായി ഒരു സിക്‌സും ഫോറുമടിക്കുകയായിരുന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ അവസാന ഓവറിൽ കൂളായി കളിച്ച് ടീമിന് വിജയം സമ്മാനിച്ച ദിനേഷ് കാർത്തികിനെ പുകഴ്ത്തി ഫാഫ് ഡു പ്ലെസിസ്. അവസാന അഞ്ച് ഓവറിൽ ഡി.കെ ധോണിയോളം കൂളാണെന്നാണ് ബാംഗ്ലൂർ ക്യാപ്റ്റൻ കാർത്തികിനെ പുകഴ്ത്തിയത്. കൊൽക്കത്തക്കെതിരെ വിജയിക്കാൻ അവസാന ഓവറിൽ ഏഴു റൺസ് വേണ്ടിയിരിക്കെ സ്‌ട്രൈക്കിലുണ്ടായിരുന്ന കാർത്തിക് ആദ്യ രണ്ടു പന്തുകളിലായി ഒരു സിക്‌സും ഫോറുമടിച്ച് ടീമിനെ വിജയിപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ധോണിക്കൊപ്പം ചെന്നൈ സൂപ്പർ കിങ്‌സിനായി നിരവധി കാലം കളിച്ച ഡു പ്ലെസിസ് താരത്തെ പുകഴ്ത്തിയത്.
'ഡികെയുടെ പരിചയസമ്പന്നതയും മനസാന്നിധ്യവും മത്സരാവസാനത്തിൽ തുണയായി. റൺലക്ഷ്യം അത്ര അകലെയായിരുന്നില്ല. അവസാന അഞ്ച് ഓവറുകളിൽ അദ്ദേഹം എം.എസ് ധോണിയെ പോലെ കൂളായിരുന്നു' ഫാഫ് ഡു പ്ലെസിസ് മത്സരം വിലയിരുത്തവേ വ്യക്തമാക്കി.
നവി മുംബൈയിലെ ഡോ. ഡി.വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ കൊൽക്കത്തക്കെതിരെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന് മൂന്ന് വിക്കറ്റിനാണ് വിജയിച്ചിരുന്നത്. അത്യന്തം നാടകീയത നിറഞ്ഞുനിന്ന മത്സരത്തിൽ വിജയ സാധ്യത മാറിമറിഞ്ഞെങ്കിലും അവസാന ചിരി ബാംഗ്ലൂരിന്റേതായി. ചെറിയ സ്‌കോറിൽ കൊൽക്കത്തയെ പുറത്താക്കിയപ്പോൾ എത്ര ഓവറിൽ കളി ജയിക്കുമെന്ന് മാത്രമായിരുന്നു ബാംഗ്ലൂർ ആരാധകരുടെ കണക്കുകൂട്ടൽ. എന്നാൽ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ബാംഗ്ലൂരിന്റെ കണക്കൂകൂട്ടൽ അത്ര വേഗം ശരിയാകില്ലെന്ന് കൊൽക്കത്ത തെളിയിച്ചു. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം ഉണ്ടായിരുന്നപ്പോഴായിരുന്നു ബാംഗ്ലൂരിന് ഉമേഷ് യാദവിന്റെ വക ആദ്യ പ്രഹരമേറ്റത്. ഓപ്പണറായ അനുജ് റാവത്ത് പുറത്ത്. ടീം സ്‌കോർ 1/1 . 128 ന് പുറത്തായ കൊൽക്കത്തയെ സംബന്ധിച്ച് ബാംഗ്ലൂരിനെ തുടക്കത്തിലേ പ്രതിരോധിക്കാൻ ലഭിച്ച അവസരം അവർ നന്നായി മുതലെടുത്തു.
രണ്ടാം ഓവറിലെ അവസാന പന്തിൽ ബാംഗ്ലൂർ ക്യാപ്റ്റൻ ഡുപ്ലസിയെത്തന്നെ മടക്കി വീണ്ടും കൊൽക്കത്ത തിരിച്ചടിയുടെ വ്യക്തമായ സൂചന നൽകി. റാവത്തിനെ ഉമേഷ് യാദവ് മടക്കിയപ്പോൾ ഡുപ്ലെസിയെ ടിം സൗത്തിയാണ് വീഴ്ത്തിയത്. അതേ സ്‌കോറിൽ തന്നെ കോഹ്‌ലിയും വീണതോടെ ബാംഗ്ലൂർ മൂന്നിന് 17 എന്ന നിലയിലേക്ക് തകർന്നു. പിന്നീടെത്തിയ ഡേവിഡ് വില്ലിയും റുഥർഫോഡും ചേർന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.പക്ഷേ പാർട്ണർഷിപ്പ് 45 റൺസ് ചേർക്കുമ്പോഴേക്കും വീണ്ടും കൊൽക്കത്തയുടെ ആക്രമണം. ഡേവിഡ് വില്ലിയുടെ വിക്കറ്റെടുത്ത് നരൈനാണ് കൊൽക്കത്തക്ക് ബ്രേക് ത്രൂ നൽകിയത്. 18 റൺസെടുത്ത് നിൽക്കുമ്പോഴാണ് വില്ലി വീണത്. പിന്നീട് റുഥർഫോഡും ഷഹബാസ് അഹമ്മദും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇരുവരും ചേർന്ന് 49 റൺസിൻറെ കൂട്ടുകെട്ട് ബാംഗ്ലൂരിനായി പടുത്തുയർത്തി. എന്നാൽ ഷഹബാസ് അഹമ്മദിൻറെ വിക്കറ്റ് വീഴ്ത്തി വരുൺ ചക്രവർത്തി കൊൽക്കത്തയെ പിന്നെയും ചിത്രത്തിലെത്തിച്ചു.
അതോടെ കൊൽക്കത്ത പ്രത്യാക്രമണത്തിന് മൂർച്ച കൂട്ടി. പിന്നീട് തുടരെ രണ്ട് വിക്കറ്റുകൾ. ഓവറിൽ ന് ഏഴെന്ന നിലയിലേക്ക് ബാംഗ്ലൂർ കൂപ്പുകുത്തുന്ന കാഴ്ച. പിന്നീട് ദിനേഷ് കാർത്തിക്കും ഹർഷൽ പട്ടേലും അവസാന ഓവറുകളിൽ നടത്തിയ തിരിച്ചടിയാണ് ബാംഗ്ലൂരിന് വിജയം സമ്മാനിച്ചത്. ഹർഷൽ പട്ടേൽ ആറ് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ ദിനേഷ് കാർത്തിക് ഏഴ് പന്തിൽ 14 റൺസുമായി ബാംഗ്ലൂരിൻറെ വിജയശിൽപിയായി.അതേസമയം ബാറ്റിങിൽ തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു കൊൽക്കത്തക്കിന്ന്. 14 റൺസിന് ആദ്യ വിക്കറ്റ് വീണതുമുതൽ തുടങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻറെ ശനിദശ. അഞ്ച് ഓവർ തികയുന്നതിന് മുമ്പ് തന്നെ രണ്ട് ഓപ്പണർമാരും പവലിയനിലെത്തി.
പത്ത് റൺസെടുത്ത അയ്യരുടേതായിരുന്നു ആദ്യ ഊഴം. ആകാശ് ദീപയുടെ പന്തിൽ റിട്ടേൺ ക്യാച്ചിലൂടെയായിരുന്നു വെങ്കിടേഷ് അയ്യരുടെ പുറത്താകൽ. സഹ ഓപ്പണർ രഹാനെക്കും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. നാലാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് സിറാജിന് വിക്കറ്റ് നൽകുമ്പോൾ ടീം സ്‌കോർ വെറും 32 റൺസ്. പത്ത് പന്തിൽ ഒൻപത് റൺസുമായി ആയിരുന്നു രഹാനെയുടെ മടക്കം.പിന്നെയും തുടരെ വിക്കറ്റുകൾ വീണു. കൊൽക്കത്ത നിലയുറപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം ഹസരങ്കയും ആകാശ് ദീപയും ഹർഷൽ പട്ടേലും ആഞ്ഞടിച്ചു. ഹസരങ്ക നാല് വിക്കറ്റ് വീഴത്തിയപ്പോൾ ആകാശ് ദീപ മൂന്ന് വിക്കറ്റും ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റുകളും വീഴ്ത്തി. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.25 റൺസ് നേടിയ ആന്ദ്രെ റസൽ ആണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. കൊൽക്കത്തൻ നിരയിൽ ബാറ്റർമാർക്കാർക്കും കാര്യമായി ഒന്നും ചെയ്യാനുണ്ടായില്ല. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 13 റൺസെടുത്ത് പുറത്തായപ്പോൾ സാം ബില്ലിങ്‌സ് 14 റൺസോടെ മടങ്ങി. വാലറ്റത്തെ ഉമേഷ് യാദവിൻറെയും വരുൺ ചക്രവർത്തിയുടെയും പ്രകടനമാണ് കൊൽക്കത്തയെ 120 കടത്തിയത്. ഉമേഷ് യാദവ് 14 റൺസെടുത്തപ്പോൾ വരുൺ ചക്രവർത്തി 10 റൺസോടെ പുറത്താകാതെ നിന്നു.
'Cool as Dhoni in last five overs'; Faf du Plessis praises Dinesh Karthik