നേരത്തെ ഒരുങ്ങി ആസ്‌ട്രേലിയ; ഏകദിന ലോകകപ്പിനുള്ള ടീം തയ്യാർ
|പാറ്റ് കമ്മിന്‍സാണ് ടീമിനെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ തുടങ്ങി മുതിര്‍ന്ന താരങ്ങളെല്ലാം ടീമിലുണ്ട്
സിഡ്‌നി: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ആസ്‌ട്രേലിയ. പതിനെട്ട് അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബറിൽ നടക്കുന്ന ഏകദിന ലോകകപ്പിന് ആദ്യമയാണ് ഒരു ടീം ആഗസ്റ്റിൽ തന്നെ പ്രഖ്യാപിക്കുന്നത്.
മീഡിയം ഫാസ്റ്റ്ബൗളർ ആരോൺ ഹാർഡി, സ്പിന്നറും മധ്യനിര ബാറ്ററുമായ തൻവീർ സംഘ, മീഡിയം പേസർ നഥാൻ എല്ലിസ് എന്നിവർ പതിനെട്ട് അംഗ ടീമിൽ ഇടം നേടിയപ്പോൾ ബാറ്റർ മാർനസ് ലബുഷെയിനിന്റെ അസാന്നിധ്യം ശ്രദ്ധേയമായി. പാറ്റ് കമ്മിന്‍സാണ് ടീമിനെ നയിക്കുന്നത്. സ്റ്റീവ് സ്മിത്ത്, ഗ്ലെൻ മാക്‌സ്‌വെൽ, ഡേവിഡ് വാർണർ തുടങ്ങി മുതിര്‍ന്ന താരങ്ങളെല്ലാം ടീമിലുണ്ട്. ഇതെ സംഘം തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ഏകദിനങ്ങളും ഇന്ത്യക്കെതിരെ മൂന്ന് ഏകദിനങ്ങളും കളിക്കും.
ടീം ഇങ്ങനെ: പാറ്റ് കമ്മിൻസ്(നായകൻ), സീൻ ആബട്ട്, ആഷ്ടൺ ആഗർ, അലക്‌സ് കാരി, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ആരോൺ ഹാർഡി, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്‌സ്‌വെൽ, തൻവീൻ സംഘ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കോസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ
അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരക്ക് ഗ്ലെൻ മാക്‌സ്‌വെൽ ഉണ്ടാകില്ല. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് താരത്തിന് അവധി കൊടുത്തത്. ഇന്ത്യൻ പരമ്പര മുതൽ മാക്‌സ്‌വെൽ ടീമിനൊപ്പം ചേരും. അതേസമയം ആഷസിലെ അഞ്ചാം ടെസ്റ്റിനിടെ കണങ്കൈക്ക് പരിക്കേറ്റ മിച്ചൽ മാർഷ് ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ടീമിനൊപ്പം ഉണ്ടാകും. ഏദിന പരമ്പരക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 പരമ്പരയും കംഗാരുപ്പടക്ക കളിക്കാനുണ്ട്. മിച്ചൽ മാർഷ് നയിക്കുന്ന ടീമിൽ പ്രമുഖ താരങ്ങൾക്കൊക്കെ വിശ്രമം അനുവദിച്ചിട്ടുണ്ട്.