യുസ്‌വേന്ദ്ര ചഹലിനും കൃഷ്ണപ്പ ഗൗതത്തിനും കോവിഡ്
|ജൂലൈ 27 ന് കോവിഡ് സ്ഥിരീകരിച്ച ക്രുണാല്‍ പാണ്ഡ്യയുടെ സമ്പര്‍ക്കപട്ടികയിലുള്ളവരായിരുന്നു ഇരുവരും
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ സംഘത്തിലുൾപ്പെട്ട താരങ്ങളായ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചഹലിനും മറ്റൊരു താരമായ കൃഷ്ണപ്പ ഗൗതത്തിനും കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 27 ന് ടീമിലെ ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്രുണാലുമായി അടുത്ത സമ്പർക്കം പുലർത്തിയ എട്ട് താരങ്ങൾ ക്വാറന്റൈനിലേക്ക് മാറിയിരുന്നു. അതിൽ ഉൾപ്പെട്ടവരാണ് ഇവർ രണ്ടുപേരും. ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലെ എല്ലാ മത്സരങ്ങളും ഇന്നലെ പൂർത്തിയായിരുന്നു.
ക്രുണാലിനൊപ്പം ചഹലും ഗൗതവും കൊളംബോയിൽ തുടരും. കൂടാതെ പൃഥ്വി ഷായും സൂര്യകുമാർ യാദവും കൂടി കൊളംബോയിൽ തുടരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവർ രണ്ടു പേരും ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ ചേരാൻ പിന്നീട് ഇംഗ്ലണ്ടിലേക്ക് പോകും.
നിരീക്ഷണത്തിലായിരുന്ന മനീഷ് പാണ്ഡെ, ദീപക് ചഹർ, ഇഷൻ കിഷൻ, ഹർദിക്് പാണ്ഡ്യയും ടീമിലെ ബാക്കിയെല്ലാ താരങ്ങളും ഇന്ന് നാട്ടിലേക്ക് മടങ്ങും.
ക്രുണാലിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് എട്ട് താരങ്ങൾ നിരീക്ഷണത്തിൽ പോയതോടെ റിസർവ് താരങ്ങളെ വച്ചാണ് രണ്ടും മൂന്നും ട്വന്റി-20 ഇന്ത്യ കളിച്ചത്.